തിരുവനന്തപുരം
പാർലമെന്റ് മന്ദിരം ഉദ്ഘാടനവേളയിൽ ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങിയെന്ന് വിളിച്ചുപറയാനുള്ള ആർജവം രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കുണ്ടായില്ലെന്ന് മന്ത്രി വീണാ ജോർജ്. എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ‘മാധ്യമ സ്വാതന്ത്ര്യം, ധർമം, നൈതികത’ എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാർലമെന്റ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങുകൾ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും മതേതരത്വത്തിനും എതിരാണെന്ന് പറയാൻ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ചങ്കൂറ്റം കാണിച്ചില്ല. ആധുനിക ഇന്ത്യയിൽ കോർപറേറ്റുകൾ വിലയ്‌ക്കെടുത്ത് മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുകയാണ്.
കോർപറേറ്റുവൽക്കരണത്തിന്റെ വക്താക്കളായ ഭരണാധികാരികളെ തൃപ്തിപ്പെടുത്തുന്ന വാർത്തകളാണ് മാധ്യമങ്ങൾ സൃഷ്ടിക്കുന്നത്. മാധ്യമങ്ങളെ വിലയ്‌ക്ക് വാങ്ങുക വഴി കോർപ്പറേറ്റുകൾ ലക്ഷ്യമിടുന്നത് ലാഭമല്ല, മറിച്ച് നാടിന്റെ സമ്പത്ത് കൈയടക്കാൻ അനുകൂലമായ സാഹചര്യമൊരുക്കലാണ്. വാർത്തകൾ വാണിജ്യ ഉൽപ്പന്നങ്ങളായി മാറി. മരണത്തെപ്പോലും വാണിജ്യവൽക്കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്.
ഇതിനിടയിലും പ്രതീക്ഷയുടെ ചില തുരുത്തുകൾ അവശേഷിക്കുന്നുണ്ട്. മൂലധന താൽപ്പര്യത്തിന് വഴങ്ങാത്ത മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കള്ളക്കേസുകൾ സൃഷ്ടിക്കുകയാണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനം നിലനിൽക്കേണ്ടത് അനിവാര്യമാണ്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പിക്കേണ്ടതുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.
എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആർ സാജൻ, മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, മീഡിയവൺ ചീഫ് എഡിറ്റർ പ്രമോദ് രാമൻ, വൈസ് പ്രസിഡന്റ് ബി അനിൽ കുമാർ എന്നിവർ സംസാരിച്ചു.
ജീവനക്കാർക്കായി സംഘടിപ്പിച്ച ബാഡ്‌മിന്റൺ, ക്രിക്കറ്റ്, കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..