05 July Tuesday

കരയല്ല കായലാണ് ‘പി ഒ’; അരനൂറ്റാണ്ടായി ഒരേയൊരു ജീവനക്കാരി സീതാമണിയും

സിബി ജോർജ്Updated: Wednesday May 25, 2022

കോട്ടയം > നോക്കെത്താദൂരത്തോളം വെള്ളം. ചുറ്റുംതിരിഞ്ഞ്‌ എവിടെ നോക്കിയാലും ഓളപ്പരപ്പ്‌ മാത്രമേ കണ്ണിൽ തെളിയൂ. അങ്ങകലെ  ഏതാനും തുരുത്തുകൾ കാണാമെങ്കിലും കരയാണോ വെള്ളമാണോയെന്ന്‌ ചെന്നെത്താതെ ഒറ്റനോട്ടത്തിൽ ഉറപ്പിക്കാനാകില്ല. വെള്ളത്തോട്‌ മല്ലിട്ട്‌ ജീവിതം തുഴയുന്നവർ ഏതാനും തുരുത്തുകളിലുണ്ട്‌. എല്ലാംകൂടി 150 വീടുകൾ കാണും. ഇവർക്ക്‌ പുറംലോകവുമായി ബന്ധപ്പെടാവുന്ന ഏക ഗതാഗതസംവിധാനമാണ്‌ കോട്ടയം –- ആലപ്പുഴ ബോട്ട്‌ സർവീസ്‌. നിത്യേനയുള്ള മറ്റൊരു സർവീസ്‌ കൂടിയുണ്ട്‌.

സീതാമണി

സീതാമണി

വിലാസക്കാരെ തേടിപ്പിടിച്ച്‌ കത്തിടപാടുകൾ എത്തിക്കുന്ന ആ സർവീസിന്‌ പേരാണ്‌ വി പി സീതാമണി. കുട്ടനാടിന്റെ കാർഷിക സംസ്‌കൃതിയുടെ ഭാഗമായിരുന്ന  ആർ ബ്ലോക്കിലാണ്‌ സീതാമണിയുടെ താമസം. 33 വർഷമായി ഇവരാണ്‌ ആർ ബ്ലോക്കിലെ പോസ്‌റ്റ്‌ മാസ്‌റ്റർ.  സീതാമണിയെ പോലെ അവിടുത്തെ പോസ്‌റ്റ്ഓഫീസിനുമുണ്ട്‌ പ്രത്യേകത. കരയ്‌ക്ക്‌ പകരം കായലിന്റെ പേരിലാണ്‌ പോസ്‌റ്റ്‌ ഓഫീസ്‌.  ‘ വേമ്പനാട്ടുകായൽ പി ഒ’ എന്ന പേരിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നു. ഒരുപക്ഷെ മറ്റെങ്ങുമില്ലാത്ത അപൂർവമായൊരു വിലാസം.  ഇതേ  വിലാസത്തിലാണ്‌ ആർ ബ്ലോക്കിലെ തുരുത്തുകളിലേക്ക്‌  ത്തുകൾ എത്തുന്നത്‌. കൈനകരി പഞ്ചായത്തിലെ   ഒന്നാം വാർഡിൽ  പുത്തൻപുര ഭാഗത്താണ്‌ ‘വേമ്പനാട്ടുകായൽ പോസ്റ്റ്‌ഓഫീസ്‌’.

ആലപ്പുഴയിൽ നിന്നും ഉച്ചയ്‌ക്ക്‌ ഒന്നോടെ വരുന്ന ബോട്ടിൽ കത്തുകളടങ്ങിയ പാഴ്‌സൽകെട്ട്‌ കൊടുത്തുവിടും. കോട്ടയത്തുനിന്ന്‌ തിരികെ ആലപ്പുഴയിലേക്ക്‌ മടങ്ങുന്ന ബോട്ടിൽ ഇവിടെനിന്ന്‌ അയയ്‌ക്കാനുള്ളതും നൽകും.  പോസ്‌റ്റ്‌ഓഫീസിന്റെ ചുമതലയും കത്തുവിതരണവുമെല്ലാം  സീതാമണി ഒറ്റയ്‌ക്കാണ്‌. പണ്ട്‌ ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിലും കത്തിടപാടുകൾ കുറഞ്ഞതോടെ സീതാമണി തനിച്ചായി. ആ പതിവ്‌ കാൽനൂറ്റാണ്ടായി തുടരുകയാണ്‌.

