04 December Friday

പാവങ്ങളെ വഞ്ചിച്ചിട്ട് ഇപ്പോള്‍ മുതലക്കണ്ണീര്‍; അനില്‍ അക്കര തെറ്റ് ഏറ്റ്പറഞ്ഞ് മാപ്പ് ചോദിക്കണം: എ സി മൊയ്‌തീന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

കൊച്ചി > വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണം മുടക്കിയ അനില്‍ അക്കര വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉടുപ്പു തയ്പ്പിച്ചിരിക്കുന്നത് വെറുതെയാകുമെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍. പദ്ധതി സിബിഐ അന്വേഷണത്തിലേക്ക് വലിച്ചിഴച്ചതില്‍ അനിലിന് ലഭിച്ച നേട്ടം വടക്കഞ്ചേരി ഫ്‌ലാറ്റ് പണി നിര്‍ത്തിക്കാനും, കരാര്‍ ഏറ്റെടുത്ത നിര്‍മ്മാണ കമ്പനിയെ അത് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാനും കഴിഞ്ഞു എന്നത് മാത്രമാണ്. ഇയാളുടെ ജീര്‍ണ്ണ മനസ്സ് നാട്ടുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളും നാട്ടുകാരും അക്കരയുടെ വികസന വിരോധത്തിന്റെ തീവ്രതയ്‌ക്കെതിരെ പ്രതികരിക്കുമെന്നും പടപാളയത്തില്‍ നിന്നു തന്നെ തുടങ്ങുമെന്നും മനസ്സിലായിരിക്കുന്നു. മണ്ഡലത്തിലെ പാവപ്പെട്ടവരെ വഞ്ചിച്ച്, ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഈ ജനപ്രതിനിധി നാടിനോട് തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.

എ സി മൊയ്‌തീന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് ഉടന്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധിയായ അനില്‍ അക്കര മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരിക്കുന്നു.
പാവപ്പെട്ടവന് കിടപ്പാടം നല്‍കുന്ന പദ്ധതിയുമായി സഹകരിക്കാനുള്ള നന്മ എംഎല്‍എയ്ക്ക് ഇല്ലാതെ പോയതാണ് ഇക്കഴിഞ്ഞ നാളുകളില്‍ വടക്കാഞ്ചേരി നേരിട്ട കെടുതികളിലൊന്ന്. അഴിമതിയാരോപണമെന്ന പുകമറയില്‍ പദ്ധതിയെ തകിടം മറിക്കാനായിരുന്നു അനിലിന്റെ ശ്രമം. സിബിഐയ്ക്ക് നേരിട്ട് പരാതി നല്‍കി. ഒക്കച്ചങ്ങായിമാരുടെ ശ്രമഫലമായി കേസ്സ് അവര്‍ ഏറ്റെടുത്തു. അന്വേഷണം തിരുതകൃതിയായി നടത്തി. എന്നിട്ടും അനില്‍ നിരാശനാണ്. ഉദ്ദേശിച്ച പദ്ധതികളൊന്നും വേണ്ടപോലെ ഫലിക്കുന്നില്ല. ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന പോലെ എംപിയെയും മറ്റ് വേണ്ടപ്പെട്ടവരെയും കൂട്ടി നീതു ജോണ്‍സണ്‍ എന്ന കുട്ടിയെത്തേടി മണ്ഡലത്തില്‍ നടത്തിയ കാത്തിരിപ്പു നാടകം പോലും എട്ടു നിലയിലാണ് പൊട്ടിയത്.

കമ്മീഷന്‍ കൊടുത്തതിലുള്ള വേവലാതിയോ അഴിമതി വിരുദ്ധതയോ ഒന്നും കൊണ്ടല്ല ഇയാള്‍ സിബിഐക്ക് പരാതി അയച്ചതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം. ആരോപണക്കൊടുങ്കാറ്റ് സൃഷ്ടിച്ച് മുഖ്യമന്ത്രിയേയും, സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള കോണ്‍ഗ്രസ്സ് - ബിജെപി ഇരട്ടകളുടെ അവിഹിത കൂട്ടുകെട്ടിന് ചൂട്ട് കത്തിച്ച് മുമ്പേ നടക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തിയത് കേസ്സ് CBI യെ ഏല്‍പ്പിക്കുക, പദ്ധതി കലക്കുക, ജനവികാരം സര്‍ക്കാരിനെതിരെ തിരിക്കുക എന്നതായിരുന്നു കുബുദ്ധി.

