22 October Tuesday

രാഹുലിന് ഒഴിയാം ; തുറന്നടിച്ച് വീരപ്പ മൊയ‌്‌ലി ; കേരളനേതാക്കള്‍ രാഹുലിനെ വഴിതെറ്റിച്ചുവെന്ന് മുതിര്‍ന്ന നേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019


ന്യൂഡൽഹി
കോണ്‍​ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയണമെന്നുണ്ടെങ്കിൽ രാഹുൽ ഗാന്ധി മാന്യമായ  മാർഗം സ്വീകരിക്കണമെന്ന‌് മുതിർന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ‌്‌ലി. ശരിയായ കരങ്ങളിൽ കോണ്‍​ഗ്രസിനെ ഏൽപ്പിച്ചശേഷം ഒഴിയുകയാണ‌് രാഹുൽ ചെയ്യേണ്ടത‌്. കോൺഗ്രസിനെ തളർത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന വിധത്തിൽ നേതൃപദവി വിട്ടുപോകരുത‌്. ഇപ്പോഴത്തെ നിഷ‌്ക്രിയത്വം പാർടിയെ തകർക്കും–-ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വീരപ്പ മൊയ‌്‌ലി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് തകർന്നടിയുകയും അമേഠിയിൽ സിറ്റിങ‌് സീറ്റിൽ പരാജയപ്പെടുകയും ചെയ‌്തശേഷം പാര്‍ടി അധ്യക്ഷപദവിയില്‍ തുടരാന്‍ മടിച്ചുനില്‍ക്കുന്ന രാഹുലിനെതിരെ സംസ്ഥാനഘടകങ്ങളില്‍ ഉയരുന്ന ശക്തമായ വിമതസ്വരമാണ് മൊയ‌്‌ലിയിലൂടെ പുറത്തുവന്നത്. തെലങ്കാനയിൽ എംഎൽഎമാരുടെ കൂട്ട കൂറുമാറ്റത്തെത്തുടർന്ന‌്  പ്രതിപക്ഷകക്ഷി സ്ഥാനംപോലും നഷ്ടമായ തീവ്രപ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കാതെ രാഹുല്‍ വയനാട്ടിലെ ‘വിജയം’ ആഘോഷിക്കുന്നതില്‍ കോണ്‍​ഗ്രസില്‍ അസ്വസ്ഥത പടരുകയാണ്. "ഇന്നത്തെ സ്ഥിതിയിൽ കോൺഗ്രസിന‌് മുന്നോട്ടുപോകാൻ കഴിയില്ലെന്ന‌ും കർണാടകത്തിലെ ചിക്കബല്ലാപുർ മണ്ഡലത്തിൽ പരാജയപ്പെട്ട മൊയ‌്‌ലി പറഞ്ഞു.

പാർടി നിർജ്ജീവമാണ‌്‌. സംസ്ഥാനഘടകങ്ങളിൽ നേതാക്കൾ ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടുന്നു. ഈ അവസ്ഥയ‌്ക്ക‌് വലിയ വില നൽകേണ്ടിവരും. പാർടിയിൽ അച്ചടക്കം സ്ഥാപിക്കാൻ രാഹുൽ മുൻകൈ എടുക്കണം. അഥവാ ഒഴിഞ്ഞുപോകണമെന്നുണ്ടെങ്കിൽ അതിനു ഉചിതമായ വഴി സ്വീകരിക്കണം'-, മൊയ‌്‌ലി തുറന്നടിച്ചു.

രാഹുലിന്റെയും ഉപദേഷ്ടാക്കളുടെയും പ്രവർത്തനശൈലിക്കെതിരെ സംസ്ഥാനഘടകങ്ങളില്‍ ശക്തമായ രോഷം ഉയരുന്നുണ്ട്. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ ദക്ഷിണേന്ത്യയിലാകെ നേട്ടം കൊയ്യാമെന്നായിരുന്നു പ്രചാരണം. എന്നാൽ കർണാടക, ആന്ധ്രപ്രദേശ‌്, തെലങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകര്‍ന്നു. രാഹുലിന്റെ സ്ഥാനാർഥിത്വം ബിജെപിക്ക‌് ഉത്തരേന്ത്യയിൽ മുതലെടുപ്പിനുള്ള അവസരമാകുകയും ചെയ്തു. ഏ കെ ആന്റണി, കെ സി വേണുഗോപാൽ  ഉൾപ്പെടെയുള്ള  കേരളത്തിലെ നേതാക്കളുടെ ഉപദേശം കേട്ട രാഹുൽ കോണ്‍​ഗ്രസിനെ കുഴിയില്‍ ചാടിച്ചെന്ന് കരുതുന്ന മുതിര്‍ന്ന നേതാക്കളുമുണ്ട്. ആർഎസ‌്എസ് പിൻബലമുള്ള ബിജെപിയെ നേരിടാൻ രാഹുലിന്റെ നേതൃത്വത്തിന് കഴിയില്ലെന്ന അഭിപ്രായവും ഉയരുന്നു.

തെരഞ്ഞെടുപ്പ‌് തോൽവിക്കുശേഷം  രാഹുൽ സംഘടനകാര്യങ്ങളിൽ ഇടപെടുന്നില്ല. നേതാക്കളെ കാണാൻ വിസമ്മതിക്കുന്നു. മോഡിസർക്കാരിന്റെ ആദ്യ മൂന്നുവർഷം രാഹുൽ നിഷ‌്ക്രിയനായിരുന്നു. ഹൈക്കമാൻഡ‌് സംസ‌്കാരം അവസാനിപ്പിക്കണമെന്നും  ജനാധിപത്യപരമായ പ്രവർത്തനശൈലി ഉണ്ടാകണമെന്നും ഒരുവിഭാഗം നേതാക്കൾ വാദിക്കുന്നു‌.  പാർലമെന്റ‌് സമ്മേളനം തുടങ്ങുന്ന 17 നുമുമ്പ‌് അധ്യക്ഷപദവിയുടെ കാര്യത്തിൽ താൽക്കാലിക പരിഹാരമെങ്കിലും കോൺഗ്രസിനു കാണേണ്ടിവരും. ഇല്ലെങ്കിൽ കൂടുതൽ നേതാക്കൾ രാഹുലിനെതിരെ രംഗത്തുവരാൻ സാധ്യതയുണ്ട‌്.
 ഇതിനിടെ, രണ്ട‌് വർഷത്തേക്ക‌് കോൺഗ്രസിന്റെ അധ്യക്ഷപദവി ഏറ്റെടുക്കാമെന്ന‌് അറിയിച്ച‌്  രാഹുലിന് മുൻ കേന്ദ്രമന്ത്രിയും 1975ൽ ലോകകപ്പ‌് കിരീടം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അം​ഗവുമായിരുന്ന  അസ്ലം ഷേർ ഖാൻ കത്തയച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top