14 August Friday

കടലിനക്കരെ വേണം, കേരളത്തിലെ ‘മാലാഖമാർ’ ; മലയാളി നേഴ്‌സുമാരെ തേടി ഗൾഫ്‌ രാജ്യങ്ങൾ

സി പ്രജോഷ്‌ കുമാർUpdated: Thursday Jun 25, 2020

മലപ്പുറം
കോവിഡ്‌ 19 ഭീഷണി മറികടക്കാൻ കൂടുതൽ മലയാളി നേഴ്‌സുമാരെ തേടി ഗൾഫ്‌ രാജ്യങ്ങൾ. നിലവിലുള്ളതിനേക്കാൾ വൻതുക ശമ്പളം വാ​ഗ്ദാനംചെയ്ത് പ്രത്യേക പാക്കേജിലൂടെയാണിത്‌. നിയമനരീതിയിൽ ഇളവേർപ്പെടുത്തി ചാർട്ടേഡ്‌ വിമാനങ്ങൾ ഒരുക്കിയാണ്‌ ക്ഷണം‌‌. 

യുഎഇയും ഒമാനും‌ നേഴ്‌സുമാർക്ക്‌ പ്രത്യേക വിമാനം ചാർട്ട്‌ ചെയ്‌തു‌. യുഎഇയിലേക്ക്‌ 8000 ദിർഹ (1,60,000 രൂപ)മാണ്‌ ഉയർന്ന ശമ്പളം‌. നേഴ്‌സിങ് നിയമനത്തിനുള്ള പ്രത്യേക മെഡിക്കൽ പരീക്ഷ പാസാകണമെന്ന നിബന്ധന ഇരു രാജ്യങ്ങളും ഒഴിവാക്കി‌. ആറുമാസത്തേക്കാണ്‌ പാക്കേജ്‌. 34,570 രൂപയാണ്‌ പ്രൊസസിങ് ചാർജ്‌. സ്വകാര്യ റിക്രൂട്ടിങ്‌ ഏജൻസികൾ ഒരുലക്ഷം രൂപവരെ ഈടാക്കാറുണ്ട്‌. ഇത്‌ സൗജന്യമാണ്‌.

യൂറോപ്യൻ രാജ്യങ്ങളിലും ഒഴിവേറെ‌. ബ്രിട്ടണിൽമാത്രം 300 ഒഴിവുണ്ട്‌‌. വർഷം 24 ലക്ഷം രൂപയാണ്‌ ശമ്പളം. നിയമന രീതിയിൽ ഇളവ്‌ നൽകാൻ യൂറോപ്യൻ രാജ്യങ്ങൾ തയ്യാറായിട്ടില്ല. പ്രത്യേക വിമാനങ്ങളും ചാർട്ട്‌ ചെയ്‌തിട്ടില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളും മലയാളി നേഴ്‌സുമാരെ തേടുന്നു‌‌. കേരളത്തിൽ ലഭിക്കുന്ന ശമ്പളത്തിന്റെ മൂന്നിരട്ടിയാണ്‌  മഹാരാഷ്‌ട്രയിലെ ആശുപത്രികളുടെ‌ വാഗ്‌ദാനം. ഡൽഹിയിലെ വൻകിട ആശുപത്രികളിലും ഒഴിവുണ്ട്‌‌.

മലയാളി നേഴ്‌സുമാർക്ക്‌ വിദേശ രാജ്യങ്ങളിൽ സ്വീകാര്യത കൂടുതലാണ്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേഴ്‌സുമാരെ വിദേശത്തേക്ക്‌ അയക്കുന്നത്‌ കേരളമാണ്‌. കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ പലരും ജോലി ഉപേക്ഷിച്ച്‌ നാട്ടിലേക്ക് ‌മടങ്ങി. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചത്‌ ആശുപത്രി പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു‌. ഇത്‌ മറികടക്കാൻ ലക്ഷ്യമിട്ടാണ്‌ നേഴ്‌സുമാരെ കൂടുതലായി റിക്രൂട്ട്‌ ചെയ്യുന്നത്‌‌. പത്ത്‌ ദിവസത്തിനകം ഗൾഫിലേക്കുള്ള ചാർട്ടേഡ്‌ വിമാനങ്ങളെത്തുമെന്ന്‌ ഒഡേപെക്‌ എംഡി കെ എ അനൂപ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

ജോലിക്കായി സർക്കാർ സ്ഥാപനമായ ഒഡേപെക്ക്‌ (www.odepc.kerala.gov.in) മുഖേന അപേക്ഷിക്കാം. ബയോഡാറ്റ  recruit@odepc എന്ന വിലാസത്തിൽ ജൂലൈ മൂന്നിനകം അയക്കണം.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top