28 September Tuesday
മുസ്ലിം ലീഗ്‌ നേതാക്കൾ അടക്കം 26 പ്രതികൾ

വളപട്ടണം ബാങ്ക്‌ തട്ടിപ്പ് : ഒന്നാംപ്രതിക്ക്‌ 42 വർഷം കഠിനതടവും 
8.8 ലക്ഷം പിഴയും

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


തലശേരി
യുഡിഎഫ്‌ നേതൃത്വത്തിലുള്ള വളപട്ടണം സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ ഒന്നാംപ്രതിക്ക് 42 വർഷം കഠിനതടവും 8.8 ലക്ഷം രൂപ പിഴയും. ബാങ്ക്‌ മന്ന ബ്രാഞ്ച് മാനേജരായിരുന്ന കണ്ണൂർ താളിക്കാവ്‌  ജംസ് ഹൗസിൽ കെ പി മുഹമ്മദ് ജസീലിനെ (47) യാണ് തലശേരി വിജിലൻസ്‌ ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ ശിക്ഷിച്ചത്‌. ശിക്ഷ ഒന്നിച്ച് അനുഭവിക്കാമെന്ന ആനുകൂല്യത്തിൽ പത്തു വർഷമാകും കഠിനതടവ്. പിഴത്തുകയിൽ നാല്‌ ലക്ഷം ബാങ്കിന്‌ നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ്‌ അനുഭവിക്കണം.

രണ്ടു മുതൽ അഞ്ചുവരെ പ്രതികളായ ബാങ്ക്‌ സെക്രട്ടറി അലവിലെ എൻ പി ഹംസ, ബാങ്ക്‌ പ്രസിഡന്റും മുസ്ലിംലീഗ്‌ നേതാവുമായ വളപട്ടണം മിൽറോഡിലെ ടി  സൈഫുദ്ദീൻ, ചീഫ്‌ അക്കൗണ്ടന്റ്‌ അഞ്ചാംപീടിക ചിറക്കുറ്റിയിലെ കെ വി സനിതകുമാരി, അസിസ്റ്റന്റ്‌ സെക്രട്ടറി അഴീക്കോട്‌ ചെമ്മരശേരിയിലെ പി വി നിഷാകുമാരി എന്നിവരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടു.

ഒന്നാംപ്രതിയും കൂട്ടാളികളും ചേർന്ന്‌ 10 കോടിയോളം രൂപ തട്ടിയതിൽ 12 കേസുകളാണുള്ളത്‌. ഇതിൽ ആക്സിസ് ബാങ്കിന്റെ ചെക്ക് ഉപയോഗിച്ച് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്‌. മറ്റ്‌ 11 കേസിൽ ഒമ്പതെണ്ണം കുറ്റപത്രം സമർപ്പിച്ച്‌ വിചാരണയിലാണ്. രണ്ടു കേസിൽ കുറ്റപത്രം തയ്യാറാക്കി വരുന്നു.

മുസ്ലിംലീഗ്‌ നേതാക്കൾ അടക്കം 26 പ്രതികൾ
വളപട്ടണം ബാങ്ക് തട്ടിപ്പ്  സഹകരണ വകുപ്പിന്റെ 2012–-13ലെ ഓഡിറ്റ്‌ റിപ്പോർട്ട്‌ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തുകൊണ്ടുവന്നത്‌ ദേശാഭിമാനി . തുടർന്ന്  ബാങ്ക്‌ സെക്രട്ടറിയുടെ പരാതിയിൽ വളപട്ടണം പൊലീസ്‌ കേസെടുത്തു. സിഐ പി ബാലകൃഷ്‌ണൻനായരുടെ അന്വേഷണത്തിൽ ഒന്നാം പ്രതിക്ക് മാത്രമല്ല, ബാങ്ക്‌ സെക്രട്ടറിയടക്കമുള്ളവർക്കും പങ്കുള്ളതായി തെളിഞ്ഞു. ഒന്നേമുക്കാൽ കോടിയുടെ വെട്ടിപ്പെന്നായിരുന്നു ആദ്യ നിഗമനം.

വിശദ അന്വേഷണത്തിൽ മുസ്ലിംലീഗ്‌ നേതാവായ ബാങ്ക്‌ പ്രസിഡന്റും ഡയറക്ടർമാരും ജീവനക്കാരുമടങ്ങുന്ന റാക്കറ്റിന്റെ തട്ടിപ്പ്‌ വെളിപ്പെട്ടു. വിവിധ കേസുകളിലായി നേതാക്കളും ബാങ്ക്‌ ജീവനക്കാരുമടക്കം 26 പ്രതികളുണ്ട്‌. ഒന്നാം പ്രതി കുറ്റം ചെയ്തതായി ബോധ്യപ്പെട്ട ശേഷവും മറ്റ് പ്രതികൾ സംരക്ഷിച്ചു.

കേസ്‌ വിജിലൻസിന്‌ കൈമാറിയെങ്കിലും യുഡിഎഫ്‌ ഭരണകാലത്ത്‌ അന്വേഷിക്കാതെ തിരിച്ചയച്ചു. തുടർന്ന് ബാങ്കിലെ മെമ്പറും സിപിഐ എം പ്രവർത്തകനുമായ സി പി ഗിരീശൻ സമർപ്പിച്ച ഹർജിയിലാണ്‌ ഹൈക്കോടതി മേൽനോട്ടത്തിൽ കേസ്‌ അന്വേഷിക്കാൻ ഉത്തരവുണ്ടായത്‌. വിദേശത്തേക്ക്‌ കടന്ന ഒന്നാംപ്രതിയെ ഇന്റർപോൾ സഹായത്തോടെ കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദന്റെ നേതൃത്വത്തിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിക്കുന്ന ബാങ്കാണിത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top