17 January Sunday

എറണാകുളം ജില്ലയിൽ ഇനിയുമുണ്ട്‌ യുഡിഎഫ്‌ എംഎൽഎമാരുടെ വിജിലൻസ്‌ കേസുകൾ

പ്രത്യേക ലേഖകൻUpdated: Wednesday Nov 18, 2020

കൊച്ചി > മുൻമന്ത്രിയും എംഎൽഎയുമായ വി കെ ഇബ്രാഹിം കുഞ്ഞ്‌ വിജിലൻസ്‌  കേസിൽ അറസ്‌റ്റിലാകുമ്പോൾ  എറണാകുളം ജില്ലയിൽ ഇനിയുമുണ്ട്‌ യുഡിഎഫ്‌ എംഎൽഎമാർ ഉൾപ്പെട്ട പരാതികൾ വിജിലൻസ്‌ അന്വേഷണ വഴികളിൽ.

പി ടി തോമസ്‌ എംഎൽഎ പ്രതിയായ കൊച്ചി നഗരത്തിലെ തോട്‌ നികത്തൽ  കേസിൽ  അന്വേഷണവും എംഎൽഎ ഉൾപ്പെട്ട  അഞ്ചുമന കള്ളപണ കേസിൽ പ്രാഥമിക അന്വേഷണവും വിജിലൻസ്‌ ആരംഭിച്ചിട്ടുണ്ട്‌.    വി ഡി സതീശൻ എംഎൽഎക്കെതിരായ പുനർജനി പദ്ധതി സംബന്ധിച്ച പരാതിയിൽ പ്രാഥമിക അന്വേഷണത്തിന്‌ അനുമതി തേടി വിജിലൻസ്‌ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്‌.

ഇടപ്പള്ളി അഞ്ചുമനയിൽ 80 ലക്ഷം രൂപയുടെ കള്ളപണമിടപാടിന്‌ ഇടനിലക്കാരനായി നിൽക്കുകയും റിയൽ എസ്‌റ്റേറ്റുകാരനൊപ്പം നിന്ന്‌ ഭൂവുടമയെ വഞ്ചിക്കാൻ ശ്രമിച്ചുവെന്നുമുള്ള  പരാതിയിലാണ്‌ നവംബർ രണ്ടിന്‌ വിജിലൻസ്‌ പ്രാഥമിക അന്വേഷണം ആരംഭിച്ചത്‌.    പത്ത്‌ സെന്റൊളം ഭൂമി നാലു സെന്റ്‌ എന്നു പറഞ്ഞ്‌ കരാർ ഉറപ്പിക്കുകയും ഒരു കോടി മൂന്നു ലക്ഷം രൂപ നൽകാമെന്നു ഉറപ്പിച്ചിരുന്നത്‌ എംഎൽഎ ഇടപെട്ട്‌ 80 ലക്ഷമാക്കി കുറയ്‌ക്കുകയും എംഎൽഎയുടെ സാന്നിധ്യത്തിൽ പണം കൈമാറുന്നതിനിടയിൽ  ആദായ നികുതി ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തതുമാണ്‌ പരാതിയിലുള്ളത്‌.

എറണാകുളം നഗരത്തിൽ ചെലവന്നൂർ കായലിൻറെ ഭാഗമായ കോച്ചാപ്പിള്ളി തോട് നികത്തി റോഡ് നിർമ്മിച്ചെന്ന പരാതിയിൽ  പി ടി തോമസ് എം എൽ എ യും  മുൻമേയർ സൗമിനി ജയിനും  ഉൾപ്പടെ 14 പേർക്കെതിരെ മൂവാറ്റുപു‍ഴ വിജിലൻസ് കോടതിയാണ്‌  അന്വേഷണത്തിന് ഉത്തരവിട്ടത്. എംഎൽഎയുടെ ഭാര്യ ഡയറക്ടർ ബോർഡ്‌ അംഗമായിരുന്ന  കോ -ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റി ഭൂമിയിലേക്ക് വഴി ഉണ്ടാക്കാനാണ് തോട് നികത്തിയതെന്നാണ് പരാതി.

പറവൂരിൽ സ്വന്തമായി എംഎൽഎ ആവിഷ്‌കരിച്ച പുനർജനി പദ്ധതിയുടെ പേരിൽ ചട്ടംലംഘിച്ച്‌ വിദേശപണം സ്വീകരിച്ചെന്ന പരാതിയിൽ  വി ഡി സതീശൻ എംഎൽഎക്കെതിരെ പ്രാഥമിക അന്വേഷണത്തിന്‌ വിജിലൻസ്‌ സർക്കാരിന്റെ അനുമതി   തേടിയിരിക്കുകയാണ്‌.

വിജിലൻസ്‌ സ്‌പെഷ്യൽ യൂണിറ്റ്‌ ഒന്ന്‌ നടത്തിയ രഹസ്യാന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ  അടിസ്ഥാനത്തിലാണ്‌   ഒക്ടോബർ അവസാന വാരം  വിജിലൻസ്‌ സർക്കാരിന്‌ അനുമതി  തേടി കത്തു നൽകിയത്‌.  എസ്‌പി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ട്‌ വിജിലൻസ്‌ ഡയറക്ടർ ആഭ്യന്തര അഡീഷണൽ ചീഫ്‌സെക്രട്ടറി സർക്കാരിനു സമർപ്പിച്ചിരിക്കുകയാണ്‌. അനുമതി ലഭിച്ചാൽ  പ്രാഥമിക അന്വേഷണം ഉടൻ ആരംഭിക്കും.  2019 ഒക്ടോബറിൽ ലണ്ടനിലെ ബർമിങ്‌ഹാമിൽ നടന്ന പരിപാടിയിൽ എംഎൽഎ പണം ആവശ്യപ്പെട്ട്‌ പ്രസംഗിക്കുന്നതിന്റെ വീഡിയോ ഡിജിറ്റൽ തെളിവായി വിജിലൻസ്‌ ശേഖരിച്ചിട്ടിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top