14 October Monday

മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

തിരുവനന്തപുരം> മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. വരുന്ന ഒരോ പ്രശ്‌നത്തേയും ജനതാല്‍പര്യം മുന്‍നിര്‍ത്തി പരിഹരിക്കുന്ന മികച്ച ഭരണാധികാരിയാണ് മുഖ്യമന്ത്രി എന്നും നാടിന്റെ ജനനായകനെതിരെയുള്ള ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ നടന്ന കുറ്റകൃത്യത്തെ പിന്തുടര്‍ന്ന് ഹൈദരാബാദിലെ മയക്കുമരുന്ന് കേന്ദ്രം കണ്ടെത്തി പൂട്ടിക്കുകയും പ്രബലനായ ഉടമയെ കേരള പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവം ഈ അടുത്താണ് ഉണ്ടായത്. ഇങ്ങനെ വിവിധ മേഖലകളില്‍ ജനങ്ങളുടെ സുരക്ഷയ്ക്കും സാമൂഹിക ഉന്നമനത്തിനും വേണ്ടി കേരള പോലീസ് മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിനെതിരെ ഉയര്‍ന്നുവരുന്ന പരാതികളിന്മേല്‍ അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളും കൈക്കൊണ്ട സര്‍ക്കാര്‍ ആണിത്. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഉയര്‍ന്ന ആരോപണങ്ങളിന്മേലും കൃത്യമായി അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് അസോസിയേഷന്റെ സമ്മേളനത്തില്‍ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ഉയര്‍ന്നു കേട്ട കയ്യടി പോലീസ് സേനാംഗങ്ങള്‍ക്കിടയിലും ഇത്തരം നടപടികള്‍ക്ക് വലിയ സ്വീകാര്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

 ഒറ്റപ്പെട്ട ആരോപണങ്ങള്‍ ഏറ്റുപിടിച്ച് സ്വയംപരിഹാസ്യരാവുകയാണ് പ്രതിപക്ഷ നേതാവ് അടക്കം ചെയ്യുന്നത്. മുഖ്യമന്ത്രിയ്ക്ക് ആര്‍ എസ് എസ് ബന്ധം ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് ആര്‍ എസ് എസ് പരിപാടിയില്‍ നിലവിളക്ക് കൊളുത്തുന്ന ചിത്രം ജനമനസിലുണ്ട്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആകെ ആര്‍ എസ് എസിനെതിരെയുള്ള ജനമുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവാണ് പിണറായി വിജയന്‍.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആര്‍ എസ് എസ് ശാഖകള്‍ക്ക് കാവല്‍ നില്‍ക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം.പിണറായി വിജയന്‍ എന്ന ഭരണകര്‍ത്താവിന്റെ മികവും മേന്മയും നാം കാണുന്നതാണ്. വയനാട്ടില്‍ ദുരന്തം ഉണ്ടായപ്പോള്‍ സമാനതകള്‍ ഇല്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. ഇതിന് വ്യക്തിപരമായി തന്നെ നേതൃത്വം നല്‍കിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍  എന്നും  മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top