05 December Thursday

വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് ;
 ഭാഗ്യം, പണം പോയില്ല

സ്വന്തം ലേഖകൻUpdated: Thursday Oct 17, 2024


കൊച്ചി-
സൈബർ തട്ടിപ്പ്‌ സംഘങ്ങളുടെ ‘വെർച്വൽ അറസ്റ്റി’ന് വിധേയനായയാളെ പണം നഷ്ടപ്പെടുന്നതിൽനിന്ന്‌ രക്ഷപ്പെടുത്തി ബാങ്ക്‌ ജീവനക്കാർ. പാലാരിവട്ടം എസ്ബിഐ ജീവനക്കാരാണ്‌ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിൽ 11.5 ലക്ഷം രൂപ നിക്ഷേപിക്കാൻ  ശ്രമിച്ചയാളെ തടഞ്ഞത്‌. തിങ്കളാഴ്ചയാണ് പാലാരിവട്ടം എസ്ബിഐ ശാഖയിൽ ഡേവിഡ് എന്നയാൾ 11.5 ലക്ഷം രൂപയുടെ ചെക്കുമായി വന്നത്. മുംബൈ സിബിഐ ആണെന്ന്‌ പറഞ്ഞാണ്‌ ഇദ്ദേഹത്തെ തട്ടിപ്പുസംഘം വെർച്വൽ അറസ്‌റ്റിലാക്കിയത്‌. വിളിച്ചയാളുടെ വീഡിയോ കോൾ കട്ട്‌ ചെയ്യാതെയാണ്‌ ഡേവിഡ്‌ ബാങ്കിലെത്തിയത്‌.
സംശയം തോന്നിയ ബാങ്ക്‌ ജീവനക്കാർ നിക്ഷേപിക്കേണ്ട അക്കൗണ്ടിന്റെ വിലാസം പരിശോധിച്ചു. ഉത്തർപ്രദേശ്‌ മൊറാദാബാദിലുള്ള ചാന്ദ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റേതായിരുന്നു വിലാസം. കൂടുതൽ അന്വേഷണത്തിലാണ് സൈബർ തട്ടിപ്പുസംഘത്തിന്റെ വെർച്വൽ അറസ്റ്റിന് ഇരയാണെന്ന്‌ മനസ്സിലാക്കിയത്‌. തുടർന്ന് പണം നിക്ഷേപിക്കാതെ ഇടപാടുകാരനെ തിരിച്ചയച്ചു. ബാങ്കധികൃതർ പാലാരിവട്ടം പൊലീസിൽ വിവരമറിയിച്ചു. പണം നഷ്ടമാകാത്തതിനാൽ കേസെടുത്തിട്ടില്ല. അക്കൗണ്ട്‌ പൂട്ടാൻ നടപടി സ്വീകരിച്ചു. പാലാരിവട്ടം സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം വെർച്വൽ അറസ്റ്റിന് വിധേയനായ ഒരാൾക്ക്‌ അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. പരാതിയിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top