13 May Thursday

കേരളത്തെ ഇകഴ്‌ത്താൻമാത്രം ഒരു സഹമന്ത്രി

ദിനേശ്‌വർമUpdated: Monday Apr 19, 2021

തിരുവനന്തപുരം > കേരളത്തിനായി വല്ലതും ചെയ്‌തോ എന്ന നാടിന്റെ ചോദ്യത്തിന്‌ മുന്നിൽ ഉത്തരമില്ലാതെ  കേന്ദ്രസഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി  പിണറായി വിജയനെ ആക്ഷേപിച്ചു നടക്കാൻ അത്യുത്സാഹം കാണിക്കുന്ന മുരളീധരൻ, എന്തിനു വേണ്ടിയാണ്‌ കേന്ദ്ര സഹമന്ത്രിസ്ഥാനം ഉപയോഗിക്കുന്നത്‌ എന്നതും ചർച്ചയാവുന്നു‌.

കോവിഡ്‌ കാലത്തുപോലും സംസ്ഥാനത്തിനായി ഒരുകാര്യവും ചെയ്യാതെ  മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ആക്ഷേപം ചൊരിഞ്ഞ്‌ നടക്കുകയാണ്‌ മുരളീധരൻ. ഇക്കാര്യം  സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു.  ഇക്കാര്യം മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ‘ താൻ ചെയ്യുന്ന കാര്യങ്ങൾ എ കെ ജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട കാര്യമില്ല’ എന്നു പറഞ്ഞ്‌ ഒഴിഞ്ഞു.

വാക്സിൻ ക്ഷാമം അടക്കം കോവിഡ്‌ പ്രതിരോധ രംഗത്ത്‌ വിവിധ പ്രശ്‌നങ്ങൾ കേന്ദ്രസഹായത്തോടെയാണ്‌ പരിഹരിക്കേണ്ടത്‌. ഇതുപോലുള്ള നിർണായക ഘട്ടങ്ങളിൽ സംസ്ഥാനത്തിന്‌ അവകാശപ്പെട്ട സഹായങ്ങൾ ലഭ്യമാക്കാൻ കേന്ദ്രസഹമന്ത്രിക്ക്‌ കഴിയേണ്ടതാണ്‌. എന്നാൽ,  വാക്സിൻ ക്ഷാമം സംബന്ധിച്ച്‌ വി മുരളീധരൻ പറയുന്നത്‌ ‘ തന്നോട്‌ ആരെങ്കിലും ആവശ്യപ്പെട്ടോ ’ എന്നാണ്‌. അടിക്കടി കേരളത്തിൽ വന്ന്‌ പല ആക്ഷേപങ്ങളും ഉയർത്തിയിട്ട്‌ പോകുന്ന കേന്ദ്രമന്ത്രിക്ക്‌ ഇവിടുത്തെ ആവശ്യങ്ങൾ മാത്രം അറിയുന്നില്ല.

ആരും ആവശ്യപ്പെടാതെ തന്നെ ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടയാളാണ്‌ കേന്ദ്രമന്ത്രി. മാത്രമല്ല, എല്ലാ ആവശ്യങ്ങളും ഔദ്യോഗികമായി തന്നെ കേന്ദ്രസർക്കാരിനോട്‌ കത്തുമൂലവും അല്ലാതെയും ആവശ്യപ്പെടുന്നുമുണ്ട്‌. കോവിഡ്‌ പ്രതിരോധത്തിൽ  സംസ്ഥാനത്തിന്റെ മികവിനെയും മുരളീധരൻ  പുച്‌ഛിക്കുന്നു‌. 

ലക്ഷക്കണക്കിന്‌ വിദേശ മലയാളികൾ കോവിഡ്‌ കാലത്തും മുമ്പും ബുദ്ധിമുട്ട്‌ നേരിട്ടപ്പോഴും വകുപ്പ്‌ ചുമതലക്കാരൻ കൂടിയായ  മുരളീധരൻ ഒന്നും ചെയ്തില്ല. കേരളത്തിന്‌ സഹായം നിഷേധിച്ച ഘട്ടത്തിലും നാടിനു വേണ്ടി കേന്ദ്രമന്ത്രിസ്ഥാനം ഉപയോഗിക്കാൻ തയ്യാറായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top