04 February Saturday
പൊലീസിനും ക്ലീമിസ് ബാവയ്ക്കും പ്രശംസ

വിഴിഞ്ഞം പുനരധിവാസ പാക്കേജ് ; ഒന്നരക്കൊല്ലത്തിനുള്ളിൽ ഫ്ലാറ്റ്‌ , വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാൻ പൊതുവായി സൗകര്യം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

 

തിരുവനന്തപുരം
വിഴിഞ്ഞം പുനരധിവാസ പാക്കേജിന്റെ ഭാഗമായുള്ള ഫ്ലാറ്റുകളുടെ നിർമാണം ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  650 ചതുരശ്രഅടി വിസ്തീർണമുള്ള വീടുകളാകും മത്സ്യത്തൊഴിലാളികൾക്ക്‌ നൽകുക. വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാൻ  പൊതുവായി സൗകര്യമൊരുക്കും. വിഴിഞ്ഞം സമരസമിതിയുമായി  നടത്തിയ ഉന്നതതല ചർച്ചകളിൽ തീരുമാനമായ കാര്യങ്ങൾ ചട്ടം 300 പ്രകാരം നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

5500 രൂപ വീതം രണ്ടുമാസത്തെ വീട്ടുവാടക അഡ്വാൻസായി നൽകും. തീരശോഷണ പഠനസമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ധ പ്രതിനിധികളുമായി ചർച്ച നടത്തും. ഡീസൽ, പെട്രോൾ, ഗ്യാസ് സംവിധാനത്തിലേക്ക്‌ എൻജിനുകൾ മാറ്റുന്നത്‌ ഒറ്റത്തവണ സബ്‌സിഡിയിൽ ഉടൻ നടപ്പാക്കും. കാലാവസ്ഥാവ്യതിയാനത്താൽ തൊഴിൽനഷ്ടമുണ്ടാകുന്നത്‌ കണക്കാക്കി നഷ്ടപരിഹാരം നൽകും.  മത്സ്യത്തൊഴിലാളികളെ  തൊഴിൽദാന പദ്ധതികളിലുൾപ്പെടുത്തും. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രണ്ടാഴ്ചയ്ക്കുള്ളിൽ തുടർനടപടികളുണ്ടാകും.

സമരം രമ്യമായി അവസാനിപ്പിക്കാൻ മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച്‌ ബിഷപ് മാർ ബസേലിയോസ്  ക്ലീമിസ് ബാവായുടെ ഇടപെടൽ പ്രത്യേകം പരാമർശം അർഹിക്കുന്നു. സമരം അക്രമാസക്തമായ  ഘട്ടങ്ങളിൽ  പൊലീസ്‌ സ്വീകരിച്ച സംയമനം ഏറെ സഹായകമായി.
പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന നൽകുന്ന നയം തന്നെയാണ്‌ വിഴിഞ്ഞത്തും സർക്കാർ സ്വീകരിച്ചത്‌. സ്ഥായിയായ സാമ്പത്തികവളർച്ചയ്ക്ക് അടിത്തറപാകുന്ന കാൽവയ്പുകളാണ് നടക്കുന്നത്‌. മാനുഷികമുഖത്തോടെ പദ്ധതികൾ നടപ്പാക്കണമെന്ന്‌ സർക്കാരിന് നിഷ്‌കർഷയുണ്ട്.

പ്രളയനാളുകളിൽ സ്വന്തംജീവൻ പണയപ്പെടുത്തിയും ജനങ്ങളുടെ സംരക്ഷണത്തിന്‌ രംഗത്തുവന്ന മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്കാണ്‌ സർക്കാരിന്റെ മുൻഗണന. പദ്ധതിയോട്‌ പൂർണസഹകരണം എല്ലാവരിൽ നിന്നുമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


സഭ പദ്ധതിക്ക്‌ എതിരല്ല: 
മാർ ക്ലീമിസ്‌ ബാവ
വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വികസനങ്ങൾക്കും സഭ എതിരല്ലെന്ന്‌ കെസിബിസിയുടെ പുതിയ പ്രസിഡന്റ്‌ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. വിഴിഞ്ഞം സമരം ഒത്തുതീർപ്പ്‌ വ്യവസ്ഥകൾ സർക്കാർ സമയബന്ധിതമായി നടപ്പാക്കുമെന്നുതന്നെയാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. കെസിബിസി ആസ്ഥാനത്തുചേർന്ന ത്രിദിന കൗൺസിലിൽ പുതിയ പ്രസിഡന്റായി നിയോഗിക്കപ്പെട്ടശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മാർ ക്ലീമിസ്‌. 

സമരം ഒത്തുതീർക്കാൻ എഴുതിനൽകിയ ഏഴ്‌ ആവശ്യങ്ങൾ കരാറായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്‌.  പ്രദേശവാസികളുടെ പുനരധിവാസമുൾപ്പെടെ സമയബന്ധിതമായി നടപ്പാക്കുമെന്നാണ്‌ വിശ്വാസം. സമരക്കാർക്കെതിരെയുള്ള കേസുകളിൽ വഴിവിട്ട ഇടപെടലുകളൊന്നും നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top