21 September Monday

ബിപിസിഎൽ വിൽപ്പന വേഗത്തിലാക്കാൻ നിർബന്ധിത വിആർഎസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


കൊച്ചി
ബിപിസിഎൽ വിൽപ്പനയ്‌ക്ക്‌ മുന്നോടിയായി ജീവനക്കാരെ  നിർബന്ധപൂർവം സർവീസിൽനിന്ന്‌ ഒഴിവാക്കാൻ മാനേജ്‌മെന്റ്‌ ശ്രമം.  കമ്പനി സ്വകാര്യ മാനേജ്‌മെന്റ്‌  ഏറ്റെടുത്താൽ യാതൊരു ആനുകൂല്യവും നൽകാതെ പിരിച്ചുവിടുമെന്ന്‌ വകുപ്പ്‌‌ മേധാവികൾ മുഖേന ജീവനക്കാരെ അറിയിച്ചാണ്‌ സ്വയം വിരമിക്കലിന്‌ നിർബന്ധിക്കുന്നത്‌. മൂന്നുവർഷം കൂടുമ്പോൾ പ്രഖ്യാപിക്കുന്ന സ്വയം വിരമിക്കൽ പദ്ധതിയുടെ (വിആർഎസ്‌) മറവിൽ 40 ശതമാനം ജീവനക്കാരെ ഒഴിവാക്കാനാണ്‌ മാനേജ്‌മെന്റിന്റെ നീക്കം. ബിപിസിഎൽ വിൽപ്പനയിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുന്നതിനാൽ കിട്ടുന്നത്‌ വാങ്ങി സ്വയം വിരമിക്കാൻ തയ്യാറെടുക്കുകയാണ്‌ ജീവനക്കാരിൽ പലരും. കഴിഞ്ഞമാസം 23 നാണ്‌ ബിപിസിഎലിൽ വിആർഎസ്‌ പ്രഖ്യാപിച്ചത്‌. 2011, 2014, 2017 വർഷങ്ങളിലും പദ്ധതി നടപ്പാക്കിയിരുന്നു.

അന്നൊന്നും പക്ഷേ,  ഇതുപോലെ നിർബന്ധപൂർവം മാനേജ്‌മെന്റ്‌  ഇടപെട്ടിട്ടില്ലെന്ന്‌ ജീവനക്കാർ പറഞ്ഞു. 2017ൽ ബിപിസിഎൽ കോർപറേഷനിൽനിന്ന്‌  സ്വയം പിരിഞ്ഞത്‌ 417 പേർ മാത്രമാണ്‌. അതിൽ കൊച്ചി റിഫൈനറിയിൽനിന്ന്‌ 12 പേർമാത്രം. പക്ഷേ, ഇക്കുറി 40 ശതമാനം ജീവനക്കാരെ  കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.  45 വയസ്സ്‌ കഴിഞ്ഞവരുടെ  പട്ടിക ഇതിനായി തയ്യാറാക്കി.  സർവീസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്‌. ഈ പട്ടികയിലുള്ളവരോട്‌,  ഇപ്പോൾത്തന്നെ സ്വയം പിരിയുന്നതാണ്‌ നല്ലതെന്നും അല്ലെങ്കിൽ പിന്നീട്‌ പിരിച്ചുവിട്ടേക്കാമെന്നും ഡിപ്പാർട്ട്‌മെന്റ്‌ മേധാവികൾ അറിയിക്കുന്നു. ഇത്‌ വലിയൊരു വിഭാഗം ജീവനക്കാരെ ഭയാശങ്കയിലാക്കിയിട്ടുണ്ട്‌. പലരും കിട്ടുന്നത്‌ വാങ്ങി പിരിയാൻ തീരുമാനിച്ചുകഴിഞ്ഞു.

ബിപിസിഎൽ വിൽപ്പനയ്‌ക്ക്‌ മുന്നോടിയായി സ്വകാര്യ മുതലാളിമാരെ ആകർഷിക്കാനാണ്‌ വിആർഎസിന്റെ മറവിൽ ജീവനക്കാരെ കുറയ്‌ക്കുന്നതെന്ന ആക്ഷേപം ഉയരുന്നു.  സെപ്‌തംബർ 30 വരെയാണ്‌  ബിപിസിഎൽ  വാങ്ങാൻ താൽപ്പര്യപത്രം സമർപ്പിക്കാവുന്നത്‌. എന്നാൽ, ഇതുവരെ ആരും താൽപ്പര്യപത്രം സമർപ്പിച്ചിട്ടില്ല. ജീവനക്കാരുടെ എണ്ണക്കൂടുതൽ പല സ്വകാര്യ മുതലാളിമാരെയും പിന്നോട്ടടിപ്പിക്കുന്നു. സ്വകാര്യ കോർപറേറ്റ്‌ സ്ഥാപനങ്ങളിലെ മൂല്യവർധനയിൽ ആറു ശതമാനംവരെയാണ്‌ ജീവനക്കാർക്കുള്ള ചെലവ്‌. അതിന്റെ അഞ്ചും ആറും ഇരട്ടിയോളമാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെലവ്‌.  ഈ സാഹചര്യത്തിലാണ്‌ 40 ശതമാനം ജീവനക്കാരെ കുറച്ച്‌ സ്വകാര്യ മുതലാളിമാരെ വിൽപ്പനയിലേക്ക്‌  ആകർഷിക്കാൻ ശ്രമിക്കുന്നത്‌. ബിപിസിഎൽ കോർപറേഷനിൽ 6000 ഓഫീസർമാർ ഉൾപ്പെടെ 11,000 ജീവനക്കാരാണുള്ളത്‌. ശേഷിക്കുന്ന ഒരുവർഷത്തെ സർവീസിന്‌ രണ്ടു മാസത്തെ ശമ്പളമെന്ന്‌ കണക്കിയാണ്‌ സ്വയം വിരമിക്കുന്നവർക്ക്‌ ആനുകൂല്യം ലഭിക്കുക. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടക്കുന്ന മുറയ്‌ക്ക്‌ അത്‌ കണക്കാക്കി നൽകുമെന്ന പുതിയ വ്യവസ്ഥയുമുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top