17 September Tuesday

‘പൊറിഞ്ചു മറിയം ജോസ്‌’തന്റെ നോവലും തിരക്കഥയും മോഷ്‌ടിച്ച്‌ നിർമ്മിച്ചത്‌; നടന്നത്‌ വലിയചതിയെന്ന്‌ എഴുത്തുകാരി ലിസി ജോയി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

കൊച്ചി> ജോഷി സംവിധാനം ചെയ്‌ത്‌ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന‘ പൊറിഞ്ചു മറിയം ജോസ്‌ ’ എന്ന സിനിമ തന്റെ വിലാപ്പുറങ്ങൾ എന്ന നോവലിനെ ആധാരമാക്കി താൻതന്നെ എഴുതിയ തിരക്കഥ മോഷ്‌ടിച്ചിട്ടുള്ളതാണെന്ന്‌ എഴുത്തുകാരി ലിസി ജോയി.  നോവലിസ്‌റ്റും തിരക്കഥാകൃത്തുമായ തന്നോട്‌ ഡേവിഡ്‌ കാച്ചപ്പള്ളിയും സംവിധായകൻ ജോഷിയും ചതിയാണ്‌ ചെയ്യുന്നതെന്നും ലിസി ആരോപിക്കുന്നു.

2017 ൽ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനു വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകൻ ടോം ഇമ്മട്ടിയും ഡാനി പ്രൊസ്കഷന്റെ ജോണി വട്ടക്കുഴിയുമാണ്‌ വിലാപ്പുറങ്ങളിലെ കാട്ടാളൻ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി തിരക്കഥയെഴുതാൻ ആവശ്യപ്പെട്ടത്‌. തുടർന്ന്‌ ‘കാട്ടാളൻ പൊറിഞ്ചു ’എന്ന പേരിൽ  ഡാനി പ്രൊഡക്ഷൻ രജിസ്റ്റർ 2018ൽ ഫിലീം ചേംബറിൽ തിരക്കഥ രെജിസ്‌റ്റർ ചെയ്‌തതുമാണ്‌. മമ്മുട്ടിയാണ്‌ നായകനെന്നും പറഞ്ഞിരുന്നു.

എന്നാൽ ഡാനി പ്രൊഡക്ഷൻസ്‌   ഡേവിഡ്കാച്ചപ്പിള്ളി പ്രൊഡക്ഷനുമായി സഹകരിക്കാൻ തയ്യാറല്ലെന്നറിയിച്ച്‌ പിൻ മാറിയോടെ സിനിമ നടന്നില്ല. സംവിധായകൻ ഇമ്മട്ടി മറ്റൊരു പ്രോജക്‌റ്റിലേക്ക്‌ മാറുകയും ചെയ്‌തു.

ഇപ്പോൾ 'കാട്ടാളൻ പൊറിഞ്ചു ' എന്ന തന്റെ തിരക്കഥയിലെ കഥയും കഥാപാത്രങ്ങളും സീനുകളും ഉപയാഗിച്ചാണ് ഡേവിഡ് കാച്ചപ്പിള്ളി ' പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമ ഇറക്കുന്നത്‌. രചന നടത്തിയെന്ന് അവകാശപ്പെടുന്ന അഭിലാഷ് എൻ.ചന്ദ്രനും, ജോഷിയുടെ സംവിധാനത്തിൽ , കീർത്തന മൂവീസ് ആണ്‌ പുറത്തിറക്കുന്നത്.ഇത്‌ ശരിക്കും ചതിയാണ്‌.



ഒരു പ്രതിഫലവും തരാതെ എഴുത്തുകാരിയെ കൊണ്ടു തന്നെ തിരക്കഥ പലരീതിയിലുമെഴുതിച്ച് അവർക്കാവശമുള്ളതെടുത്ത് സിനിമ നിർമ്മിക്കുന്ന പകൽകൊള്ളയുടെയും ചതിയുടേയും പേരാണോ , 'പൊറിഞ്ചു മറിയം ജോസ്' എന്നും ലിസി ‘ചതിയുടെ ആൾരൂപങ്ങൾ ’  തലക്കെട്ടിൽ എഴുതിയ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ ചോദിച്ചു.

സിനിമക്കുള്ള താൽക്കാലിക നിരോധന ഉത്തരവ്‌ പിൻവലിച്ചതോടെ സിനിമ റിലീസ്‌ ചെയ്യാനുള്ള തീരുമാനത്തിലാണ്‌ അണിയറക്കാർ. എന്നാൽ കേസിൽ ആഗസ്‌റ്റ്‌ 30ന്‌ വരുന്ന അന്തിമ വിധി തനിക്ക്‌ അനുകൂലമാകുമെന്ന വിശ്വാസമുണ്ട്‌.  കാട്ടാളൻ പൊറിഞ്ചു' തിരക്കഥയുടെ 21-09 - 2017 മുതൽ 29 -4 - 2018 വരെ അയച്ചുകൊടുത്ത പത്തോളം ഇ-മെയിലുകൾ , കൈയ്യെഴുത്തു പ്രതികൾ ,ഡി.ടി.പി ചെയ്ത ഹാർഡ് കോപ്പികൾ തെളിവിനായി എവിടേയും ഹാജരാക്കാൻ തയ്യാറാണെന്നും ലിസി പോസ്‌റ്റിൽ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top