തിരുവനന്തപുരം
രണ്ടാം വന്ദേഭാരത്എക്‌സ്‌പ്രസിന്റെ വരവോടെ വിവിധ ട്രെയിനുകളുടെ സമയമാറ്റത്തിനുള്ള നടപടിയുമായി റെയിൽവേ. കാസർകോടുനിന്ന് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തി 4.05ന് മടങ്ങുന്ന തരത്തിലാണ് രണ്ടാം വന്ദേഭാരതിന്റെ സമയക്രമം. തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള കണ്ണൂർ ജനശതാബ്ദി, കോട്ടയം പാസഞ്ചർ, ചെന്നൈ മെയിൽ കൊച്ചുവേളിയിൽനിന്നുള്ള ശ്രീഗം ഗാനഗർ എക്സ്പ്രസ്, കൊല്ലത്തുനിന്നുള്ള അനന്തപുരി എക്സ്പ്രസ്, ഗുരുദേവ് സൂപ്പർഫാസ്റ്റ്, കന്യാകുമാരി -ബംഗളൂരു ഐലൻഡ്, കോഴിക്കോട്-–-തിരുവനന്തപുരം ജനശതാബ്ദി, മംഗളൂരു-–-നാഗർകോവിൽ ഏറനാട് എന്നിവയുടെ സമയത്തിലാണ് മാറ്റമുണ്ടാകുകയെന്നാണ് സൂചന.
കോട്ടയം പാസഞ്ചർ കടയ്ക്കാവൂരിൽ ഏറെനേരം പിടിച്ചിട്ടാണ് പരീക്ഷണയോട്ടത്തിൽ വന്ദേഭാരതിന് ട്രാക്കൊരുക്കിയത്. ഭാവ്നഗർ എക്സ്പ്രസ് കൊല്ലത്ത് 20 മിനിറ്റ് നിർത്തിയിട്ടു. കൊച്ചുവേളി-–-ബംഗളൂരു എക്സ്പ്രസ് വൈകി. എറണാകുളം-ആലപ്പുഴ മെമു കുമ്പളത്തും ഏറനാട് മാരാരിക്കുളത്തും ജനശതാബ്ദി ചേർത്തലയിലും പിടിച്ചിട്ടു. ആലപ്പുഴയിൽനിന്ന് ആറിന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചർ 45 മിനിറ്റ് വൈകി.
കാസർകോടുനിന്ന് നിലവിൽ രാവിലെ ഏഴിന് തിരിച്ച് 3.05 ഓടെയാണ് വന്ദേഭാരത് എക്‌സ്‌പ്രസ് തിരുവനന്തപുരം സെൻട്രലിൽ എത്തുക.
പുറപ്പെടുന്നത് പുലർച്ചെ അഞ്ചിനാക്കിയാൽ പകൽ ഒന്നോടെ തിരുവനന്തപുരത്തെത്താമെന്ന് യാത്രക്കാർ പറയുന്നു. ഇത് തിരുവനന്തപുരത്ത് വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് പ്രയോജനപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു. ഉദ്‌ഘാടനദിവസമായ ഞായറാഴ്‌ച ട്രെയിനിന് വഴിയൊരുക്കാൻ വിവിധ ട്രെയിനുകൾ പിടിച്ചിട്ടിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് 4.05ന് ആണ് ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന്റെ സാധാരണ സർവീസ് ആരംഭിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..