11 July Saturday

ആലപ്പുഴയിലെ വടക്കേ തയ്യിൽ പുരയിടം, അഥവാ ചരിത്രസ്‌മാരകം

എം കെ പത്മകുമാർUpdated: Monday Nov 18, 2019

ലീലാമ്മയും പേരക്കുട്ടി നെവിനും

ആലപ്പുഴ > വാടയ്‌ക്കൽ വടക്കേ തയ്യിൽ ലീലാമ്മയുടെ ഭംഗിയുള്ള കൊച്ചുവീട്‌ നിൽക്കുന്ന ഈ 3.8 സെന്റ്‌ വെറുമൊരു പറമ്പല്ല, ചരിത്ര സ്‌മാരകമാണ്‌. ചവിട്ടി നിൽക്കാൻ ഒരടി മണ്ണുപോലുമില്ലാതിരുന്ന ജനതയെ ഭൂമിയുടെ അവകാശികളാക്കിയ അറവുകാട്‌ സമ്മേളനത്തിന്റെയും തുടർന്ന്‌ നടന്ന മിച്ചഭൂമി സമരത്തിന്റെയും സ്‌മാരകം. 
ലീലാമ്മയ്‌ക്കും കുടുംബത്തിനും ഇവിടെ കല്ലിനുമേൽ കല്ലടുക്കി ഈ വീട്‌ കെട്ടിപ്പൊക്കാനാകുമായിരുന്നില്ല. കാരണം ആഞ്ഞിലിപ്പറമ്പിൽ ഭേദപ്പൻ മുതലാളി എന്ന ജന്മിയുടെ ഭൂമിയായിരുന്നു ഇത്‌. സിപിഐ എം നേത‌ൃത്വത്തിൽ കർഷകസംഘവും കർഷകത്തൊഴിലാളി യൂണിയനും ചേർന്ന്‌ നടത്തിയ മിച്ചഭൂമി സമരത്തിനൊടുവിലാണ്‌ പറമ്പിലുള്ള അവകാശം വടക്കേ തയ്യിൽ കുടംബത്തിന്‌ ലഭിച്ചത്‌.
 
അറവുകാട്‌ സമ്മേളനത്തിന്‌ പിന്നാലെ മിച്ചഭൂമി സമരം ആരംഭിച്ചപ്പോൾ പാർടി ആദ്യം പരിഗണിച്ചത്‌ ഉശിരനായ പുന്നപ്ര സമരസേനാനി വടക്കേ തയ്യിൽ ബർണാഡ്‌ മെത്രീഞ്ഞ്‌ ആശാന്റെ കാര്യമാണ്‌. ഭീകരമർദനമാണ്‌ പുന്നപ്ര സമരകാലത്ത്‌ മെത്രീഞ്ഞ്‌ ആശാന്‌ പൊലീസിൽനിന്ന്‌ ഏൽക്കേണ്ടി വന്നത്‌. എന്നിട്ടും സമരവീര്യം ചോർന്നില്ല, മരിക്കുന്നതുവരെ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഈ പോരാളി.
 
ആശാന്റെ മകൻ ലോറൻസിനെ വിവാഹം കഴിച്ച്‌ 43 വർഷം മുമ്പ്‌ ഇവിടേക്ക്‌ വന്നതാണ്‌ ലീലാമ്മ. ലോറൻസ്‌ 18 വർഷം മുമ്പ്‌ മരിച്ചു. രണ്ട്‌ പെൺമക്കളെ  കെട്ടിച്ചയച്ചു. മകൻ സിബി മസ്‌കത്തിലാണ്‌. സിബിയുടെ ഭാര്യ അനിത, പേരക്കുട്ടികളായ നെവിൻ, കെവിൻ എന്നിവർ ലീലാമ്മയ്‌ക്ക്‌ കൂട്ടിനുണ്ട്‌.
ഭർത്താവിന്റെ അമ്മ പറഞ്ഞാണ്‌ സ്വന്തമായി ഭൂമി ലഭിച്ചതുൾപ്പെടെയുള്ള കുടുംബചരിത്രം ലീലാമ്മ അറിയുന്നത്‌. അറവുകാട്‌ സമ്മേളനത്തിന്‌ പിന്നാലെ 1970 ജനുവരിയിൽ ഒരു സംഘം പാർടി പ്രവർത്തകർ വടക്കേ തയ്യിൽ പുരയിടത്തിലെത്തി. പാർടി അംഗവും സമര വളണ്ടിയറുമായ എം ആർ രാജപ്പൻ തെങ്ങിൽക്കയറി ഒരു കുല തേങ്ങയും ഓലയും വെട്ടിയിട്ടു. ഓല കീറി പൊത്തുകെട്ടി അവകാശം സ്ഥാപിച്ചു. അളവിൽ വിദഗ്‌ദനായ പാർടി അംഗം എ ജി ഭാർഗവൻ വസ്‌തു അളന്ന്‌ തിരിച്ച്‌ നാല്‌ അതിരിലും കുറ്റിയടിച്ചു.
 
