17 September Tuesday

ഇതാണ്‌ ഞങ്ങളുടെ ജീവിത പാഠപുസ്‌തകം

വി ജെ വർഗീസ്‌Updated: Thursday Sep 5, 2024

അധ്യാപകരായ കെ അജ്‌മൽ, മെഹബൂബ്‌ റാസി, വി പി തങ്കമണി, വി എം മഞ്ജു, പി താജുന്നീസ എന്നിവർ മേപ്പാടിയിലെ വെള്ളാർമല സ്‌കൂളിന്‌ മുന്നിൽ


കൽപ്പറ്റ
വർഷങ്ങളായി ഇവരുടെ  വെള്ളാർമലയാത്ര തുടങ്ങിയിട്ട്‌. ഇപ്പോഴും അതിന്‌ മാറ്റമില്ല. പക്ഷേ അതെത്തുന്നത്‌ മേപ്പാടി ഹയർ സെക്കൻഡറി സ്‌കൂളിലാണെന്ന്‌ മാത്രം. അവിടെയാണ്‌ ഇപ്പോൾ അവരുടെ വെള്ളാർമല. സ്‌നേഹത്തിന്റെ മുഖങ്ങളെയെല്ലാം വീണ്ടും കാണാനാകുമെന്ന്‌ കരുതിയതല്ല ഈ അഞ്ച്‌ അധ്യാപകരും. ‘മുണ്ടക്കൈ പൊട്ടിയൊഴുകിയ രാത്രിയിൽ ചൂരൽമലപ്പുഴ ഞങ്ങളെയും എടുത്തേനെ. മലവെള്ളപ്പാച്ചിൽ എങ്ങനെയോ മറികടക്കുകയായിരുന്നു. നിലവിളികളോടെ പുഞ്ചിരിമട്ടം ഒഴുകിപ്പോകുന്നത്‌ കണ്ടു’– വാക്കിൽ ഭയമിപ്പോഴും ഉരുളുപൊട്ടുന്നു.

വെള്ളാർമല ജിവിഎച്ച്‌എസ്‌എസിലെ അധ്യാപകരായ വി പി തങ്കമണി, വി എം മഞ്ജു, മെഹബൂബ്‌ റാസി, പി താജുന്നീസ, കെ അജ്‌മൽ എന്നിവർ നീറുന്ന വേദനയോടെയാണ്‌ അധ്യാപനലോകത്തേക്ക്‌ വീണ്ടും കടന്നത്‌. ജലം ആർത്തലച്ച്‌ എത്തുമ്പോൾ നാലുപേർ സ്‌കൂളിനോട്‌ ചേർന്നുള്ള ക്വാർട്ടേഴ്‌സുകളിലും അജ്മൽ ചൂരൽമലയിലെ പരിചയക്കാരന്റെ വീട്ടിലുമായിരുന്നു. എല്ലാം തകർത്ത് ജലപർവതമെത്തിയപ്പോൾ ജീവൻ മുറുകെപ്പിടിച്ച്‌ കൂരിരുട്ടിൽ ഓടി. രക്ഷപ്പെടൽ മഞ്ജുവിന്‌ ഇപ്പോഴും അവിശ്വസനീയം. ക്വാർട്ടേഴ്‌സിന്റെ മുകളിലെ നിലയിലുണ്ടായിരുന്ന മെഹബൂബ്‌ റാസിയെത്തി രക്ഷിക്കുകയായിരുന്നു. ഒമ്പതുമാസമായ കൈക്കുഞ്ഞിനെയും കൊണ്ടാണ്‌ താജുന്നീസ കുന്നിൻമുകളിലേക്ക്‌ ഓടിക്കയറിയത്‌.

തങ്കമണിയുടെയും അജ്‌മലിന്റെയും രക്ഷപ്പെടലും സാഹസികമായിരുന്നു. ദുരന്തത്തിൽ ജീവൻ തിരിച്ചുകിട്ടി. എന്നാൽ ഉരുളെടുത്ത വിദ്യാർഥികളുടെ ചേതനയറ്റ ശരീരങ്ങൾ തിരിച്ചറിയുക എന്ന പിന്നീടുള്ള ദൗത്യം ഹൃദയഭേദകമായിരുന്നുവെന്ന്‌ ഇവർ പറഞ്ഞു.  വെള്ളാർമല സ്‌കൂളിലെ 33 കുട്ടികളെയാണ്‌ ദുരന്തം കൊണ്ടുപോയത്‌. ആ ഓർമകളെല്ലാം ഉള്ളിലൊതുക്കി  മേപ്പാടിയിലെ വെള്ളാർമല സ്‌കൂളിൽ കുഞ്ഞുങ്ങൾക്ക്‌ പ്രതീക്ഷയുടെ പാഠങ്ങൾ പകർന്നു നൽകുകയാണ്‌ അവരിന്ന്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top