20 October Tuesday

VIDEO - ചേർത്തുപിടിച്ച്‌ സിപിഐ എം; കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഹഖിന്റെയും മിഥിലാജിന്റെയും കുടുംബങ്ങൾക്ക്‌ ധനസഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

ഫോട്ടോ: എ ആർ അരുൺ രാജ്‌

തിരുവനന്തപുരം > "ഇല്ലാ...ഇല്ലാ മരിക്കുന്നില്ല.... രക്തസാക്ഷികൾ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ.......'തേമ്പാംമൂട്‌ ജങ്‌ഷനിൽ വെഞ്ഞാറമൂട്‌ രക്തസാക്ഷികളായ മിഥിലാജിന്റെയും ഹഖ്‌ മുഹമ്മദിന്റെയും കുടുംബങ്ങൾക്കായി സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക കൈമാറിയപ്പോൾ ഉയർന്നു കേട്ടത്‌ ഈ മുദ്രാവാക്യമായിരുന്നു.

തേമ്പാമൂട്‌ ജംഗ്‌ഷനിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏരിയകളിൽനിന്ന്‌ സമാഹരിച്ച 98,50,200 രൂപ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഇരു കുടുംബങ്ങൾക്കും കൈമാറി. രക്തസാക്ഷികളുടെ മാതാപിതാക്കൾക്കും ഭാര്യമാർക്കും മക്കൾക്കുമാണ്‌ തുക കൈമാറിയത്‌. ഓരോ കുടുംബത്തനും 49,25,100 രൂപ വീതമാണ്‌ നൽകിയത്‌.

വെഞ്ഞാറമൂട് കൊലപാതകത്തിൽ പങ്കുള്ള ഒരാൾ പോലും നിയമത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപെടില്ലെന്ന് കോടിയേരി പറഞ്ഞു. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുക തന്നെ ചെയ്യും. അക്രമം കൊണ്ടും കൊലപാതകം കൊണ്ടും ഇല്ലാതാക്കാൻ പറ്റുന്ന പാര്‍ട്ടിയായിരുന്നെങ്കിൽ സിപിഐ എം കേരളത്തിൽ ഉണ്ടാകില്ലായിരുന്നു എന്നും കോടിയേരി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് ജോലി നൽകുമെന്നും ഇവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്‍റെ മുഴുവൻ ചെലവും പാർട്ടി ഏറ്റെടുക്കുമെന്നും കോടിയേരി ഉറപ്പ് നല്‍കി.

ഹഖിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെയും ഈ പാർടി മറന്നിട്ടില്ല. അത്‌ അവളോ അവനോ ആയിക്കോട്ടെ, ഒപ്പമുണ്ടെന്ന്‌ തെളിയിക്കുകയായിരുന്നു കമ്യൂണിസ്റ്റ്‌ പാർടി. അനശ്വര രക്തസാക്ഷികളായ ഹഖ്‌ മുഹമ്മദിന്റെയും മിഥിലാജിന്റെയും മക്കൾക്ക്‌ ഓരോരുത്തർക്കും 16,12,550 രൂപ വീതമാണ്‌ നൽകിയത്‌. അതിൽ ഹഖിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനായും അത്രയും തുക ജോയിന്റ്‌ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഹഖ്‌ മുഹമ്മദ്‌ കൊല്ലപ്പെടുമ്പോൾ ഭാര്യ നജില ആറുമാസം ഗർഭിണിയായിരുന്നു. കുഞ്ഞ്‌ ജനിച്ച്‌ പേരിട്ട ശേഷം ഇത്‌ സ്വന്തം പേരിലേക്ക്‌ മാറ്റും. കുട്ടികൾക്ക്‌ പ്രായപൂർത്തിയായ ശേഷം ഈ തുക ഉപയോഗിക്കാം.

കുടുംബം പോറ്റാൻ ഹഖ്‌ മത്സ്യക്കച്ചവടമാണ് ചെയ്‌തതെങ്കിൽ മിഥിലാജിന് പച്ചക്കറിക്കച്ചവടമായിരുന്നു. രണ്ട്‌ കുടുംബങ്ങളുടെയും ഏക അത്താണികളായിരുന്നു ഇരുവരും. കുടുംബങ്ങളെ സഹായിക്കാൻ 12,13 തീയതികളിലാണ് ഫണ്ട് പിരിവ് നടന്നത്. പാർട്ടി അംഗങ്ങളും ബഹുജനങ്ങളും വലിയ പിന്തുണയാണ് ഇതിന്‌ നൽകിയത്.

ഒരോ കുടുംബത്തിനും നാൽപത്തിഒമ്പത്‌ ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഒരു നൂറ് രൂപ വീതമാണ് നൽകിയത്. ഇതിൽ മാതാപിതാക്കൾക്ക് ഓരോ ലക്ഷം രൂപയും. ഹഖിന്റെയും മിഥിലാജിന്റെയും ഭാര്യമാർക്ക് 15 ലക്ഷം രൂപ വീതവും നൽകി. ഇതിൽ പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും 5 ലക്ഷം രൂപ സേവിങ്‌സ്‌ അക്കൗണ്ടിലുമാണ് നൽകിയത്. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്‌ പൂർണമായും പാർടി ഏറ്റെടുത്തിട്ടുണ്ട്‌. രക്തസാക്ഷികളുടെ ഭാര്യമാർക്ക്‌ സ്ഥിര ജോലി നൽകാനും ഉടൻ സംവിധാനം ഉണ്ടാക്കുമെന്ന് ഡി കെ മുരളി എംഎൽഎ പറഞ്ഞു.

ഇക്കഴിഞ്ഞ തിരുവോണത്തലേന്നാണ്‌ തേമ്പാംമൂട്‌ ജങ്‌ഷനിൽ വച്ച്‌ ഡിവൈഎ്‌ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ്‌ മുഹമ്മദിനെയും കോൺഗ്രസ്‌ അക്രമികൾ വെട്ടിക്കൊന്നത്‌. ചടങ്ങിൽ മിഥിലാജിന്റെ സഹോദരനും മക്കളായ ഇഹ്‌സാൻ, ഇർഫാൻ എന്നിവരും ഹഖിന്റെ മകൾ ഐറ, ഉപ്പ അബ്ദുൾ സമദ്, ഭാര്യയുടെ ഉമ്മ സജീന ബീവി എന്നിവരും പങ്കെടുത്തു.  മിഥിലാജിന്റെ മാതാപിതാക്കൾ മകൾക്കൊപ്പം ഗൾഫിലായതിനാൽ അവർ എത്തിയില്ല. ഭാര്യ നസീഹയുടെ ഉമ്മ നസീറ പങ്കെടുത്തു.

തേമ്പാംമൂട്‌ ജങ്ഷനിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. ഡി കെ മുരളി എംഎൽഎ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൊലിയക്കോട്‌ കൃഷ്‌ണൻ നായർ, എം വിജയകുമാർ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ബി പി മുരളി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, നേതാക്കളായ പി ബിജു, മടവൂർ അനിൽ, കെ പി പ്രമോഷ്‌, വി വിനീത്‌, ഇ എ സലീം, പി ജി സുധീർ, അസീന ബീവി തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top