അറവുകാട്‌ സമ്മേളനത്തിലെ എ കെ ജിയുടെ പ്രഖ്യാപനത്തെ പാർടി അത്ര ഗൗരവത്തിലാണ്‌ എടുത്തത്‌. ചുമ്മാ, ഒരുകൂട്ടം ആൾക്കാർ പോയി എന്തെങ്കിലും കാട്ടിക്കൂട്ടുകയായിരുന്നില്ല. പകരം, മുന്നൊരുക്കങ്ങളോടെ സംഘമായി എത്തി ഭൂമിയിൽ അവകാശം സ്ഥാപിക്കുകയായിരുന്നു. നട്ടുവളർത്തിയ തെങ്ങിൽനിന്ന്‌ പ്രതീകാത്മകമായി ആദായം എടുക്കാൻ തെങ്ങുകയറ്റ തൊഴിലാളി, ഭൂമി അളന്നുതിരിക്കാൻ അളവുകാരൻ, ജന്മിമാരുടെ ഗുണ്ടകൾ വന്നാൽ ചെറുത്തുനിൽക്കാൻ മനക്കട്ടിയും  മെയ്‌ക്കരുത്തും വേണ്ടുവോളമുള്ള ഉശിരന്മാരായ ചെറുപ്പക്കാർ... ഇങ്ങനെ സർവസന്നാഹത്തോടെയാണ്‌ സഖാക്കൾ മിച്ചഭൂമി സമരത്തിന്‌ രംഗത്തിറങ്ങിയത്‌.
 
ഇപ്പോൾ പുന്നപ്ര എൻജിനിയറിങ്‌ കോളേജ്‌ ബ്രാഞ്ച്‌ സെക്രട്ടറിയായ ചെന്നയ്‌ക്കൽ ചന്ദ്രാനന്ദൻ അന്ന്‌ വടക്കേതയ്യിൽ അവകാശം സ്ഥാപിക്കാനെത്തിയ പാർടി സഖാക്കൾക്കൊപ്പം ഉണ്ടായിരുന്നു, എന്തിനും പോന്ന യുവാവായി. അറവുകാട്‌ സമ്മേളനത്തിന്‌ സാക്ഷിയായിരുന്നു അന്ന്‌ 21 വയസുണ്ടായിരുന്ന ചന്ദ്രാനന്ദൻ.
അറവുകാട്‌ സമ്മേളനത്തിന്‌ വന്ന ആൾക്കൂട്ടം കണ്ടപ്പോൾത്തന്നെ ജന്മിമാർ ഭയന്നിരുന്നെന്ന്‌ എഴുപത്തിരണ്ടുകാരനായ ചന്ദ്രാനന്ദൻ പറഞ്ഞു. ഇത്രയധികം ജനക്കൂട്ടത്തെ അതിനുമുമ്പ്‌ കണ്ടിട്ടില്ല. ഈ സമ്മേളനത്തിന്റെ ആവേശമാണ്‌ മിച്ചഭൂമി സമരത്തിന്‌ അടിത്തറയായത്‌. ചിലയിടത്ത്‌ ജന്മിമാരുടെ ഗുണ്ടകളും പൊലീസും ചേർന്ന്‌ ക്രൂരമായി അക്രമിച്ചു. പക്ഷേ അതിനെയെല്ലാം അതിജീവിക്കാനായി –- ചന്ദ്രാനന്ദൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top