13 December Friday

നവ സമൂഹസൃഷ്ടിക്കായി മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരി ഒഴിവാക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

തിരുവനന്തപുരം> നവ സമൂഹസൃഷ്ടിക്കായി ജീവിതത്തില്‍ നിന്നും മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്‌സൈസ് വകുപ്പിന്റെ ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 90 ദിന ലഹരി വിമുക്ത ബോധവല്‍കരണ പരിപാടിയുടെ എറണാകുളത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനം വീഡിയോ സന്ദേശത്തിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം

ലഹരി വിമുക്ത ബോധവല്‍കരണം വ്യക്തികളിലോ കുടുംബങ്ങളിലോ മാത്രം ഒതുങ്ങാതെ നടപ്പാക്കാനാകണം. അതിനായി സമൂഹമാകെ പദ്ധതിയില്‍ പങ്കാളികളാകണം. കേരളം സമഗ്ര വികസനത്തിന്റെ പാതയിലാണ്. പ്രളയാനന്തര പുനഃനിര്‍മാണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ നടന്നു വരുന്ന സന്ദര്‍ഭമാണിത്.

ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ വഴി നവകേരളം കെട്ടിപ്പടുക്കുകയാണെങ്കില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് അത് കരുത്തായി മാറും. ബഹുജന പിന്തുണയോടെ മാത്രമേ പദ്ധതി വിജയിപ്പിക്കാനാകൂ. അതിന് ഏവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി 90 ദിവസത്തെ തീവ്രയത്‌ന പരിപാടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് സമാധി ദിനമായ ജനുവരി 30 വരെയാണ് തീവ്രയത്‌നം സംഘടിപ്പിക്കുന്നത്.

 


പ്രധാന വാർത്തകൾ
 Top