25 February Thursday

വാളയാർ കേസിൽ പുനർവിചാരണ നടപടികൾ ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021


പാലക്കാട്‌> വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ പീഡനത്തിനിരയായി ദൂരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പുനര്‍വിചാരണ നടപടിക്രമങ്ങള്‍ക്ക് പാലക്കാട് പോക്സോ കോടതിയില്‍ ഇന്ന് തുടക്കമാവും.

സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.  പ്രതികളോട് ജനുവരി 20ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘത്തിലുള്‍പ്പെട്ട ക്രൈം ബ്രാഞ്ച് എസ്പി എഎസ് രാജു തുടരന്വേഷണത്തിനായി ഇന്ന് ഹര്‍ജി നല്‍കും.

സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും പ്രതികളെ വിചാരണ കോടതി വെറുതെ വിട്ട വിധിക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജനുവരി 6ന് ഹൈക്കോടതി വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടത്.പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരാണ് ഇന്ന് കോടതിയില്‍ ഹാജരാകേണ്ടത്.കേസില്‍ പ്രതിയായിരുന്ന മൂന്നാം പ്രതി പ്രദീപ്കുമാര്‍ ഹൈക്കോടതിയിലെ വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു.

പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യ പ്രകാരം കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

2017 ജനുവരി മൂന്നിന് 13 വയസ്സുള്ള പെണ്‍കുട്ടിയെയും 54 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് നാലിന് 9 വയസ്സുകാരിയായ സഹോദരിയെയും തൂങ്ങി മരിച്ച നിലയില്‍ വാളയാറിലെ ഒറ്റമുറി വീട്ടില്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടികള്‍ പീഢനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും പ്രതികളെ മതിയായ തെളിവില്ലെന്ന കാരണത്താല്‍ പാലക്കാട് പോക്സോ കോടതി 2019 ഒക്ടോബര്‍ 25ന് വെറുതെ വിടുകയായിരുന്നു.


2 പ്രതികൾ റിമാൻഡിൽ
വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട്‌ പെൺകുട്ടികൾ ദുരൂഹമായി മരിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട്‌ പ്രത്യേക അന്വേഷകസംഘം വിചാരണക്കോടതിയിൽ അപേക്ഷ നൽകി. കേസിൽ നേരത്തേ കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേർ ഹൈക്കോടതി നിർദേശപ്രകാരം വിചാരണക്കോടതിയായ പാലക്കാട്‌ പോക്‌സോ കോടതിയിൽ ഹാജരായി. രണ്ടുപേരെ ജഡ്‌ജി എസ്‌ മുരളീകൃഷ്ണ റിമാൻഡ്‌ ചെയ്‌തു. 

വാളയാർ പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി വി മധു (30), ഇടുക്കി രാജാക്കാട്‌ സ്വദേശി ഷിബു (46) എന്നിവരെയാണ്‌ റിമാൻഡ്‌ ചെയ്‌തത്‌. ഇരുവരെയും ആലത്തൂർ സബ്‌ജയിലിലേക്കു മാറ്റി.  ഹൈക്കോടതി ജാമ്യമുള്ളതിനാൽ പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി എം മധുവിനെ (കുട്ടിമധു–27) റിമാൻഡ്‌ ചെയ്‌തില്ല. കേസിൽ പ്രതിചേർക്കപ്പെട്ട ചേർത്തല സ്വദേശി പ്രദീപ്‌കുമാർ ആത്മഹത്യ ചെയ്‌തു.

തുടരന്വേഷണം സംബന്ധിച്ച അപേക്ഷ കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ എസ്‌പി എ എസ്‌ രാജുവാണ്‌ അപേക്ഷ നല്‍കിയത്‌. റിമാൻഡിലായവരുടെ ജാമ്യാപേക്ഷയും കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. എം മധുവിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ അന്വേഷകസംഘം അറിയിച്ചു. കേസിൽ പുനർവിചാരണ നടത്താനുള്ള ഹൈക്കോടതി ഉത്തരവുപ്രകാരമാണ്‌ നേരത്തേ കുറ്റവിമുക്തരായ മൂന്നുപേരും ബുധനാഴ്‌ച കോടതിയിൽ ഹാജരായത്‌.

കേസിൽ സിബിഐ അന്വേഷണത്തിന്‌ സംസ്ഥാനസർക്കാർ നടപടി സ്വീകരിച്ചുവരികയാണ്‌. തുടരന്വേഷണത്തിനായി റെയിൽവേ എസ്‌പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്‌ രൂപം നൽകി. പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ എസ്‌പി എ എസ്‌ രാജു, കോഴിക്കോട്‌ ഡെപ്യൂട്ടി കമീഷണർ എം ഹേമലത എന്നിവർ അംഗങ്ങളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top