വേമ്പനാട്ടു കായൽ പോസ്റ്റ് ഓഫീസിൽ ലഭിച്ച തപാൽ ഉരുപ്പടികൾ ആലപ്പുഴയിലേക്ക് എത്തിക്കാൻ ജലഗതാഗത വകുപ്പിൻ്റെ ബോട്ടിൽ കൈമാറുന്ന സീതാമണി

വേമ്പനാട്ടു കായൽ പോസ്റ്റ് ഓഫീസിൽ ലഭിച്ച തപാൽ ഉരുപ്പടികൾ ആലപ്പുഴയിലേക്ക് എത്തിക്കാൻ ജലഗതാഗത വകുപ്പിൻ്റെ ബോട്ടിൽ കൈമാറുന്ന സീതാമണി

1989 ഒക്‌ടോബർ ഏഴിനാണ്‌ സീതാമണി  ജോലിയിൽ പ്രവേശിച്ചത്‌. ‘ ഇപ്പോൾ 59 വയസായി,  പെൻഷനും മറ്റ്‌ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെങ്കിലും  65 വയസു വരെ  ജോലി ചെയ്യാം, ആദ്യകാലങ്ങളിലൊക്കെ ആർ ബ്ലോക്കിൽ ഒട്ടേറെ വീടുകളുണ്ട്‌. അപ്പോൾ കത്തിടപാടുകളും ധാരാളമായിരുന്നു. വെള്ളപ്പൊക്കം വിടാതെ പിന്തുടർന്നപ്പോൾ ഏറെപ്പേരും താമസം മതിയാക്കി മറ്റിടങ്ങളിലേക്ക്‌ പോയി.  ഇപ്പോൾ സ്വർണപ്പണയ നോട്ടീസും ബാങ്കുകളിൽ നിന്ന്‌  അയയ്‌ക്കുന്ന രജിസ്‌റ്റർ കത്തുകളും മാത്രമായി ചുരുങ്ങിയപ്പോൾ ജോലിഭാരവും കുറഞ്ഞു. പോസ്‌റ്റ്‌ഓഫീസ്‌ നിക്ഷേപത്തിനാണ്‌ പിന്നെ ആളുകൾ വരുന്നത്‌ ’–-ജോലി അനുഭവങ്ങൾ സീതാമണി പങ്കുവച്ചു. പടത്തിന്റെ കരയിലാണ്‌ വീടുകളേറെയും. നടന്ന്‌ എത്താവുന്ന ഭാഗങ്ങളിൽ നേരിട്ട്‌ എത്തിക്കും. ദൂരെയുള്ള വീടുകളിലാണെങ്കിൽ വിലാസക്കാരനെ ഫോണിൽ വിളിച്ചറിയിച്ചാൽ മതി. അവർ പോസ്‌റ്റ്‌ഓഫീസിലെത്തി കൈപ്പറ്റും.

1972ലാണ് ആർ ബ്ലോക്കിലെ ഒറ്റപ്പെട്ട തുരുത്തിൽ പോസ്റ്റ് ഓഫിസിന് തുടക്കമിട്ടത്. അക്കാലയളവിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിന്‌ തെങ്ങുകയറ്റത്തൊഴിലാളികളും കള്ളുചെത്തുകാരും കായലിന് ചുറ്റും താമസിച്ചിരുന്നു. അവരായിരുന്നു പ്രധാന  ഇടപാടുകാർ. തെങ്ങുകൾ നശിച്ചതോടെ അവർ നാടുകളിലേക്ക് മടങ്ങി. ഇതോടെ നഷ്ടപ്രതാപത്തിന്റെ സ്‌മരണകളുമായി ഓഫീസ് പ്രവർ ത്തനം തുടർന്നെങ്കിലും തപാൽ വകുപ്പ്‌ വേണ്ടത്ര പരിഗണന നൽകിയില്ല. പോസ്റ്റ് ഓഫിസുകളുടെ മുഖമുദ്രയായിരുന്ന തപാൽ പെട്ടിയും ഉപേക്ഷിക്കപ്പെട്ടു.   അറ്റകുറ്റപ്പണി  ഇല്ലാതായതോടെ കെട്ടിടവും തകർച്ചയിലായിരുന്നു. എന്നാൽ അടുത്തിടെ  കെട്ടിടം  നവീകരിച്ചിരുന്നു.   സോളാർപാനൽ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കി.

2016ലെ തപാൽദിനത്തിൽ സീതാമണിയെയും ഈ തപാൽ ഓഫീസിനെയും വിഷയമാ ക്കി പയസ് സ്കറിയ പൊട്ടംകുളം സംവിധാനം ചെയ്‌ത ‘ചെമന്ന പെട്ടി'  ഡോക്യുമെന്ററി രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭർത്താവ്‌ എ വൈ കുഞ്ഞുമോനുമൊത്ത്‌ ആർ ബ്ലോക്കിന്റെ കിഴക്കേബണ്ടിലാണ്‌ സീതാമണിയുടെ താമസം. വീട്ടിൽ നിന്ന്  പോസ്‌റ്റ്‌ഓഫീസിലേക്ക്‌ അരമണിക്കൂറിലേറെ നടപ്പുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top