29 January Saturday

കൊച്ചിയിൽ 2050 വരെ കുടിവെള്ളക്ഷാമം ഉണ്ടാകില്ല ; പോരായ്മ തീർത്ത്‌ ജല അതോറിറ്റി

അമൽ ഷൈജുUpdated: Friday Jan 14, 2022

പെെപ്പുലെെനിലെ തകരാറ് കണ്ടുപിടിക്കുന്നതിനുള്ള സ്റ്റെതസ്കോപ്പ്

കൊച്ചി > കൊച്ചിയുടെ കുടിവെള്ളക്ഷാമം 2050 വരെ പരിഹരിക്കാൻ ലക്ഷ്യമിട്ട്‌ ആലുവയിൽ പുതിയ സംസ്കരണ പ്ലാന്റ്‌ വരുന്നു. ദിവസേന 143 ദശലക്ഷം ലിറ്റർ വെള്ളം സംസ്കരിക്കാവുന്ന പ്ലാന്റ്‌ 130 കോടി രൂപ ചെലവഴിച്ചാണ്‌ നിർമിക്കുക. കൊച്ചി കോർപറേഷനിലും നാല്‌ മുനിസിപ്പാലിറ്റികളിലും 13 പഞ്ചായത്തുകളിലും പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന്‌ ജല അതോറിറ്റി കൊച്ചി സർക്കിൾ സൂപ്രണ്ടിങ്‌ എൻജിനിയർ ജോച്ചൻ ജോസഫ്‌ പറഞ്ഞു.

മൂന്നു മാസത്തിനുള്ളിൽ ടെൻഡർ, കരാർ നടപടികൾ പൂർത്തിയാക്കി രണ്ട്‌ വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ്‌ ജല അതോറിറ്റി ലക്ഷ്യമിടുന്നത്‌. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കായി 50 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള നിർമാണപ്രവർത്തനങ്ങൾ ആലുവയിൽ പുരോഗമിക്കുകയാണ്‌.

ആലുവ, കളമശേരി, തൃക്കാക്കര, ഏലൂർ മുനിസിപ്പാലിറ്റികളിലും എടത്തല, കീഴ്‌മാട്‌, ചൂർണിക്കര, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട്‌, കടമക്കുടി, എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലുമാണ്‌ തടസ്സമില്ലാതെ വെള്ളമെത്തുക.

പോരായ്‌മ തീർത്ത്‌ ജല അതോറിറ്റി

കുടിവെള്ളവിതരണം മുടങ്ങുന്നതടക്കമുള്ള പോരായ്മകൾ പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ജല അതോറിറ്റി. പൈപ്പുലൈനിലെ തകരാറ്, കുടിവെള്ളവിതരണ തടസ്സങ്ങൾ, കുടിവെള്ളമോഷണം തടയൽ, സാങ്കേതിക സംവിധാനങ്ങളൊരുക്കൽ എന്നിവയിൽ സമഗ്ര മാറ്റമാണ്‌ ലക്ഷ്യം. ഇതിനായി ശിൽപ്പശാലയടക്കം സംഘടിപ്പിക്കും.

പൈപ്പുലൈനിലെ തകരാറ് റോഡ്‌ കുഴിച്ച്‌ കണ്ടുപിടിക്കുന്നതിനുപകരം വാട്ടർ സപ്ലൈ സ്റ്റെതസ്കോപ് സംവിധാനം ഏർപ്പെടുത്തും. കൃത്യമായ ഇടവേളകളിൽ കുടിവെള്ളവിതരണ ശൃംഖലയിലെ മർദം അളന്ന്‌ രേഖപ്പെടുത്തി സൂക്ഷിക്കും. വെള്ളത്തിന്റെ ഒഴുക്ക്‌ തടസ്സപ്പെടുന്നതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കും. ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്നവരെ കണ്ടുപിടിക്കും. ഇവർക്കെതിരെ നടപടിയുണ്ടാകും. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടയിൽ ജല അതോറിറ്റിക്ക്‌ അവമതിപ്പുണ്ടെങ്കിൽ അത്‌ മാറ്റിയെടുക്കാൻ ഇടപെടുമെന്ന്‌ സൂപ്രണ്ടിങ്‌ എൻജിനിയർ ജോച്ചൻ ജോസഫ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top