28 July Wednesday

മികച്ച വിജയം നേടി അതിഥിതൊഴിലാളികളുടെ മക്കളും;
 ആദരിക്കാന്‍ മന്ത്രി വി എന്‍ വാസവനെത്തി

സ്വന്തം ലേഖകൻUpdated: Thursday Jul 22, 2021

കാണക്കാരി സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മുഹമ്മദ് അബ്ജൽ, മുഹമ്മദ്അഹമ്മദ്, ഷബീനപ്രവീൺ എന്നിവരെ മന്ത്രി വി എൻ വാസവൻ ആദരിച്ചപ്പോൾ.

കുറവിലങ്ങാട് > കാണക്കാരി ഗവൺമെന്റ്‌ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന്‌ എസ്എസ്എൽസി പരീക്ഷയിൽ മിന്നുംവിജയം കരസ്ഥമാക്കിയവരിൽ ഇതര സംസ്ഥാനക്കാരായ നാലുവിദ്യാർഥികളും. സ്‌കൂളിന്റെ വിജയാഘോഷത്തിനൊപ്പം അതിഥി വിദ്യാർഥികളെയും മന്ത്രി വി എൻ വാസവൻ ആദരിച്ചു.
 
ബിഹാറിലെ സീതാവലിജില്ലയിൽ മജേശ്വരയിൽ ഗ്രാമത്തിലെ മുഹമ്മദ് മെമൂദ് നദാസ്, അസ് മേരിഹാത്തുൺ ദമ്പതികളുടെ മക്കളായ മുഹമ്മദ് അബ്ജലും സഹോദരൻ മുഹമ്മദ് അഹമ്മദ് എന്നിവരും ഇതേ ജില്ലയിലെ മുഹമ്മദ് ഇല്യാസിന്റെ മകൻ മുഹമ്മദ് ജുനൈൽ, മധ്യപ്രദേശിലെ ജബൽപ്പൂർ ജില്ലയിലെ രാജ്‌പോർ ഗ്രാമത്തിൽനിന്നുള്ള അബ്ദുൾ കലാമിന്റെ മകൾ ഷബിന പ്രവീണുമാണ് കാണക്കാരി സ്‌കൂളിന്‌ വിജയത്തിളക്കമേറ്റിയത്‌.
 
10 വർഷംമുമ്പ് തൊഴിൽതേടിയാണ് ഇവരുടെ മാതാപിതാക്കൾ കേരളത്തിലേക്ക് ചേക്കേറിയത്‌. തൊഴിലിനൊപ്പം ഇവർ മക്കളുടെ വിദ്യാഭ്യാസവും കേരളത്തിലേക്ക് പറിച്ചുനട്ടു. കാണക്കാരി സ്‌കൂളിലെ ഇഗ്ലീഷ് മീഡിയം വിഭാഗത്തിലെ പഠിതാക്കളായിരുന്ന ഇവർക്ക് മുഴുവൻ വിഷയങ്ങൾക്കും മിക്കവിഷയങ്ങൾക്കും ഉയർന്ന മാർക്കാണ് ലഭിച്ചത്. മാതൃഭാഷയായ ഹിന്ദിക്കൊപ്പം മലയാളത്തിലും ഇംഗ്ലീഷിലും നൈപുണ്യം നേടി.
 
വയലാ സ്‌കൂളിലേക്ക് പ്രധാനാധ്യാപികയായി സ്ഥലംമാറിപോയ എച്ച് ജാസ്മിൻ, കഴിഞ്ഞമാസം വിരമിച്ച ഇ സി അമ്മിണി, ക്ലാസ്ടീച്ചറായ സോളി എം റേച്ചൽ എന്നിവർഏറെ സഹായിച്ചതായി ഇവർപറയുന്നു.  
ഷബിനയുടെ അച്ഛൻ അബ്ദുൾകലാം കഴിഞ്ഞ ജൂൺ 24 ന്‌ മരിച്ചു. മനസ്സിൽനീറുന്ന നൊമ്പരത്തോടെയാണ് ഷബിനാപ്രവീൺ  മന്ത്രിയിൽ നിന്ന്‌ ഉപഹാരം ഏറ്റുവാങ്ങിയത്.  മുഹമ്മദ് അബ്‌ജലിന്റെയും മുഹമ്മദ് അഹമ്മദിന്റെയും മാതാപിതാക്കൾ  കാണക്കാരി സ്‌കൂളിൽനടന്ന ചടങ്ങിനെത്തിയിരുന്നു. മുഹമ്മദ് ജുനൈർ നാട്ടിലേക്ക് തിരിച്ചുപോയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top