13 September Friday

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ്‌ റോഡ് ; 1629 കോടിയുടെ ബാധ്യത 
സംസ്ഥാനം ഏറ്റെടുക്കും

സ്വന്തം ലേഖകൻUpdated: Thursday Aug 8, 2024


തിരുവനന്തപുരം
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ്‌ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. 45 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയപാത അതോറിറ്റി, ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെന്റ്‌ പ്രോജക്ട്‌ രണ്ട്‌ (സിആർഡിപി), പൊതുമരാമത്ത് വകുപ്പ് എന്നിവ  ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ചത്.

ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50 ശതമാനം (ഏകദേശം 930.41 കോടി രൂപ) കിഫ്‌ബി മുഖേന നൽകും. സർവീസ് റോഡുകളുടെ നിർമാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ) മേജർ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്റ്‌ പ്രോജക്ടിന്റെ (എംഐഡിപി) ഭാഗമാക്കും. ഈ തുക അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകും.

ജിഎസ്‌ടി ഇനത്തിൽ ലഭിക്കുന്ന 210.63 കോടി രൂപയും റോയൽറ്റി ഇനത്തിലുള്ള 10.87 കോടി രൂപയും സംസ്ഥാന സർക്കാർ വേണ്ടെന്നുവയ്‌ക്കും. ഔട്ടർ റിങ്‌ റോഡിന്റെ നിർമാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉൽപ്പന്നങ്ങളും മറ്റ് പാറ ഉൽപ്പന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉൽപ്പന്നങ്ങളും ഈ നിർമാണത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ദേശീയപാത അതോറിറ്റി നിയോഗിക്കുന്ന എൻജിനീയർ, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയൽറ്റി ഇളവു ലഭിക്കേണ്ട ഉൽപ്പന്നങ്ങളുടെ അളവ് സർട്ടിഫൈ ചെയ്യും. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിനു ലഭിക്കുന്ന ജിഎസ്‌ടി വിഹിതം ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റായി നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top