27 May Monday

എൽഡിഎഫ‌് സ്ഥാനാർഥികളെ വിജയിപ്പിക്കുക: - സിപിഐ എം

പ്രത്യേക ലേഖകൻUpdated: Tuesday Apr 23, 2019

തിരുവനന്തപുരം
ലോക‌്സഭാ  തെരഞ്ഞെടുപ്പിൽ  എൽഡിഎഫ‌്  സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
രാജ്യത്തെ സംബന്ധിച്ചിടത്തോളം  നിർണായകമായ തെരഞ്ഞെടുപ്പാണിത‌്.  സ്വാതന്ത്ര്യസമരാനന്തരം ഉയർന്നുവന്ന ഗുണപരമായ മൂല്യങ്ങളെല്ലാം നിലനിൽക്കണമെങ്കിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കിയേ മതിയാകൂ.

ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയും പാർലമെന്ററി ജനാധിപത്യവും ഫെഡറൽ സംവിധാനങ്ങളും സമത്വത്തിലധിഷ്ഠിതമായ കാഴ്ചപ്പാടുകളും നിലനിൽക്കുന്നതിന് ഇത് അനിവാര്യമാണ്. സമസ്തമേഖലകളിലും ദുരന്തംവിതച്ച ബിജെപിയെ അധികാരത്തിൽനിന്ന് താഴെയിറക്കുക എന്നത് പ്രധാനമാണ്.
താൽക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി വർഗീയതയുമായി സന്ധിചെയ്യുകയാണ‌് കോൺഗ്രസ്. ബിജെപിക്ക് അധികാരത്തിലെത്താനുള്ള സാഹചര്യം സൃഷ്ടിച്ചത് കോൺഗ്രസിന്റെ ഇത്തരം നടപടിയാണ്. സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളെ പ്രതിരോധിക്കുന്നതിന് കോൺഗ്രസ് തയ്യാറാകുന്നില്ല. അതിനാലാണ് പിസിസി പ്രസിഡന്റുമാർ തൊട്ട് സാധാരണ പ്രവർത്തകർവരെ ബിജെപിയിലേക്ക് ചേക്കേറുന്നത്. പൊതുമേഖലാ സ്വകാര്യവൽക്കരണം, സബ്സിഡികൾ ഇല്ലാതാക്കൽ,  ആരോഗ്യ–-വിദ്യാഭ്യാസ മേഖലകളെ സ്വകാര്യവൽക്കരിക്കൽ, സാമൂഹ്യ സുരക്ഷാ പദ്ധതികളെ തകർക്കൽ  തുടങ്ങിയ ജനവിരുദ്ധ നയങ്ങളിലെല്ലാം ബിജെപിക്കും കോൺഗ്രസിനും ഒരേസമീപനമാണ‌്.

മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ആഗോളവൽക്കരണ നയങ്ങളെ പ്രതിരോധിക്കാനും ജനകീയ താൽപ്പര്യങ്ങൾ ഉയർത്തി പാർലമെന്റിനകത്തും പുറത്തും പൊരുതുന്നത് ഇടതുപക്ഷമാണ്. കേരളത്തിലാവട്ടെ  ഇത്തരം നയങ്ങൾക്ക് ബദൽ ഉയർത്തി രാജ്യത്തിന‌് മാതൃകയായി എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നു.
ബിജെപിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ മതനിരപേക്ഷ കക്ഷികൾ യോജിച്ചുപൊരുതുകയാണ്. അതിനുകരുത്തു പകരണമെങ്കിൽ മതനിരപേക്ഷതയിൽ ഉറച്ചുനിന്ന‌് ജനതാൽപ്പര്യം സംരക്ഷിക്കുന്ന ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വർധിക്കണം. അധികാരത്തിലെത്തുന്ന മതനിരപേക്ഷ സർക്കാരിന്റെ ജനകീയ താൽപ്പര്യങ്ങൾ നിർണയിക്കപ്പെടുന്നത് അതിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം എത്രത്തോളമായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും.

എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും ബിജെപിയും ഒളിഞ്ഞുംതെളിഞ്ഞും സഖ്യമുണ്ടാക്കി മുന്നോട്ടുപോവുകയാണ്. വംശഹത്യയുടെയും വർഗീയ കലാപങ്ങളുടെയും സൂത്രധാരകരെ കേരളത്തിൽ കൊണ്ടുവന്ന്  മതനിരപേക്ഷ പാരമ്പര്യങ്ങളെ തകർത്തെറിയാനുള്ള ശ്രമങ്ങൾ നടക്കുന്നു.ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കാൻ യുഡിഎഫ് തയ്യാറാകുന്നില്ല. മതനിരപേക്ഷതയും സാമൂഹ്യനീതിയും നവോത്ഥാന കാഴ്ചപ്പാടുകളും വികസന നയങ്ങളും മുന്നോട്ടുവയ്ക്കുന്ന എൽഡിഎഫ‌് സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്നത് രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്.

നാടിന്റെ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനുതകുന്നവിധം വോട്ടർമാരെ പോളിങ‌് ബൂത്തിൽ എത്തിക്കാൻ പ്രവർത്തകർ സജീവമായി ഇടപെടണം. എല്ലാ പ്രകോപനങ്ങളെയും സമചിത്തതയോടെ നേരിട്ട‌് സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് എല്ലാ ജനാധിപത്യവിശ്വാസികളും  തയ്യാറാകണമെന്നും  സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top