11 October Friday

കൈക്കൂലിക്കേസ്‌; വിജിലൻസ്‌ ഡിവൈഎസ്‌‌പിക്ക്‌ സസ്‌‌പെൻഷൻ

സ്വന്തം ലേഖകൻUpdated: Sunday Mar 26, 2023

തിരുവനന്തപുരം> കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ വിജിലൻസ്‌ സ്‌പെഷ്യൽ സെൽ ഡിവൈഎസ്‌‌പിയായിരുന്ന വേലായുധൻ നായരെ സർവീസിൽ നിന്ന്‌ സസ്‌‌പെൻഡ്‌ ചെയ്‌തു. വേലായുധൻ നായർ അന്വേഷിച്ച കേസിലെ പ്രതിയിൽ നിന്ന്‌ മകന്റെ അക്കൗണ്ട് മുഖേന 50000 രൂപ കൈപ്പറ്റിയെന്ന കേസിലാണ്‌ നടപടി.ഡിവൈഎസ്‌പിക്കെതിരെ വാച്യാന്വേഷണത്തിനും ഉത്തരവിട്ടു. വേലായുധൻ നായരെ സംബന്ധിക്കുന്ന ശുപാർശ അടിയന്തരമായി കൈമാറാൻ പൊലീസ്‌ മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്‌.

വിജിലൻസിന്റെ ട്രാപ്പ്‌ കേസിൽ അകപ്പെട്ട പത്തനംതിട്ട മുനിസിപ്പൽ സെക്രട്ടറി എസ്‌ നാരായണന്റെ അക്കൗണ്ടിൽ നിന്നാണ്‌ വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റെ അക്കൗണ്ടിലേക്ക്‌ 2021  സെപ്‌തംബർ 30ന്‌ അരലക്ഷം രൂപ എത്തിയത്‌. വേലായുധൻ നായർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ സെക്രട്ടറിയെ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വേലായുധൻ നായരും നാരായണനും തമ്മിൽ നിരന്തര ബന്ധം പുലർതത്തിയിരുന്നുവെന്ന്‌ കണ്ടെത്തിയത്‌. വേലായുധൻ നായരുടെ മൊഴി വിജിലൻസ്‌ അന്വേഷണ സംഘം രേഖപ്പെടുത്തിയെങ്കിലും തൃപ്‌തികരമായ മറുപടികളല്ല ലഭിച്ചത്‌.

ഈ സാഹചര്യത്തിൽ വേലായുധൻ നായരെ ചുമതലയിൽ നിന്ന്‌ മാറ്റി നിർത്തി അച്ചടക്കനടപടികൾ സ്വീകരിക്കണമെന്ന്‌ വിജിലൻസ്‌ മേധാവി റിപ്പോർട്ട്‌ നൽകിയിരുന്നു. മകന്റെ അക്കൗണ്ട്‌ മുഖാന്തിരം അരലക്ഷം രൂപ കൈപ്പറ്റി ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയത്‌ ഗുരുതരമായ അച്ചടക്കലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന്‌ പ്രഥമദൃഷ്ട്യാ ബോധ്യമായതിനെത്തുടർന്നാണ്‌ വേലായുധൻ നായരെ സസ്‌പെൻഡ്‌ ചെയ്‌ത്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top