03 April Friday

ശിവകുമാറും കുടുങ്ങി

സ്വന്തം ലേഖകൻUpdated: Sunday Feb 16, 2020

തിരുവനന്തപുരം
അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ മുൻ ആരോഗ്യമന്ത്രി വി എസ്‌ ശിവകുമാറിനെതിരെ കേസെടുത്ത്‌ അന്വേഷിക്കാൻ വിജിലൻസിന്‌ സർക്കാർ അനുമതി. 
ഗവർണർ അംഗീകരിച്ചതോടെയാണ്‌ അനുമതി. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവ്‌ ലഭിച്ചു. ഇതേ തുടർന്നാണ്‌ കേസെടുത്ത്‌  വിശദമായ അന്വേഷണത്തിന്‌  വിജിലൻസ്‌ സർക്കാരിന്റെ അനുമതി തേടിയത്‌.
അഴിമതി നിരോധന നിയമം 17 എ വകുപ്പ്‌ പ്രകാരമാണ്‌  കേസെടുത്ത്‌ അന്വേഷിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. വിശ്വാസ്‌ മേത്ത ഉത്തരവിട്ടത്‌.  തിങ്കളാഴ്‌ച കേസ്‌ രജിസ്‌റ്റർ ചെയ്‌ത്‌ കോടതിയിൽ സമർപ്പിച്ചേക്കും.

അന്വേഷണത്തിന്‌ സ്‌പെഷ്യൽ സെൽ എസ്‌പിയെ ചുമതലപ്പെടുത്തും. ശിവകുമാറിനെ കൂടാതെ അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്‌റ്റാഫിലെ ഒരു പ്രമുഖനും അടുത്ത ബന്ധുവും ഉൾപ്പെടെ മൂന്നുപേരും കേസിൽ പ്രതികളാകും.

എല്ലാം ബിനാമി ഇടപാട്‌

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2016ൽ വിജിലൻസ്‌ രഹസ്യാന്വേഷണവിഭാഗത്തിനാണ്‌ ശിവകുമാറിന്റെ അനധികൃതസ്വത്ത്‌ സംബന്ധിച്ച വിവരം ലഭിച്ചത്‌. അക്കാലത്ത്‌ മന്ത്രിക്കും അദ്ദേഹത്തിന്റെ സ്‌റ്റാഫിൽ ചിലർക്കുമെതിരെ നിരവധി പരാതി ഉയർന്നു. സ്‌റ്റാഫിൽ പലരും മന്ത്രിയുടെ ബിനാമിയായി വൻ സ്വത്ത്‌ സമ്പാദിച്ചുവെന്നായിരുന്നു പരാതി.  തുടർന്നാണ്‌ വിജിലൻസ്‌ രഹസ്യാന്വേഷണം നടത്തിയത്‌. ശിവകുമാറും പേഴ്‌സണൽ സ്‌റ്റാഫിലുള്ളവരും ബന്ധുവും ഒരു സഹകരണ ബാങ്ക്‌ പ്രസിഡന്റും ഉൾപ്പെടെ ഏഴുപേർക്കെതിരെ പ്രാഥമിക അന്വേഷണത്തിന്‌ സ്‌പെഷ്യൽ ഇൻവസ്‌റ്റിഗേഷൻ യൂണിറ്റ്‌ ഒന്നിനെ ചുമതലപ്പെടുത്തി. അതിനിടെ വഴുതക്കാട്‌ സ്വദേശിയും ശിവകുമാറിനെതിരെ പരാതി നൽകി. ഈ പരാതിയും അന്വേഷണസംഘത്തിന്‌ കൈമാറി. 105 രേഖകൾ അന്വേഷണത്തിന്റെ ഭാഗമായി  പരിശോധിച്ചു.

സംസ്ഥാനത്തും തമിഴ്‌നാട്ടിലുമായി ആയിരത്തോളം പേരുടെ മൊഴിയുമെടുത്തു. പരാതികളിൽ പറഞ്ഞ ഏഴുപേരുടെ സ്വത്ത്  വിജിലൻസ് പരിശോധിച്ചു. ഇതിൽ  ശിവകുമാർ ഉൾപ്പെടെ നാലുപേരുടെ സ്വത്തിൽ ഇരട്ടി വർധന ഉണ്ടായെന്ന്‌ കണ്ടെത്തി. സ്വകാര്യ ആശുപത്രിയുടെ വിൽപ്പനയും ചില വിദേശയാത്രകളും അന്വേഷിക്കേണ്ടതുണ്ടെന്നും  വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തനിക്കെതിരായി കേസെടുക്കാൻ അനുമതി നൽകിയത്‌ രാഷ്ട്രീയ പ്രേരിതമാണെന്ന് വി എസ് ശിവകുമാർ എംഎൽഎ പ്രതികരിച്ചു. ഇതേ പരാതിയിന്മേൽ അന്വേഷണം നടത്തി നടപടി അവസാനിപ്പിച്ചിരുന്നതാണ്. അതേ ആരോപണങ്ങൾ ഉൾക്കൊള്ളുന്ന അജ്ഞാത പരാതിയിന്മേലാണ് സർക്കാർ ഇപ്പോൾ വീണ്ടും അന്വേഷണാനുമതി നൽകിയിരിക്കുന്നതെന്നും മാധ്യമങ്ങളോട്‌ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top