17 September Tuesday

വാഴൂര്‍ എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

കോട്ടയം > വാഴൂര്‍ എസ്‌വിആര്‍ എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജി പ്രമോദിനെ അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ റിമാന്‍ഡു ചെയ്യപ്പെട്ട മുന്‍ വിദ്യാര്‍ത്ഥിയുടെ മാതാവ് മാനേജ്‌മെന്റിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. വിദ്യാര്‍ത്ഥിക്കെതിരെ പരാതി ഫയല്‍ ചെയ്ത് റിമാന്‍ഡ് ചെയ്യുന്നതിന് കൂട്ടുനിന്നതിലെ പോരായ്മ മാനേജ്‌മെന്റിന് ബോധ്യപ്പെട്ടതിനാലാണ് നടപടി. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണം പൂര്‍ത്തിയാകുംവരെയാണ് സസ്‌പെന്‍ഷന്‍.

റിമാന്‍ഡില്‍ കഴിയുന്ന സൂരജിന്റെ മാതാവ് ബിജി മാനേജ്‌മെന്റില്‍ നല്‍കിയ പരാതിയിലാണ് നടപടി. സൂരജിനെതിരെ അകാരണമായി പരാതി നല്‍കി ജയിലില്‍ അടച്ചതിനെതിരെ എസ്എഫ്‌ഐയും മാനേജ്‌മെന്റിനെ സമീപിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ മുന്‍പും എസ്എഫ്‌ഐ മാനേജ്‌മെന്റില്‍ പരാതിപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ചൊവ്വാഴച്ചയാണ് പ്രിന്‍സിപ്പലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. കെമേഴ്സ് വിഭാഗം മേധാവി ഡോ.ഡി ഗംഗാദത്തനാണ് താല്കാലിക ചുമതല.

ബൈക്ക് പാര്‍ക്കിംഗിനെ ചൊല്ലി വിദ്യാര്‍ത്ഥി കൈയ്യേറ്റം ചെയ്തുവെന്നാരോപിച്ച് ജി പ്രമോദ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പള്ളിക്കത്തോട് പൊലീസ് വിദ്യാര്‍ത്ഥിയെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിയെ കോടതി റിമാന്‍ഡ് ചെയ്തു. പരാതിയില്‍ കഴമ്പില്ല എന്ന് മനസ്സിലാക്കിയിട്ടും പ്രിന്‍സിപ്പലിന് അനുകൂലമായി പൊലീസ് കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു.

നേരത്തെ പ്രിന്‍സിപ്പല്‍ ജി പ്രമോദ് മോശമായി പെരുമാറി എന്നാരോപിച്ച് ഒരു വിദ്യാര്‍ത്ഥിനി പള്ളിക്കത്തോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ പരാതിയുമായി വിദ്യാര്‍ത്ഥിനി  മാനേജ്‌മെന്റിനെയും സമീപിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനെ രണ്ട് മാസക്കാലം കോളേജില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. കോളേജില്‍ തിരിച്ചെത്തിയ പ്രിന്‍സിപ്പല്‍ വീണ്ടും സൂരജിന്റെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍  സസ്‌പെന്‍ഷന്‍ നടപടികള്‍ക്ക് വിധേയമായിരിക്കുകയാണ്. പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ കേസില്‍ കുടുക്കി ജയിലില്‍ അടച്ചു എന്നാരോപിച്ച് സൂരജിന്റെ രക്ഷിതാക്കള്‍ യൂണിവേഴ്സിറ്റി അധികൃതര്‍ക്കും വിവിധ വകുപ്പുകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top