13 July Monday

ശ്രീനാരായണ ഗുരു തീർഥാടന ഇടനാഴി ഒഴിവാക്കിയത്‌ കണ്ണന്താനവും വി മുരളീധരനും ചേർന്ന്‌

ജി രാജേഷ്‌കുമാർUpdated: Sunday Jun 7, 2020

തിരുവനന്തപുരം > ശ്രീനാരായണ ഗുരു തീർഥാടന ഇടനാഴി പദ്ധതി ഉപേക്ഷിച്ചതിന് കാരണക്കാർ ബിജെപി സംസ്ഥാന നേതാക്കളായ കേന്ദ്രമന്ത്രിയും മുൻമന്ത്രിയും. ഇന്ത്യാ ടൂറിസം ഡവലപ്പ്‌‌മെന്റ്‌ കോർപറേഷനെ (ഐടിഡിസി) പദ്ധതി നിർവഹണം ഏൽപ്പിക്കുന്നത്‌ മുൻ ബിജെപി സർക്കാരിലെ ടൂറിസം മന്ത്രി അൽഫോൺസ്‌ കണ്ണന്താനം. ഐടിഡിസിക്ക്‌ ഇതിൽ മുൻപരിചയമൊന്നുമില്ലെന്ന സംസ്ഥാനത്തിന്റെ ചുണ്ടിക്കാട്ടൽ മുഖവിലയ്‌ക്കെടുത്തതുമില്ല. സംസ്ഥാന വിനോദസഞ്ചാര വകുപ്പുവഴി നടപ്പാക്കേണ്ട പദ്ധതി മാനദണ്ഡങ്ങൾ മറികടന്ന് ഐടിഡിസിയെ ഏൽപ്പിച്ചു.

ഇതോടെ നിർവഹണത്തിൽ സംസ്ഥാന സർക്കാരിന്‌ ഒരു പങ്കുമില്ലാതായി. നൽകിയ പണം ചെലവഴിക്കാഞ്ഞതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്നാണ്‌ ഇപ്പോൾ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറയുന്നത്‌.  2019 ഫെബ്രുവരിയിൽ ഉദ്‌ഘാടനവേളയിൽ, രണ്ടുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന്‌  കണ്ണന്താനം പ്രഖ്യാപിച്ചു. ഒന്നേകാൽ വർഷത്തോളം  നിർമാണമൊന്നും നടത്തിയില്ല. എന്നിട്ടും, മുരളീധരൻ പച്ചക്കള്ളം പറയുന്നു. പദ്ധതി പ്രവർത്തനങ്ങളുടെ നാൾവഴിയിലെങ്ങും സംസ്ഥാനത്തിന്റെ അലംഭാവം ചുണ്ടിക്കാട്ടാൻ കേന്ദ്രമന്ത്രിക്കോ കൂട്ടുപിടിക്കാനിറങ്ങിയവർക്കോ കഴിയുന്നില്ല.

2019 മെയ്‌ 12നാണ്‌ ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കി ടൂറിസം ഇടനാഴി പദ്ധതി തയ്യാറാക്കണമെന്ന്‌ കേന്ദ്ര വിനോദ സഞ്ചാരമന്ത്രാലയത്തിന്റെ നിർദേശം സംസ്ഥാനത്തിന്‌ ലഭിക്കുന്നത്‌. ശ്രീനാരായണ ധർമ പരിപാലന സംഘം പ്രധാനമന്ത്രിക്ക്‌ നൽകിയ നിവേദനത്തെതുടർന്നായിരുന്നു നടപടി. വർക്കല എംഎൽഎ വി ജോയിയും ഇതേആവശ്യം സംസ്ഥാന സർക്കാരിന്‌ സമർപ്പിച്ചിരുന്നു.

സെപ്‌തംബറിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ച യോഗം കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ സ്‌കീമിൽ ഉൾപ്പെടുത്താനുതകുന്ന പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചു.  എം കുമാർ ആർകിടെക്ട്‌സ്‌ എന്ന സ്ഥാപനം പ്രാഥമികപദ്ധതി രേഖ തയ്യാറാക്കിയത്‌.  325 കോടിയുടെ പദ്ധതി കേന്ദ്ര വിനോദസഞ്ചാര വകുപ്പിൽ സംസ്ഥാന ടൂറിസം ഡയറക്ടർ ബാലകിരൺ നേരിട്ടവതരിപ്പിച്ചു. ഇത്‌ കേന്ദ്ര നിർദേശപ്രകാരം 118 കോടിയുടേതാക്കി. ശിവഗിരി ട്രസ്‌റ്റ്‌ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ ആവശ്യപ്രകാരം കേന്ദ്ര വിനോദസഞ്ചാര വകുപ്പ്‌ പദ്ധതി അടങ്കൽ 99 കോടിയാക്കി. ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം, കുന്നുംപാറ എന്നിവിടങ്ങളിലേക്ക്‌ പദ്ധതി ഒതുക്കി. ഇതിനും 2018ൽ തന്നെ വിശദ പദ്ധതിരേഖ നൽകി. ഇതിൽ മാറ്റങ്ങൾ വരുത്തി ഐടിഡിസി നൽകിയ പദ്ധതിയിലാണ്‌ 2019 ജനുവരി മൂന്നിന്‌ കേന്ദ്രം ഭരണാനുമതി നൽകിയത്‌. ഈ പദ്ധതിയാണ്‌ ഇപ്പോൾ ഉപേക്ഷിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top