03 December Tuesday

ഇതാ മറ്റൊരു കേരള മോഡൽ:പ്ലാസ്‌റ്റിക്‌ ഇവിടെ പൊടിക്കും

ബിജോ ടോമിUpdated: Monday Jul 15, 2024

തിരുവനന്തപുരം> മാലിന്യസംസ്കരണത്തിൽ മറ്റൊരു കേരള മാതൃകകൂടി പ്രവർത്തനസജ്ജമാകുന്നു. സർക്കാർ മേഖലയിൽ രാജ്യത്തെ ആദ്യ പ്ലാസ്റ്റിക്‌ മാലിന്യ സംസ്കരണ പ്ലാന്റ്‌ രണ്ടാഴ്ചയ്‌ക്കകം ട്രയൽ റൺ ആരംഭിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും സംയുക്തമായി കുന്നന്താനം കിൻഫ്ര പാർക്കിലാണ്‌ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംയോജിത പ്ലാസ്റ്റിക്ക് പാഴ്‌വസ്തു സംസ്കരണ കേന്ദ്രം തുടങ്ങുന്നത്‌. 

കുന്നന്താനത്ത്‌ ഒരേക്കർ സ്ഥലത്ത്‌ 10,000 ചതുരശ്രയടി വിസ്‌തൃതിയിൽ നിർമിച്ച കെട്ടിടത്തിൽ യന്ത്രോപകരണങ്ങൾ സ്ഥാപിച്ചുതുടങ്ങി. വാഷ് ലൈൻ, ഷ്രെഡിങ് മെഷീൻ, അഗ്ലോമറേറ്റർ മെഷീൻ, എക്‌സ്‌ട്രൂഡർ മെഷീൻ, ബെയിലിങ്‌ മെഷീൻ, വെയിങ്‌ മെഷീൻ തുടങ്ങിയവ സ്ഥാപിക്കുന്നത്‌ അവസാനഘട്ടത്തിലെത്തി.   എൽഡിഎഫ്‌ സർക്കാരിന്റെ നൂറുദിന പരിപാടിയിൽപെടുത്തി സംസ്കരണകേന്ദ്രം ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ക്ലീൻ കേരള കമ്പനി എംഡി ജി കെ സുരേഷ്‌കുമാർ പറഞ്ഞു. ഗ്രീൻ പാർക്ക് എന്ന ആശയത്തിലൂന്നിയാണ്‌ പദ്ധതി വിഭാവനംചെയ്തിട്ടുള്ളത്‌. 

ആദ്യഘട്ടം പത്തനംതിട്ടയിൽനിന്ന്‌ ഹരിത കർമസേന ശേഖരിക്കുന്ന പുനരുപയോഗ പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി യന്ത്രസഹായത്തോടെ പെല്ലറ്റ്‌(ചെറുതരികൾ) ആക്കിമാറ്റും. ഇത്‌ സ്വകാര്യ കമ്പനികൾക്ക്‌ വിൽക്കും. 

ഏഴുകോടിരൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ്‌  നടത്തിയിട്ടുള്ളത്‌. തുടക്കത്തിൽ 20 പേർക്ക്‌ തൊഴിൽ ലഭിക്കും. ദിവസം രണ്ട്‌ ടൺ മാലിന്യം സംസ്കരിക്കും. പിന്നീട്‌ അഞ്ച്‌ ടണ്ണായി ഉയർത്തും. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്‌ സംസ്ഥാനത്തിനുപുറത്തുള്ള സിമന്റ്‌ ഫാക്ടറികൾക്ക്‌ കൈമാറും. 

എല്ലാ ജില്ലയിലും ഗ്രീൻ പാർക്ക്‌

റീബിൽഡ്‌ പദ്ധതിയിൽ എല്ലാ ജില്ലകളിലും പ്ലാസ്റ്റിക്‌ സംസ്കരണ ഗ്രീൻ പാർക്കുകൾ ഉയരും. മലപ്പുറം കുറ്റിപ്പുറത്ത്‌ സംസ്കരണകേന്ദ്രത്തിന്റെ കെട്ടിടനിർമാണം പുരോഗമിക്കുന്നു. ഈ വർഷം പ്രവർത്തനം ആരംഭിക്കും. കാസർകോട്‌ കെട്ടിടനിർമാണം പകുതിയായി. ഏഴു ജില്ലകളിൽ ഭൂമി ലഭിച്ചു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top