പദ്ധതി CBI അന്വേഷണത്തിലേക്ക് വലിച്ചിഴച്ചതില്‍ അനിലിന് ലഭിച്ച നേട്ടം വടക്കഞ്ചേരി ഫ്‌ലാറ്റ് പണി നിര്‍ത്തിക്കാനും, കരാര്‍ ഏറ്റെടുത്ത നിര്‍മ്മാണ കമ്പനിയെ അത് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാനും കഴിഞ്ഞു എന്നത് മാത്രമാണ്.

ഇയാളുടെ ജീര്‍ണ്ണ മനസ്സ് നാട്ടുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളും നാട്ടുകാരും അക്കരയുടെ വികസന വിരോധത്തിന്റെ തീവ്രതയ്‌ക്കെതിരെ പ്രതികരിക്കുമെന്നും പടപാളയത്തില്‍ നിന്നു തന്നെ തുടങ്ങുമെന്നും അയാള്‍ക്ക് മനസ്സിലായിരിക്കുന്നു..
ജനമെതിരായാല്‍ , 43 വോട്ട് മാത്രം ഭൂരിപക്ഷം ലഭിച്ച താന്‍ വരുന്ന തിരഞ്ഞെടുപ്പിലും ഇവിടെ നിന്നും മത്സരിക്കാന്‍ ഉടുപ്പു തയ്പ്പിച്ചിരിക്കുന്നത് വെറുതെയാകുമെന്നും ഉറപ്പായപ്പോള്‍ മാലാഖയുടെ മുഖപടമണിഞ്ഞ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കത്തു നല്‍കിയിരിക്കുകയാണ്. അതോടൊപ്പം 14 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്ത് ചെലവാക്കണം എന്ന സൗജന്യ ഉപദേശവും.

പാവപ്പെട്ടവന് ഒരു തണല്‍ എന്ന സ്വപ്നത്തിന് മേല്‍ തീത്തൈലം കോരി ഒഴിച്ചത് ആരാണെന്ന് വടക്കാഞ്ചേരിക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്. കത്ത് നല്‍കി നാട്ടുകാരെ പറ്റിക്കാന്‍ ശ്രമിക്കുന്ന ഈ ജനപ്രതിനിധി ഇനിയും വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ആരോപണ പുകമറയില്‍ സര്‍ക്കാരിനെയും, ലൈഫ്മിഷനെയും നിര്‍ത്തി പാവപ്പെട്ടവരുടെ ജീവിതത്തിന് താഴിട്ട്, തുടരെത്തുടരെ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യക്തിപരമായി അയാള്‍ക്ക് ശരിയായിത്തോന്നാം. പക്ഷെ, സാംസ്‌കാരിക തലസ്ഥാനത്തെ ഒരു ജന പ്രതിനിധിക്ക് ഇത് അഭിലഷണീയമല്ല.

നിലപാടുകളിലെ ആത്മാര്‍ത്ഥതയില്ലായ്മ, ജനങ്ങളുടെ പ്രശ്‌നങ്ങളോടുള്ള കപട സമീപനങ്ങള്‍ ഇവയുടെ ആകെത്തുക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം മരവിച്ചു എന്നതാണ്. വികസന മന്ത്രമുരുവിട്ടാണ് അക്കര ജനങ്ങളെ അഭിമുഖീകരിച്ചത്. എന്നാല്‍, രാഷ്ട്രീയ നാടകങ്ങള്‍ മാത്രം മുഖമുദ്രയാക്കി കഴിഞ്ഞ നാലരവര്‍ഷം നടത്തിയ പ്രവര്‍ത്തനം മണ്ഡലത്തിന്റെ ഹൃദയതാളം തെറ്റിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ പാവപ്പെട്ടവരെ വഞ്ചിച്ച്, ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഈ ജനപ്രതിനിധി നാടിനോട് തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top