21 October Monday

ബിജെപിയും കോൺഗ്രസും രാഷ‌്ട്രീയ മുതലെടുപ്പിന‌് ശ്രമിച്ചു: വെള്ളാപ്പള്ളി

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2019

ചേർത്തല > തുഷാറിന്റെ അറസ‌്റ്റിൽ ബിജെപിയും കോൺഗ്രസും രാഷ‌്ട്രീയ മുതലെടുപ്പിന‌് ശ്രമിച്ചുവെന്ന‌് എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ ട്രസ‌്റ്റ‌് വാർഷിക പൊതുയോഗത്തിൽ റിപ്പോർട്ടും കണക്കും ബജറ്റും അവതരിപ്പിച്ച‌് സംസാരിക്കുകയായിരുന്നു സെക്രട്ടറി കൂടിയായ
അദ്ദേഹം.

അറസ‌്റ്റിൽ രാഷ‌്ട്രീയ ഗൂഢാലോചനയെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ‌് ശ്രീധരൻപിള്ളയുടെ പ്രസ‌്താവന അപക്വവും മുതലെടുപ്പിനുള്ളതും ആണ‌്. കമ്യൂണിസ‌്റ്റുകാർ തുഷാറിനെ കുടുക്കിയെന്നാണ‌് അദ്ദേഹം ഉദ്ദേശിച്ചത‌്. പുരകത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണിത‌്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സമാന നിലപാടാണ‌് സ്വീകരിച്ചത‌്. മീശയ‌്ക്ക‌് തീപിടിക്കുമ്പോൾ ബീഡി കത്തിക്കാനുള്ള ശ്രമമാണ‌് നടത്തിയത‌്. കഴിവുകെട്ട മുല്ലപ്പള്ളിക്ക്‌ അബദ്ധത്തിൽ കിട്ടിയതാണ‌് കെപിസിസി പ്രസിഡന്റ‌് സ്ഥാനമെന്ന‌് തെളിയിച്ചു.

സത്യാവസ്ഥ തിരിച്ചറിഞ്ഞാണ‌് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടത‌്. കാരുണ്യമതിയായ യൂസഫലിയും നിജസ്ഥിതി ബോധ്യപ്പെട്ടാണ‌് സഹായിച്ചത‌്. തുഷാറിനോടല്ല എസ്എൻഡിപി യോഗമെന്ന പ്രസ്ഥാനത്തോടുള്ള സ്‌നേഹമാണ് പിന്തുണയിലൂടെ മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നും അക്കാര്യം എല്ലാവർക്കും ഓർമവേണമെന്നും വെള്ളാപ്പള്ളി പറഞ്ഞപ്പോൾ ഹർഷാരവത്തോടെയാണ‌് സദസ‌് സ്വീകരിച്ചത‌്. ഗൾഫിൽ ഉണ്ടായിരുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരനും സംഭവത്തിൽ ഇടപെട്ടു. കേസ‌് രമ്യമായി പരിഹരിക്കാനാണ‌് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top