28 September Thursday

കേരളം കൈയൊപ്പിട്ട കടലാസ്‌ ; കെപിപിഎല്ലിന്‌ പറയാനുള്ളത്‌ അത്യപൂർവ കഥ

പി സി പ്രശോഭ്‌Updated: Thursday May 18, 2023

കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡിന്റെ 
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 
നിര്‍വഹിക്കുന്നു

കോട്ടയം > കേന്ദ്ര സർക്കാർ വിൽക്കാൻ വച്ച സ്ഥാപനത്തെ സംസ്ഥാനം ഏറ്റെടുത്ത്‌ വിജയത്തിലെത്തിച്ച അത്യപൂർവ കഥയാണ്‌ കെപിപിഎല്ലിന്‌ പറയാനുള്ളത്‌. ഇന്ന്‌ കേരളത്തിന്റെ സ്വന്തം കടലാസിൽ രാജ്യത്ത്‌ 13 പത്രം പുറത്തിറങ്ങുമ്പോൾ അതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. ലേലത്തിലൂടെ കോട്ടയം വെള്ളൂരിലെ എച്ച്‌എൻഎല്ലിനെ സ്വന്തമാക്കിയാണ്‌ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡായി എൽഡിഎഫ്‌ സർക്കാർ പുനരുജ്ജീവിപ്പിച്ചത്‌. ഇന്നിവിടെ ദിവസവും 320 ടൺ ഉന്നത ഗുണമേന്മയുള്ള ന്യൂസ് പ്രിന്റ്‌ ഉൽപ്പാദിപ്പിക്കുന്നു. വ്യവസായമന്ത്രി പി രാജീവിന്റെ നിരന്തര ഇടപെടലും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പ്രത്യേക പരിഗണനയുമാണ്‌ ഈ നേട്ടത്തിന്‌ വേഗം പകർന്നത്‌.

ഇറക്കുമതി പൾപ്പിന്റെ വില ടണ്ണിന്‌ 52,000 രൂപയായിരുന്നു. ഉക്രയ്‌ൻ–- റഷ്യ യുദ്ധശേഷമത്‌ 80,000 ആയി. ഇതോടെ സ്വന്തമായി പൾപ്പ്‌ നിർമാണവും ആരംഭിച്ചു. വനംവകുപ്പ്‌ തടി നൽകി. കെമിക്കൽ പൾപ്പ്‌ മിൽ, കെമി മെക്കാനിക്കൽ പൾപ്പിങ്‌, ഡി ഇങ്കിങ്‌ പൾപ്പിങ് എന്നിവയിലൂടെയാണ്‌ നിർമാണം. അടുത്ത ഘട്ടത്തിൽ കടലാസിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്കും കടക്കും. ഇ-–- കോമേഴ്സ്, ഓൺലൈൻ റീട്ടെയിൽ, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷണ-പാനീയ മേഖല തുടങ്ങിയ രംഗങ്ങളിലെ വളർച്ച, പ്ലാസ്റ്റിക്കിനുള്ള നിയന്ത്രണം തുടങ്ങിയവ സാധ്യതയാണ്‌.

രാജ്യത്തെ പ്രമുഖ പത്രസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്‌ 10,000 ടൺ കടലാസ്‌ നൽകാനുള്ള ഓർഡർ അടുത്തിടെ ലഭിച്ചിരുന്നു. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ വികസിപ്പിക്കുകയാണ്‌ ലക്ഷ്യം. 3000 പേർക്ക് തൊഴിൽ നൽകാനും വർഷം അഞ്ചു ലക്ഷം മെട്രിക് ടൺ ഉൽപ്പാദനശേഷിയുള്ള സ്ഥാപനമായി മാറാനും കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top