25 October Monday
സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും ,യൂണിറ്റിന് രണ്ട് രൂപ വൈദ്യുതി സബ്സിഡി , രണ്ടുവർഷത്തേക്ക്‌ ജലക്കരം ഇളവ്‌

സ്ഥലം, പണം റെഡി ; വാക്സിൻ യൂണിറ്റിന്‌ അനുമതി ; ഒരു കോടി രൂപ വരെ മൂലധനസഹായം ,100 കോടി രൂപ വായ്‌പ

സ്വന്തം ലേഖകൻUpdated: Wednesday Sep 8, 2021


തിരുവനന്തപുരം
തോന്നയ്‌ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉൽപ്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്സിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കാൻ വൈദഗ്ധ്യമുള്ള ‘ ആങ്കർ ’ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. വരിസംഖ്യയുടെ 50 ശതമാനം സബ്സിഡിയോടെ 60 വർഷത്തേക്ക് പാട്ടത്തിന് ഭൂമി നൽകും. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.

വാക്സിൻ ഉൽപ്പാദന യൂണിറ്റിന് അഞ്ച് കോടി വരെയും പായ്‌ക്കിങ്ങിനുള്ള ‘ ഫിൽ ഫിനിഷ് ’ യൂണിറ്റിന് ഒരു കോടി വരെയും   മൂലധനസഹായം നൽകും. ഇവർക്ക്‌ യഥാക്രമം 30 , 20 കോടിരൂപ വരെ  സർക്കാർ ധനകാര്യ സ്ഥാപനങ്ങൾ മുഖേന 20 വർഷത്തേക്ക്‌ വായ്പ നൽകും. ആകെ വായ്പാതുക 100 കോടിരൂപയ്ക്കകത്താകും. ഉൽപ്പാദിപ്പിക്കേണ്ട വാക്സിൻ, ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ കമ്പനികൾക്ക് തീരുമാനിക്കാം.

മറ്റ്‌ ഇളവുകൾ
30 ദിവസത്തിനുള്ളിൽ ഏകജാലക അനുമതി, ഫാസ്റ്റ് ട്രാക്ക് അംഗീകാരം. ബിൽ തുകയിൽ യൂണിറ്റിന് രണ്ട് രൂപ വൈദ്യുതി സബ്സിഡി. രണ്ടുവർഷത്തേക്ക്‌ ജലക്കര ഇളവ്‌. പാർക്കിൽ പൂർത്തിയാകുന്ന 85,000 ചതുരശ്രയടി കെട്ടിടം അനുയോജ്യമെന്ന്‌ കമ്പനികൾ ഉറപ്പുവരുത്തിയാൽ വാർഷിക പാട്ടത്തിന് നൽകും.

വാക്സിൻ ഉൽപ്പാദന യൂണിറ്റ് കൺസൾട്ടന്റായി വാക്സിൻ പ്രൊഡക്ഷൻ യൂണിറ്റ് വർക്കിങ്‌ ഗ്രൂപ്പ് അംഗവും എച്ച്എൽഎൽ ബയോടെക് ലിമിറ്റഡിലെ ഉദ്യോഗസ്ഥനുമായ വിജയകുമാർ സിസ്ളയെ നിയമിക്കും. ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ടീമിനെ സംസ്ഥാന വാക്സിൻ നയം വികസിപ്പിക്കുന്നതിന്റെ ചുമതല ഏൽപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top