12 December Thursday

പ്രിയങ്കയുടെ പത്രിക; വധ്രയുടെ ആസ്തി വിവരത്തിൽ പൊരുത്തക്കേട്‌

സ്വന്തം ലേഖകൻUpdated: Sunday Oct 27, 2024

ന്യൂഡൽഹി > വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശപത്രികയിൽ ഭർത്താവ്‌ റോബർട്ട്‌ വധ്രയുടെ ആസ്തി വിവരങ്ങളിൽ ഗുരുതര വൈരുധ്യമെന്ന്‌ ആരോപണം. വധ്രയുടെ മൊത്തം ആസ്തി പത്രികയിൽ വെളിപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവർഷങ്ങളിൽ ആദായനികുതി വകുപ്പ്‌ കണ്ടെത്തിയതും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നാണ്‌ ആക്ഷേപം.

65.55 കോടി രൂപയാണ്‌ വധ്രയുടെ ആസ്തിയായി പ്രിയങ്കയുടെ നാമനിർദേശ പത്രികയിലുള്ളത്. എന്നാൽ 2010 –-21 കാലയളവിൽ ആദായനികുതി വകുപ്പ്‌ വാധ്രയ്‌ക്ക്‌ 80 കോടി രൂപയോളം നികുതിചുമത്തിയിട്ടുണ്ട്‌. അതിൽ 2019–-20ൽമാത്രം 24.16 കോടിയാണ്‌ നികുതി ചുമത്തിയത്‌. ആദായ നികുതിവകുപ്പ്‌ ചുമത്തിയ നികുതിക്ക്‌ ആനുപാതികമായ ആസ്തി വധ്രയ്‌ക്കുണ്ടെന്നും അത്‌ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ ബിജെപി രംഗത്തെത്തി. ദുരൂഹമാർഗങ്ങളിലൂടെ പണമുണ്ടാക്കുന്ന വധ്ര വൻതോതിൽ നികുതി വെട്ടിക്കുകയാണെന്നും ബിജെപി വക്താവ്‌ ഗൗരവ്‌ ഭാട്ടിയ ആരോപിച്ചു.

വർഷങ്ങളായി വധ്ര യഥാർഥ ആസ്‌തി മറച്ചുവെക്കുകയാണെന്നും ആക്ഷേപമുണ്ട്‌. 2021–22ൽ 9.03 ലക്ഷം രൂപ, 2022–23ൽ 9.35 ലക്ഷം, 2023–-24ൽ 15.09 ലക്ഷം എന്നിങ്ങനെയാണ്‌ വാധ്ര വാർഷികവരുമാനം വെളിപ്പെടുത്തിയത്‌. റിയൽഎസ്‌റ്റേറ്റ്‌, ഹോസ്‌പിറ്റാലിറ്റി മേഖലകളിൽ വൻ ഇടപാടുകളുള്ള വധ്രയുടെ വാർഷികവരുമാനം ഇത്രയും കുറവാണെന്നത്‌ അവിശ്വസനീയമാണ്‌. ഈ വർഷങ്ങളിലെല്ലാം വധ്രയേക്കാൾ കൂടുതലാണ്‌ പ്രിയങ്ക വെളിപ്പെടുത്തിയ വാർഷികവരുമാനം. 2021–-22ൽ 45.56 ലക്ഷം രൂപ, 2022–23ൽ 47.21 ലക്ഷം, 2023–-24ൽ 46.39 ലക്ഷം എന്നിങ്ങനെയാണത്‌.

ഒരു പതിറ്റാണ്ട്‌ വധ്ര യഥാർഥ വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന കണ്ടെത്തലിലാണ്‌ കഴിഞ്ഞ മാർച്ചിൽ ആദായനികുതി വകുപ്പ്‌ 80 കോടി രൂപ കെട്ടിവയ്‌ക്കാൻ നിർദേശിച്ചത്‌. ഇതിനെതിരെ അപ്പീൽ നൽകിയിട്ടുണ്ടെന്നാണ്‌ വാധ്രയുടെ വിശദീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top