ബാലലൈംഗികപീഡനത്തെ ന്യായീകരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിന് പിന്തുണയുമായി വി ടി ബൽറാം

കൊച്ചി > ബാലലൈംഗികപീഡനത്തെ ന്യായീകരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിനെ പിന്തുണച്ച് തൃത്താലയിലെ കോൺഗ്രസ് എംഎൽഎ വി ടി ബൽറാം. പി ടി ജാഫർ എന്നയാളിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനാണ് വി ടി ബൽറാം ലൈക്ക് ചെയ്‌ത് പിന്തുണ അറിയിച്ചിരിക്കുന്നത്.
ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൗമാര പ്രായത്തിലെ കുട്ടികൾക്ക് ഉണ്ടാവുന്ന സ്വാഭാവികമായ ജിജ്ഞാസയുടെ പേരിൽ ബാലലൈംഗികപീഡനത്തെ ന്യായീകരിക്കാനാണ് പി ടി ജാഫർ ശ്രമിക്കുന്നത്. മുൻകാലങ്ങളിലും ഇയാൾ സമാനമായ തരത്തിൽ ഫേസ്‌ബുക്കിൽ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കുട്ടികളോട് ലൈംഗിക ആകർഷണം തോന്നുന്ന പീഡോഫീലിയ എന്ന മാനസിക വൈകല്യത്തെ സ്വവർഗലൈംഗികത പോലുള്ള വ്യത്യസ്തമായ ലൈംഗിക അഭിരുചികളിൽ ഒന്നായി അംഗീകരിക്കണമെന്ന വിചിത്രമായ വാദവും ഇയാൾ ഉന്നയിക്കുന്നു.
അവന്തിക എന്ന ട്രാൻസ്‌ജെൻഡർ തനിക്ക് ട്രെയിനിൽ നേരിടേണ്ടി വന്ന മോശം അനുഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്നതിനെയും ഇയാൾ തന്റെ പോസ്റ്റിൽ വിമർശിക്കുന്നുണ്ട്. സ്വൈര്യമായി യാത്ര ചെയ്യാനുള്ള ട്രാൻസ്‌ജെൻഡറുകളുടെ അവകാശത്തെയും ഇയാൾ ഇതിലൂടെ അപഹസിക്കുന്നു. ഈ പോസ്റ്റാണ് ഫേസ്‌ബുക്കിൽ സ്വയം പുരോഗനവാദി ചമയാറുള്ള വി ടി ബൽറാം ലൈക്ക് ചെയ്‌തിരിക്കുന്നത്.
വി ടി ബൽറാമിന്റെ ഫേസ്‌ബുക്കിലെ അനുയായികളിൽ പ്രധാനിയാണ് പി ടി ജാഫർ. ഇയാൾ പോളണ്ടിലാണ് ജോലി ചെയ്യുന്നത്. ബൽറാം എകെജിയെ അവഹേളിച്ച വിഷയത്തിൽ ബൽറാമിനെ അനുകൂലിച്ച് ചാനൽ ചർച്ചകളിലടക്കം പ്രത്യക്ഷപ്പെട്ട അനൂപ് വി ആർ എന്ന കോൺഗ്രസ് നേതാവും മുൻപ് പീഡോഫീലിയയെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. ബാലികക്ക് മഞ്ചുനൽകി കാമം അനുഭവിക്കാറുള്ളതായി ഫർഹാദ് എന്ന വ്യക്തി നടത്തിയ വെളിപ്പെടുത്തലിനെ അനൂപ് വി ആർ പിന്തുണച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത ഇടതുപക്ഷ അനുഭാവികൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ അനൂപ് വി ആർ എകെജിയുടെ ആത്മകഥയിലെ ഉദ്ധരണി എന്ന പേരിൽ കള്ളക്കഥ കെട്ടിച്ചമച്ച് പ്രചരിപ്പിച്ചു. ഇതാണ് പിന്നീട് വി ടി ബൽറാം എകെജിയെ അവഹേളിക്കാൻ എടുത്തുപയോഗിച്ചത്. ബൽറാം ഉന്നയിച്ച വാദങ്ങളെല്ലാം കളവാണെന്ന് തെളിഞ്ഞിട്ടും മാപ്പുപറയാൻ ബൽറാം തയ്യാറായിരുന്നില്ല.
പീഡോഫീലിയയെ പലവിധത്തിൽ ന്യായീകരിക്കുന്ന പ്രചരണങ്ങളിൽ ബൽറാം അനുകൂലികളുടെ സജീവ പങ്കാളിത്തം യാദൃശ്‌ചികമല്ലെന്ന വിമർശനം സാമൂഹ്യമാധ്യമങ്ങളിൽ കുറച്ചുകാലമായി ഉയരുന്നുണ്ട്. ഇതിനു പുറമേയാണ് ബൽറാം തന്നെ ഇത്തരമൊരു പോസ്റ്റിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ബൽറാം ഏറ്റെടുത്ത എകെജിയെ അവഹേളിക്കുന്ന വ്യാജപ്രചരണം പോലും പീഡോഫീലിയയെ ന്യായീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്.
0 comments