Deshabhimani

വിഴി‍ഞ്ഞം തുറമുഖം: ജിഎസ്‌ടിയായി ഇതുവരെ ലഭിച്ചത് 16.5 കോടി

വെബ് ഡെസ്ക്

Published on Dec 03, 2024, 09:59 AM | 0 min read

തിരുവനന്തപുരം > വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതൽ കൊമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖത്തിന്‌ സജ്ജമായി. ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70 കപ്പൽ തുറമുഖത്തെത്തി. ഒന്നരലക്ഷത്തോളം കണ്ടെയ്‌നറുകൾ ഇക്കാലയളവിൽ കൈകാര്യം ചെയ്‌തു. നവംബറിലാണ്‌ കൂടുതൽ കപ്പലുകളെത്തിയത്‌. 30 കപ്പലുകളായിരുന്നു നവംബറിൽ മാത്രം തുറമുഖത്തെത്തിയത്.
 
കമീഷനിങ്‌ നടക്കുന്ന ദിവസം ചെന്നൈ ഐഐടിയുടെ ഇൻഡിപെൻഡന്റ് എൻജിനിയർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് തുറമുഖ അധികൃതർക്ക് കൈമാറി കൊമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖമായി പ്രഖ്യാപിക്കും. തുറമുഖം ജേഡ് സർവീസിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഷിപ്പിങ്‌ കമ്പനിയായ എംഎസ്‌സി ആരംഭിച്ചിട്ടുണ്ട്‌. ജേഡ് സ ർവീസ് വിഭാഗത്തിൽ അംഗത്വം ലഭിക്കുന്ന രാജ്യത്തെ ഏക തുറമുഖമാണ്‌ വിഴിഞ്ഞം. ജിഎസ്‌ടിയായി ഇതുവരെ 16.5 കോടി ലഭിച്ചു. ഇതിൽ പകുതി കേരളത്തിന്‌ കിട്ടും. ജനുവരി ആദ്യവാരമായിരിക്കും തുറമുഖത്തിന്റെ കമീഷനിങ്‌. ഇത്‌ കഴിയുന്നതോടെ കൂടുതൽ കപ്പലുകൾ വരും. ഇതിലൂടെ ലഭിക്കുന്ന നികുതിയും വർധിക്കും.

പുതിയ കരാർപ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഉൾപ്പെടെ) 2028- ഡിസംബറിനകം പൂർത്തീകരിക്കുമെന്ന് അദാനി പോർട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. ഇത്‌ കൂടി ചേരുമ്പോൾ തുറമുഖത്തിന്റെ കുറഞ്ഞ സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്‌നറാകും. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷംവരെ ഉയരും. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള കണ്ടെയ്‌നർ ടെർമിനൽ അതോടെ വിഴിഞ്ഞം മാറും. 2034 മുതൽ വരുമാനത്തിന്റെ വിഹിതം സംസ്ഥാന സർക്കാരിന്‌ ലഭിച്ചുതുടങ്ങും.



deshabhimani section

Related News

0 comments
Sort by

Home