08 December Sunday

വി എസ്‌ ആശുപത്രിവിട്ടു; ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ കഴിച്ചുകൂട്ടേണ്ടിവരുന്നത് കഠിനമെന്ന്‌ വി എസ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2019

തിരുവനന്തപുരം > ഒരാഴ്ച്ചക്കാലത്തെ ആശുപത്രിവാസത്തിനുശേഷം വി എസ്‌ അച്യുതാനന്ദൻ വീട്ടിലേക്ക്‌ മടങ്ങി. നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും സുഖപ്പെടുന്നതുവരെ, പൊതു പരിപാടികളില്‍ പങ്കെടുക്കാനോ, സന്ദര്‍ശകരെ സ്വീകരിക്കാനോ പാടില്ല എന്നാണ്‌ ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്‌. വാര്‍ത്തകള്‍ അറിയുന്നുണ്ടെങ്കിലും, ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ കഴിച്ചുകൂട്ടേണ്ടിവരുന്നത് കഠിനമാണെന്നും വി എസ്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

വി എസിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

ഒരാഴ്ച്ചക്കാലത്തെ ആശുപത്രിവാസം ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി. ഇത്ര നാളും ഡോക്റ്റര്‍മാരുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയനായി ആശുപത്രിയിലായിരുന്നെങ്കില്‍ ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് അതേ നിര്‍ദ്ദേശങ്ങള്‍ കഴിയുന്നത്ര പാലിച്ച് വീട്ടിലിരിക്കാനാണ് നിയോഗം. നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും സുഖപ്പെടുന്നതുവരെ, പൊതു പരിപാടികളില്‍ പങ്കെടുക്കാനോ, സന്ദര്‍ശകരെ സ്വീകരിക്കാനോ പാടില്ല എന്നതാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. ഏതാനും ദിവസംകൂടി മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കഴിച്ചുകൂട്ടേണ്ടിയിരിക്കുന്നു എന്നര്‍ത്ഥം.

വാര്‍ത്തകള്‍ അറിയുന്നുണ്ടെങ്കിലും, ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ കഴിച്ചുകൂട്ടേണ്ടിവരുന്നത് കഠിനമാണ്. അല്‍പ്പ ദിവസത്തിനകം പുറത്തിറങ്ങാനാവുമെന്നത് മാത്രമാണ് ആശ്വാസം. രോഗാവസ്ഥയില്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു.


പ്രധാന വാർത്തകൾ
 Top