02 July Thursday

സൺ ഡിടിഎച്ചിൽ വിക്‌ടേഴ്‌സ്‌ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


കൊച്ചി
സൺ ഡിടിഎച്ചിലൂടെ വിക്‌ടേഴ്‌സ്‌ ചാനൽ കിട്ടാത്തത്‌ ഒരുലക്ഷത്തോളം വരുന്ന വരിക്കാരെ വലയ്‌ക്കുന്നു. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ സ്‌കൂൾ അധ്യയനം പൂർണമായി വിക്‌ടേഴ്‌സ്‌ ചാനൽ വഴിയാക്കിയ സാഹചര്യത്തിലാണിത്‌. സൺ ഡിടിഎച്ചിൽ വിക്‌ടേഴ്‌സ്‌ ചാനൽ ഉൾപ്പെടുത്തണമെന്ന്‌ വരിക്കാർ ദിവസങ്ങൾക്കുമുമ്പേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

മറ്റ്‌ ഇന്ത്യൻ ഭാഷകളിലുള്ള വിദ്യാഭ്യാസ ചാനലുകൾ പലതും സൺ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. സംസ്ഥാനത്ത്‌ വിക്‌ടേഴ്‌സ്‌ ചാനൽ പ്രയോജനപ്പെടുത്തി അധ്യയനം ആരംഭിക്കാനുള്ള  ആലോചനകൾ തുടങ്ങിയപ്പോൾത്തന്നെ കേരളത്തിലെ സൺ ഡിടിഎച്ച്‌ ഏജൻസികൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ മറ്റു ഭാഷാ ചാനലുകൾ ഉൾപ്പെടുത്തിയിട്ടും ഇക്കാര്യം അവഗണിച്ചു. വരിക്കാരുടെ അഭ്യർഥനപ്രകാരമാണ്‌ ഏജൻസികൾ ഇക്കാര്യം സൺ ഡിടിഎച്ച്‌ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്‌. സൗജന്യമായിരുന്നിട്ടും വിക്‌ടേഴ്‌സ്‌ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം വ്യാപകമാണ്‌. നിലവിൽ നൂറോളം ചാനലുകൾക്ക്‌ പ്രതിമാസം കുറഞ്ഞ നിരക്കായി 347 രൂപ സൺ ഡിടിഎച്ച്‌ ഈടാക്കുന്നുണ്ട്‌. 

ഏതാനും ദിവസങ്ങൾക്കകം വിക്‌ടേഴ്‌സ്‌ ചാനൽ സൺ ഡിടിഎച്ചിൽ ഉൾപ്പെടുത്തുമെന്ന്‌ സോണൽ ഓഫീസിൽനിന്ന്‌ അറിയിച്ചു. അതിനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിവരികയാണെന്നും കേരളത്തിലെ വരിക്കാരിൽനിന്ന്‌ വ്യാപകമായി ഈ ആവശ്യം ഉയർന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top