19 August Monday

വട്ടിയൂർക്കാവിലേത് എൽഡിഎഫിന്റെ തുടർച്ചയായ 8ാം വിജയം; യുഡിഎഫ്-ബിജെപി മുന്നണിക്ക് 15 ശതമാനം വോട്ട് മാത്രം

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

വട്ടിയൂർക്കാവ്> വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക‌് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌്  നേതൃത്വം നൽകിയ സഹകരണ ജനാധിപത്യസംരക്ഷണ മുന്നണിക്ക‌് ഉജ്വലജയം. ആകെയുള്ള 13 സീറ്റും മുന്നണി നേടി. സിപിഐ എം പേരൂർക്കട ഏരിയ കമ്മിറ്റിയംഗമായ വി ബാലചന്ദ്രൻ പ്രസിഡന്റായ പാനലാണ‌് വിജയിച്ചത‌്. എം കൃഷ്ണൻനായർ, എം വേലപ്പൻ,  എസ‌് ഷാജി, ജി സുരേഷ‌്കുമാർ, എസ‌് പ്രദീപ‌് കുമാർ, എൻ രാജേന്ദ്രൻ, കെ മദനചന്ദ്രൻനായർ, വി സജികുമാർ, എം സത്യൻ, ഐ കെ അജിതാദേവി, എൻ മൈമൂനത്ത‌്, ജെ ‌എസ‌് ജിനി എന്നിവരാണ‌് വിജയിച്ച മറ്റുള്ളവർ.

യുഡിഎഫ് നേതൃത്വം നൽകുന്ന അവിശുദ്ധമുന്നണിക്കെതിരെ 1500ൽപരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഓരോ സ്ഥാനാർഥിയും വിജയിച്ചത്. ആകെ പോൾ ചെയ്ത 2810 വോട്ടിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് 15 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് നേടാനായത്. ക്ലാസ‌് വൺ സ‌്പെഷ്യൽ ഗ്രേഡ‌് ബാങ്ക‌്‌ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു, ബ്ലോക്ക് പ്രസിഡന്റ് നാരായണപിള്ള എന്നിവരുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ മേൽനോട്ടത്തിൽ നേരിട്ട് ഇടപെട്ടിട്ടും കഴിഞ്ഞ തവണത്തേക്കാൾ ദയനീയ പരാജയമാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ള പാനൽ നേരിട്ടത‌്.

1989 മുതൽ എൽഡിഎഫ‌് നിയന്ത്രണത്തിലുള്ള സഹകരണ സഹകരണ ജനാധിപത്യസംരക്ഷണ മുന്നണിയെയാണ് സഹകാരികൾ വിജയിപ്പിക്കുന്നത‌്. മുന്നണിയുടെ  തുടർച്ചയായ എട്ടാംവിജയമാണ്. വനിതാസംവരണ വിഭാഗത്തിലെ 3 സീറ്റുകളിൽ മുന്നണി എതിരില്ലാതെ വിജയിച്ചിരുന്നു. വട്ടിയൂർക്കാവിൽ എൽഡിഎഫ‌ിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

തുടർന്നുനടന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ സി വിക്രമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി രാജൻ, ഇ ജി മോഹനൻ, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, പേരൂർക്കട ഏരിയ സെക്രട്ടറി എസ‌്‌ എസ് രാജലാൽ എന്നിവർ സംസാരിച്ചു. സഹകരണ ജനാധിപത്യസംരക്ഷണ മുന്നണിയെ വീണ്ടും തെരഞ്ഞെടുത്ത സഹകാരികളെ തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി സി പ്രസന്നകുമാർ നന്ദി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top