13 September Friday

വായ്‌പാപരിധി : കേന്ദ്ര സഹമന്ത്രി പറയുന്നത്‌ 
പൊട്ടക്കണക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നിരത്തുന്നത്‌ പൊട്ടക്കണക്കുകൾ. നടപ്പുസാമ്പത്തിക വർഷം ആകെ കേരളത്തിന് അനുവദിച്ച വായ്പാപരിധി എത്രയാണ് എന്നതാണ്‌ മുരീളധരന്റെ ചോദ്യം. ജിഎസ്‌ടിപിയുടെ മൂന്നു ശതമാനവും സഞ്ചിത വായ്‌പയിൽനിന്ന്‌ പുതുക്കാൻ അനുവദിക്കുന്ന തുകയും (റീപ്ലെയിസ്‌മെന്റ്‌ ബോറോയിങ്‌സ്‌) നാഷണൽ പെൻഷൻ പദ്ധതി വിഹിതത്തിന്‌ അനുവദിച്ച വായ്‌പയും ചേർന്നതാണ്‌ വാർഷിക വായ്‌പാ പരിധി എന്നും വാദിക്കുന്നുണ്ട്‌. എന്നാൽ,
ധന ഉത്തരവാദിത്വ നിയമപ്രകാരം കേരളത്തിനും  കേന്ദ്രത്തിനും അനുവദനീയമായത്‌ മൂന്നു ശതമാനം വായ്‌പയാണ്‌. ബജറ്റിലെ വാർഷിക മൊത്തവരുമാനം 11,32,194 കോടി രൂപയാണ്‌. മൂന്നു ശതമാനമായ 33,965 കോടിയുടെ വായ്‌പയ്‌ക്ക്‌ അവകാശമുണ്ട്‌. സഞ്ചിത വായ്‌പയിൽ ഒരുഭാഗം പുതുക്കുന്നത്‌ മൊത്തം ബാധ്യതയിൽ മാറ്റം വരുത്തുന്നില്ല. അതിനാൽ അസ്സൽ വായ്‌പ അടിസ്ഥാനമാക്കിയാണ്‌  ധനകമ്മി കണക്കാക്കുക. ഇത്‌ നിയമ പ്രകാരം അനുവദനീയമായ മൂന്നു ശതമാനമാനത്തിനുള്ളിലാകണം. കേന്ദ്ര സർക്കാരിന്റെ 2022--23 ലെ ധനക്കമ്മി 6.7 ശതമാനമാകുന്നതും ഇതേരീതി അടിസ്ഥാനമാക്കിയാണ്‌. അനുവദനീയമായതിന്റെ ഇരട്ടിയിലേറെയാണിത്‌. പെൻഷൻ വിഹിതം അടയ്‌ക്കാൻ കേരളം വായ്‌പ എടുക്കാറില്ല. എടുത്താൽതന്നെ മുരളീധരന്റെ കണക്കുപ്രകാരം ഇത്‌ മൂന്നുശതമാനം വായ്‌പയ്‌ക്ക്‌ പുറത്താണ്‌.

ട്രഷറി നിക്ഷേപമായ പബ്ലിക്‌ അക്കൗണ്ട്‌ 2017 വരെ അവകാശപ്പെട്ട മൂന്നുശതമാനം വായ്‌പയിൽ ഉൾപ്പെടുത്തിയിരുന്നില്ല. നിക്ഷേപവരവും തിരിച്ചടവ്ചെലവും ട്രഷറി സ്വയം കൈകാര്യം ചെയ്യുന്നതാണ്‌. കേരളത്തെ കുരുക്കാൻ കേന്ദ്രം ഇതും വായ്പാപരിധിയിൽ ഉൾപ്പെടുത്തുന്നു. ട്രഷറി നിക്ഷേപം 13,177 കോടി രൂപയാണെന്ന്‌ മുരളീധരൻ പറയുന്നു. സംസ്ഥാന ബജറ്റിൽ 11,073 കോടിയും. ഇവിടെയും വ്യത്യാസം 2104 കോടിയാണ്‌. നബാർഡിന്റെ ഉൾപ്പെടെ വായ്‌പ 5,700 കോടിയും  കിഫ്ബി വായ്‌പ 2500 കോടിയും മുരളീധരന്റെ വായ്‌പാനുമതിയിൽ കിഴിച്ചിട്ടുണ്ട്‌.
കഴിഞ്ഞവർഷത്തെ അധിക കടമെടുക്കലായി 13,284 കോടി രൂപ കുറച്ചിട്ടുണ്ടെന്നാണ്‌ സഹമന്ത്രിയുടെ വാദം. മാർച്ച് 31 വരെയുള്ള അക്കൗണ്ടന്റ്‌ ജനറലിന്റെ താൽക്കാലിക കണക്കിൽ 3.5ശതമാനം വായ്‌പയ്‌ക്ക്‌ അർഹതയുണ്ടായിട്ടും അനുവദിച്ചത്‌ 2.2 ശതമാനം. എന്നിട്ടാണ്‌ അനുമതിയില്ലാതെയുള്ള അധിക വായ്‌പയുടെ കള്ളക്കഥ നിരത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top