Deshabhimani

നമ്മുടെ അരുവിക്കുഴി അവരുടെ സുരങ്കനാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 10:55 AM | 0 min read

കുമളി > ദൂരത്തുകണ്ടാൽ മലയുടെ നെറുകയിൽനിന്ന് തൂവെള്ള നൂൽ താഴേക്കിട്ടപോലെ... മഴയിൽ നീരൊഴുക്ക് കൂടിയാൽ കണ്ണെടുക്കാനാവാത്ത വശ്യതയും. ഇടുക്കി ചക്കുപള്ളം ചെല്ലാർകോവിലിലെ അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത വാക്കുകൾക്കതീതമാണ്.

ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. ഡിടിപിസിയുടെ കീഴിൽ സംസ്ഥാന സർക്കാർ വികസിപ്പിച്ചതാണ് ഈ വിനോദസഞ്ചാര കേന്ദ്രം. ഇവിടെനിന്ന് താഴേയ്‌ക്ക് നോക്കിയാൽ തമിഴ്‌നാട്ടിലെ കമ്പം, ഗൂഡല്ലൂർ, ലോവർ ക്യാമ്പ് തുടങ്ങി തേനി ജില്ലയിലെ കണ്ണെത്താദൂരത്ത് വ്യാപിച്ചുകിടക്കുന്ന സമതല പ്രദേശങ്ങളുടെ ദൃശ്യം. പച്ചയും തവിട്ടും കറുപ്പും കലർന്ന നിറങ്ങളിൽ ചതുരാകൃതിയിൽ ക്യാൻവാസ് പോലെ മനോഹരം.

ചക്കുപള്ളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ചെറുഅരുവികൾ ഒഴുകിയെത്തുന്നത് അരുവിക്കുഴിയിലാണ്. വെള്ളം നമ്മുടേതാണെങ്കിലും വെള്ളച്ചാട്ടമായി പതിക്കുന്നത് തമിഴ്‍നാട്ടിലെ വനമേഖലകളിലേക്ക്‌. ജില്ലയിൽ അരുവിക്കുഴി വെള്ളച്ചാട്ടം എന്നറിയപ്പെടുമ്പോൾ തമിഴ്നാട്ടിൽ സുരങ്കനാർ വെള്ളച്ചാട്ടമെന്നാണ് പേര്. കൊട്ടാരക്കര–ദിണ്ടിഗൽ ദേശീയപാതയിൽ ലോവർക്യാമ്പിനും കമ്പത്തിനുമിടയിലെ പ്രത്യേക ആകർഷണമാണ് സുരങ്കനാർ വെള്ളച്ചാട്ടം. 500അടിയിലേറെ താഴ്‍ചയിലേക്കാണിത്‌ പതിക്കുന്നത്.

അരുവിക്കുഴിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം തമിഴ്‍നാടിന് അനു​ഗ്രഹവുമാണ്. കൃഷിക്കും കുടിവെള്ളമായും അവരിത് ഉപയോ​ഗിക്കുന്നു. സുരങ്കനാർ വെള്ളച്ചാട്ടത്തിന് താഴെ എത്തണമെങ്കിൽ തമിഴ്നാട് വനമേഖലയിലൂടെ കിലോമീറ്റർ സഞ്ചരിക്കണം.
കേരള–തമിഴ്‌നാട് അതിർത്തി പ്രദേശമെന്ന പ്രത്യേകതയുമുള്ള അരുവിക്കുഴി നിരവധി മലയാളം, തമിഴ് സിനിമകളുടെ പശ്ചാത്തലവുമായി. അരുവിക്കുഴിയിൽനിന്ന് കുത്തനെ കൊക്കയായതിനാൽ ഇവിടെയിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.

വശ്യമായൊഴുകി വന്യമായ്‌ പതിക്കുന്ന 
പുന്നയാർകുത്ത്‌



കാലവർഷം കനത്തതോടെ ജലസമൃദ്ധമായി സഞ്ചാരികളെ മോഹിപ്പിക്കുകയാണ്  പുന്നയാർകുത്ത്‌ വെള്ളച്ചാട്ടം. കഞ്ഞിക്കുഴി പഞ്ചായത്തിലെ മൈലപ്പുഴയിൽനിന്ന്‌ പഴയരിക്കണ്ടം പുഴ നാലുകിലോമീറ്ററോളം വശ്യമായൊഴുകി പുന്നയാറിലെത്തുമ്പോൾ വന്യമായ വെള്ളച്ചാട്ടമായിത്തീരുന്നു. നൂറടിയിലധികം ഉയരത്തിൽനിന്ന്‌ താഴേയ്‌ക്ക് പതിക്കുന്ന വെള്ളം, പാറകളിൽ തട്ടി പതഞ്ഞൊഴുകുന്നത്‌ കാണേണ്ട കാഴ്ചതന്നെ. നിരവധി ആളുകളാണ് അവധി ദിവസങ്ങളിൽ ഇവിടേക്കെത്തുന്നത്. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ തയാറായാൽ ഇടുക്കി ജില്ലയിലെതന്നെ മികച്ച ടൂറിസം കേന്ദ്രമാക്കി പുന്നയാർകുത്തിനെ മാറ്റാൻ കഴിയും.



 



deshabhimani section

Related News

View More
0 comments
Sort by

Home