Deshabhimani

"പാള'ത്തിന്‌ പുറത്താണ്‌ വാളയാർ സ്‌റ്റേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 12:45 PM | 0 min read

വാളയാർ > കാടുമൂടി ഇഴജന്തുക്കളുടെയും കുരങ്ങന്മാരുടെയും വിഹാരകേന്ദ്രമായ റോഡ്. പ്ലാറ്റ്‌ഫോമിലേക്ക്‌ കയറണമെങ്കിൽ പാളം കുറുകേകടക്കണം. മേൽപ്പാലം അടച്ചുപൂട്ടിയിട്ട്‌ കാലങ്ങളായി... വാളയാർ റെയിൽവേ സ്റ്റേഷനിലെ അവസ്ഥ ഇങ്ങനെയാണ്‌. റെയിൽവേ സ്റ്റേഷന് വേണ്ട ഒരു സൗകര്യവും നിലവിൽ വാളയാറിലില്ല. ശുചിമുറിപോലും.

പാലക്കാട്‌ –-കോയമ്പത്തൂർ പാസഞ്ചർ, കോയമ്പത്തൂർ മെമു, കോയമ്പത്തൂർ എക്സ്പ്രസ് തുടങ്ങി ചുരുക്കം ട്രെയിനുകൾക്കേ അതിർത്തിയിലെ ഈ സ്‌റ്റേഷനിൽ സ്റ്റോപ്പുള്ളൂ. മലബാർ സിമന്റ്‌സ്‌, അഹല്യ ആശുപത്രി, അതിർത്തിയിൽ വ്യാപാരം ചെയ്യുന്നവർ, കോയമ്പത്തൂരിലേക്ക്‌ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പോകുന്നവർ തുടങ്ങി നൂറുകണക്കിനാളുകൾ വാളയാർ റെയിൽവേ സ്റ്റേഷനെ ദിവസം ആശ്രയിക്കുന്നുണ്ട്‌. എന്നിട്ടും അടിസ്ഥാന സൗകര്യം ഒരുക്കാൻ റെയിൽവേ തയ്യാറാകുന്നില്ല.

ദേശീയപാതയിൽനിന്ന്‌ സ്റ്റേഷനിലേക്കുള്ള റോഡ്‌ കാടുമൂടിയിട്ട്‌ കാലങ്ങളായി. വാഹനത്തിൽ വരുന്നവർക്ക്‌ പാർക്കിങ് സൗകര്യവുമില്ല. സ്‌റ്റേഷനും പരിസരവും കുരങ്ങുകളുടെയും പക്ഷികളുടെയും വിഹാരകേന്ദ്രവും. രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ താവളവും. നിരവധി ദീർഘദൂര ട്രെയിനുകൾ കടന്നുപോകുന്ന ഈ റൂട്ടിൽ വാളയാറിൽ നിർത്തുന്ന ട്രെയിനുകളിൽ ഭൂരിഭാഗവും അവസാനിക്കുന്നത്‌ കോയമ്പത്തൂരിലാണ്. ദീർഘദൂര യാത്രക്കാർ കിലോമീറ്ററുകൾ സഞ്ചരിച്ച്‌ കോയമ്പത്തൂരിലോ പാലക്കാടോ എത്തി വേണം യാത്രചെയ്യാൻ. തൊട്ടടുത്തുള്ള മധുക്കര, നവക്കര സ്റ്റേഷനുകളിൽ കാട്ടാനകൾക്ക്‌ സഞ്ചരിക്കാൻ റെയിൽവേ അടിപ്പാത ഒരുക്കുമ്പോഴാണ് വാളയാറിൽ വന്യമൃഗങ്ങൾ യഥേഷ്ടം വിലസുന്നത്‌.



deshabhimani section

Related News

0 comments
Sort by

Home