16 January Saturday
വിജിലൻസിന്റെ കസ്‌റ്റഡി അപേക്ഷയിൽ വിധി ഇന്ന്

പിഴയടച്ചാലും കള്ളപ്പണം അഴിമതിപ്പണം തന്നെ: വിജിലൻസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020


കൊച്ചി
വി കെ ഇബ്രാഹിംകുഞ്ഞ്‌ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച പത്തുകോടി രൂപയുടെ കള്ളപ്പണം പിഴയടച്ചാലും അഴിമതിപ്പണം തന്നെയാണെന്ന്‌ വിജിലൻസ്‌. പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിലായ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിർത്താണ്‌ വിജിലൻസ്‌ ഇക്കാര്യം കോടതിയെ അറിയിച്ചത്‌. കേസിലെ അഞ്ചാംപ്രതിയാണ്‌ ഇബ്രാഹിംകുഞ്ഞ്‌. പാലാരിവട്ടം പാലം അഴിമതിയിലൂടെ  കിട്ടിയ പത്തുകോടി രൂപയാണ്‌ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലിട്ടതെന്നും അതിന്‌ ആദായനികുതിവകുപ്പിന്‌ പിഴയൊടുക്കിയതിന്റെ രേഖ പിടിച്ചെടുത്തിട്ടുണ്ടെന്നും വിജിലൻസ്‌ കോടതിയെ അറിയിച്ചിരുന്നു.

പാലാരിവട്ടം പാലം നിർമാണത്തിന്‌ ആർഡിഎസ്‌ കമ്പനിയെ തെരഞ്ഞെടുത്തതുമുതൽ അഴിമതിയുണ്ട്‌. വൻ ഗൂഢാലോചനയും നടന്നുവെന്നും ജാമ്യാപേക്ഷയെ എതിർത്ത്‌ വിജിലൻസ്‌ കോടതിയെ അറിയിച്ചു.

ഉദ്യോഗസ്ഥർ പരിശോധിച്ചശേഷമാണ്‌ കരാറുകാരന്‌  മൊബിലൈസേഷൻ അഡ്വാൻസ്‌ നൽകാനുള്ള ഫയലിൽ മന്ത്രി ഒപ്പിട്ടതെന്നും റൂൾസ്‌ ഓഫ്‌ ബിസിനസ്‌ അനുസരിച്ചായിരുന്നു നടപടിയെന്നും ഇബ്രാഹിംകുഞ്ഞിനുവേണ്ടി ഹാജരായ അഡ്വ. ബി രാമൻപിള്ള വാദിച്ചു. കൊച്ചി മെട്രോയുടെ പണി നടക്കുന്നതിനാലാണ് കരാറുകാരൻ ആർബിഡിസികെയോട്‌ അഡ്വാൻസ് ചോദിച്ചത്. കമ്പിയും സിമെന്റും കടംകിട്ടാതെ വന്നതാണ്‌ കാരണം. തുടർന്നാണ്‌ ആർബിഡിസികെ അഡ്വാൻസ് നൽകാൻ ശുപാർശ ചെയ്‌തതെന്നും ഇബ്രാഹിംകുഞ്ഞ്‌ അനധികൃതമായി ഒന്നും ചെയ്‌തിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ജാമ്യാപേക്ഷയിലും വിജിലൻസിന്റെ കസ്‌റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലൻസ്‌ കോടതി വ്യാഴാഴ്ച വിധി പറയും. സ്വകാര്യ ആശുപത്രിയിൽ റിമാൻഡിലുള്ള ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാനുള്ള സമയവും വ്യാഴാഴ്ച തീരുമാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top