06 July Wednesday

വല്ലാർപാടത്തമ്മയുടെ ചിത്രത്തിന്‌ പഴമചോരാതെ വീണ്ടെടുപ്പ്‌

എം എസ്‌ അശോകൻUpdated: Friday Jun 24, 2022


കൊച്ചി
വല്ലാർപാടം ബസിലിക്ക പള്ളിയുടെ അൾത്താരയിലെ 500 വർഷം പഴക്കമുള്ള കന്യാമറിയത്തിന്റെ എണ്ണച്ചായ ചിത്രത്തിന്‌ പഴമ ചോരാതെ വീണ്ടെടുപ്പ്‌. ബസിലിക്കയോട്‌ ചേർന്ന്‌ തയ്യാറാക്കിയ പ്രത്യേക ലാബിൽ ഒരാഴ്‌ച നീണ്ട പ്രവർത്തനങ്ങളിലൂടെയാണ്‌ ചിത്രം ശാസ്‌ത്രീയമായി പുനരുദ്ധരിച്ചത്‌. വല്ലാർപാടം പള്ളിയുടെ ചരിത്രവും ഐതിഹ്യവുമായി ബന്ധപ്പെട്ട പെയിന്റിങ് അമൂല്യ പുരാവസ്‌തുവുമാണ്‌.  ശരിപ്പകർപ്പ്‌ അൾത്താരയിൽ സ്ഥാപിച്ചശേഷമാണ്‌ യഥാർഥ ചിത്രം പുനരുദ്ധാരണത്തിന്‌ എടുത്തത്‌.

കലാപരിപാലനത്തിൽ ബറോഡയിലെ എംഎസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ പിഎച്ച്‌ഡി നേടിയ ഡൽഹി മലയാളി സത്യജിത്‌ ഇബന്റെ നേതൃത്വത്തിലായിരുന്നു ചിത്രത്തിന്റെ പുനരുദ്ധാരണം. സഹായിയായി മഹാരാഷ്‌ട്രക്കാരി ശ്രുതി ഹാൽദേക്കറും. 90 സെന്റിമീറ്റർ നീളവും 70 സെന്റിമീറ്റർ വീതിയും അരയിഞ്ച്‌ കനവുമുള്ള മരപ്പലകയിൽ എണ്ണച്ചായം ഉപയോഗിച്ചാണ്‌ ചിത്രത്തിന്റെ രചന. കാലപ്പഴക്കത്താൽ പലഭാഗത്തും ചായം പൊളിഞ്ഞിരുന്നു. കുമിളകൾ രൂപപ്പെട്ടു. യഥാർഥ ചിത്രത്തിനുമുകളിൽ പിന്നീട്‌ പലപ്പോഴും അശ്രദ്ധമായി ചായം പൂശിയതും അഭംഗിയായി. പലകയ്‌ക്ക്‌ കാര്യമായ കേടുണ്ടായിരുന്നില്ല. ചിത്രപ്രതലത്തിന്റെയും ചായങ്ങളുടെയും സ്വഭാവം നിർണയിച്ചശേഷമായിരുന്നു വീണ്ടെടുപ്പുനടപടികൾ. 

ഭാവിയിൽ പലകയ്‌ക്ക്‌ കേടുപാട്‌ ഉണ്ടാകാതിരിക്കാൻ വിവിധ രാസപദാർഥങ്ങൾ ഉപയോഗിച്ച്‌ തടയിട്ടു. ചായം നഷ്‌ടപ്പെട്ടിടത്ത്‌ അതേ നിറങ്ങൾതന്നെ പുനഃസ്ഥാപിച്ചു. ചായം വീണ്ടും പൊളിഞ്ഞുപോകാതിരിക്കാനും തിളക്കം നിലനിർത്താനുമുള്ള ശാസ്‌ത്രീയ നടപടികളും പൂർത്തിയാക്കിയതായി സത്യജിത്‌ ഇബൻ പറഞ്ഞു. പുതിയ തടിച്ചട്ടത്തിൽ ചിത്രം ഉറപ്പിച്ച്‌ മികച്ച കാഴ്‌ചാനുഭവം നൽകുന്നവിധം അൾത്താരയിൽ സ്ഥാപിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തിനകം ഈ ജോലികളും പൂർത്തിയാകും.

പോർച്ചുഗീസ്‌ അധിനിവേശകാലത്ത്‌, ലിസ്‌ബണിലെ അജ്ഞാത കലാകാരൻ വരച്ച ചിത്രം അൾത്താരയിൽ സ്ഥാപിച്ച്‌ 1524ലാണ്‌ ആദ്യപള്ളി നിർമിച്ചത്‌. 1676ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പള്ളി തകർന്നു. ചിത്രം കായലിൽ നഷ്‌ടമായി. പാലിയത്തച്ചനായിരുന്ന രാമൻ അച്ചന്റെ തോണിയാത്രയ്‌ക്കിടെ കണ്ടുകിട്ടിയ ചിത്രം പള്ളി അധികൃതർക്ക്‌ കൈമാറിയെന്നും പുതിയ പള്ളി നിർമിക്കാൻ സ്ഥലം നൽകിയെന്നും ചരിത്രം. യഥാർഥ ചിത്രത്തിനുകീഴെ ഒരമ്മയുടെയും കുഞ്ഞിന്റെയും ചിത്രവും പിന്നീട്‌ വരച്ചുചേർത്തു. പള്ളിയുമായി ബന്ധപ്പെട്ട്‌ പ്രചാരത്തിലുള്ള ഐതിഹ്യത്തിൽ പറയുന്ന മീനാക്ഷിയമ്മയും മകനുമാണ്‌ ചിത്രത്തിലുള്ളത്‌. ഉദ്ദേശം 250 വർഷംമുമ്പാണ്‌ അത്‌ വരച്ചുചേർത്തതെന്ന്‌ കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top