തിരുവനന്തപുരം
ഹൃദയം കൊണ്ടെഴുതിയ വരികളാൽ മലയാളിയുടെ മനസ്സ് തൊട്ടുണർത്തിയ കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് 2023ലെ വയലാർ അവാർഡ്. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്‌ക്കാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്‌ത ശിൽപ്പവുമടങ്ങുന്ന പുരസ്‌കാരം വയലാർ രാമവർമയുടെ ചരമവാർഷിക ദിനമായ 27ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് വയലാർ സ്‌മാരക ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ട്രസ്റ്റിന്റെ 47–-ാം പുരസ്‌കാരമാണിത്. പി കെ രാജശേഖരൻ, വിജയലക്ഷ്‌മി, ഡോ. എൽ തോമസ്‌കുട്ടി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. തീക്ഷ്‌ണമായ ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ആവിഷ്‌കാരമാണ് ജീവിതം ഒരു പെൻഡുലമെന്ന് സമിതി വിലയിരുത്തി. അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമായ ശ്രീകുമാരന്‍ തമ്പി ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. 30 സിനിമ സംവിധാനം ചെയ്‌തു. 22 സിനിമ നിര്‍മിച്ചു. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015ല്‍ ലഭിച്ചു. 2018ല്‍ മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം, ഓടക്കുഴൽ അവാർഡ്, വള്ളത്തോൾ, ആശാൻ സ്മാരക പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ലഭിച്ചു. ട്രസ്‌റ്റ് വൈസ് പ്രസിഡന്റ് പ്രൊഫ. ജി ബാലചന്ദ്രൻ, അംഗങ്ങളായ പ്രഭാവർമ്മ, സി ഗൗരീദാസൻ നായർ, ഡോ. വി രാമൻകുട്ടി, സെക്രട്ടറി ബി സതീശൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പലവട്ടം പുരസ്‌കാരങ്ങൾ
നിഷേധിച്ചു: ശ്രീകുമാരൻ തമ്പി
പലതവണ അവാർഡ് നിഷേധിക്കപ്പെട്ട തനിക്ക് വൈകിക്കിട്ടിയ അംഗീകാരമാണ് വയലാർ അവാർഡെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. നാല് തവണ വയലാർ അവാർഡിൽനിന്ന് ചിലർ ബോധപൂർവം ഒഴിവാക്കി. 31–-ാം വയസിൽ കേരളസാഹത്യ അക്കാദമി അവാർഡ് നൽകാൻ നിശ്ചയിച്ചപ്പോൾ ‘ഒരു മഹാകവി’ ഇടപെട്ട് പട്ടികയിൽനിന്ന് പേരു വെട്ടി. ആദ്യം അക്ഷരം മുഴുവൻ പഠിച്ചിട്ടുവരട്ടെ, എന്നിട്ട് മതി അവാർഡെന്നാണ് മഹാകവി പറഞ്ഞത്. ഇതുവരെ കേരളസാഹത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളൊക്കെ തുറന്നുപറയാൻ മടിയില്ല.
യഥാർഥ പ്രതിഭയെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല. ജനങ്ങൾ അവരോടൊപ്പം ഉണ്ടാകും. എന്റെ കൂടെ ജനങ്ങളുണ്ട്. അവാർഡുകളല്ല, ജനങ്ങളാണ് തീരുമാനിക്കുന്നത് ഞാൻ ആരാണെന്ന്. എന്റെ പാട്ടുകൾ, കവിതകൾ, ആത്മകഥയൊക്കെ എന്താണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ‘അമ്മയ്‌ക്കൊരു താരാട്ട് ’ കവിതാസമാഹാരത്തിന് വയലാർ അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവസാനഘട്ടത്തിൽ അത് മാറിപ്പോയെന്നാണ് പിന്നീട് ലഭിച്ച വിവരം. ആ അവാർഡ് ലഭിക്കാത്തതിൽ ദുഃഖമുണ്ട്. അത് കവിയുടെ ദുഃഖമാണ്. വയലാറും പി ഭാസ്‌കരനും ഒ എൻ വിയും ഗുരുസ്ഥാനീയരാണ്. പിന്നീട് ഗുരുസ്ഥാനീയരോട് മത്സരിക്കേണ്ടി വന്നിട്ടുണ്ട്. രചിച്ച കവിതകളും ഗാനങ്ങളുമെല്ലാം പകർത്തിയതാണെന്ന് ചിലർ ആക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..