17 January Sunday

വെഞ്ഞാറമൂട് ഇരട്ടക്കൊല : മഹിളാ കോൺഗ്രസ് നേതാവ്‌ ഉൾപ്പെടെ രണ്ടുപേരുടെ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 18, 2020


കൊച്ചി
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ റിമാൻഡിൽ കഴിയുന്ന മഹിളാ കോൺഗ്രസ് പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ള രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എട്ടും ഒമ്പതും പ്രതികളും മരുതുംമൂട് സ്വദേശികളുമായ നജീബ്, പ്രീജ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് അശോക് മേനോൻ തള്ളിയത്. നജീബിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ ഒരുതവണ തള്ളിയിരുന്നു.

രാഷ്ട്രീയവിരോധം നിമിത്തം രണ്ട്‌ യുവാക്കളെ കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. കൊലപാതകത്തിനായുള്ള ഗൂഢാലോചനയിൽ പങ്കെടുക്കുകയും പ്രതികളെ ഒളിവിൽ താമസിപ്പിക്കുകയും രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത പ്രതികൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ട്. കേസിലെ ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികൾക്ക് സഹായവും ഒത്താശയും ചെയ്ത പ്രതികൾക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് കോടതി പറഞ്ഞു.പ്രാദേശിക രാഷ്‌ട്രീയനേതാവായ പ്രതിക്ക് സ്ത്രീയെന്ന പരിഗണനയിൽ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സി കെ സുരേഷ് ബോധിപ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കോടതി ഉത്തരവിൽ വിലയിരുത്തി.

പ്രദേശത്തെ സമാധാനാന്തരീക്ഷം നിലനിർത്താൻ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പ്രതികളെ ജാമ്യത്തിൽ വിട്ടാൽ ക്രമസമാധാനഭംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ വിശദീകരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മാത്രമേ പ്രതികൾ വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാവൂ എന്ന് കോടതി നിർദേശിച്ചു. ഗൂഢാലോചനയിൽ പങ്കെടുത്ത നജീബിന്റെ ബൈക്കാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. പ്രതികൾക്ക് സ്വന്തം വീട്ടിൽ രണ്ടുദിവസം അഭയം നൽകുകയും പിന്നീട് കാറിൽ പ്രതികളെ കോന്നിയിലെ തറവാട്ടുവീട്ടിൽ എത്തിച്ച് ഒളിവിൽ പാർപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു പ്രതികളോടൊപ്പം പ്രീജയും അറസ്റ്റിലായത്. പ്രീജയ്‌ക്ക് കുറ്റകൃത്യത്തെക്കുറിച്ച് മുന്നറിവുണ്ടായതായും പബ്ലിക് പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top