കോട്ടയം
സംസ്ഥാന സർക്കാരിന്റെ 603 ദിവസത്തെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് ശനിയാഴ്‌ച തുടക്കമാകും. വൈക്കം ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും ചേർന്ന് ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യും. ഇരുമുഖ്യമന്ത്രിമാരും പകൽ 3.30ന് സമരപോരാളികൾക്ക് പുഷ്പാർച്ചന നടത്തും. സംഘാടകസമിതി ചെയർമാൻ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സ്വാഗതം പറയും.
വിവര- പൊതുജന സമ്പർക്ക വകുപ്പ് പുറത്തിറക്കുന്ന ‘വൈക്കം പോരാട്ടം' എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും. ശതാബ്ദി ലോഗോ സി കെ ആശ എംഎൽഎയ്‌ക്ക് നൽകി എം കെ സ്റ്റാലിനും വൈക്കം സത്യഗ്രഹം കൈപ്പുസ്തകം തോമസ് ചാഴികാടൻ എംപിക്ക് നൽകി പിണറായി വിജയനും പ്രകാശിപ്പിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അവതരിപ്പിക്കും.
പകൽ ഒന്നു മുതൽ ബീച്ച് പന്തൽ ശതാബ്ദി ആരവ നിറവിലാകും. അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന ‘സോൾ ഓഫ് ഫോക്ക്’, വൈകിട്ട് ആറിന് സിതാര കൃഷ്ണകുമാറും സംഘവും നയിക്കുന്ന ‘പ്രൊജക്ട് മലബാറിക്കസ്’ സംഗീത പരിപാടികൾ അരങ്ങേറും.-
അഖിലേന്ത്യ സെമിനാർ 24ന്
വൈക്കം സത്യഗ്രഹത്തിന്റെ 100–-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ 24ന് തിരുവനന്തപുരത്ത് അഖിലേന്ത്യ സെമിനാർ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലാ പഠനകേന്ദ്രങ്ങളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരെ 603 ദിവസംനീണ്ട പ്രക്ഷോഭമാണ് വൈക്കം സത്യഗ്രഹം. അത്രതന്നെ ദിവസം ആഘോഷപരിപാടികളുമുണ്ടാകും.
കോൺഗ്രസ് നടത്തുന്ന പരിപാടികളെ എതിർക്കുന്നില്ല. എന്നാൽ, അവർക്ക് ആദ്യകാല മൂല്യങ്ങൾ നഷ്ടമായി. മദ്യം, ഖാദി തുടങ്ങി നയങ്ങളിൽ അവർ മാറ്റംവരുത്തി. ദേശീയ പ്രസ്ഥാനം കോൺഗ്രസിന്റേതു മാത്രമായിരുന്നില്ല. കമ്യൂണിസ്റ്റുകാർ അതിൽ ഉൾച്ചേർന്നു പ്രവർത്തിച്ചു. അഹമ്മദാബാദ് സമ്മേളനത്തിൽ പൂർണസ്വരാജ് എന്ന മുദ്രാവാക്യം പ്രമേയമായി അവതരിപ്പിച്ചത് കമ്യൂണിസ്റ്റുകാരാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..