പുനർജനി ട്രസ്‌റ്റ് ; സതീശൻ ചതിച്ചു , ഭൂമി തിരികെ നൽകണമെന്ന് തട്ടിപ്പിനിരയായ സ്‌ത്രീ
കൊച്ചി
കടം കയറി ജീവിക്കാൻ മാർഗമില്ലാത്ത താനടക്കം നാലു സ്‌ത്രീകളെ പുനർജനി ട്രസ്‌റ്റിന്റെ പേരിൽ വീടുവച്ചുതരാമെന്നുപറഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചതിച്ചെന്ന് പറവൂർ സിപി തുരുത്ത് കോലപ്പള്ളി വീട്ടിൽ കെ ബേബി (ഉഷാ സുരേഷ്). വീടില്ലാത്ത ഉഷാ സുരേഷ്, ഗീത, അനിത, ഗീത എന്നിവരുടെ കുടുംബത്തിന് ഫ്ലാറ്റ് നിർമിച്ചുനൽകാൻ പറയാട് വത്സലകുമാർ എന്ന വ്യവസായി ഭൂമി നൽകിയിരുന്നു. പല്ലംതുരുത്ത് പ്രദേശത്ത് 12 ലക്ഷം രൂപയ്‌ക്ക് വാങ്ങിയ അഞ്ചുസെന്റ് ഭൂമി പുനർജനി ട്രസ്‌റ്റ് അവരുടെ പേരിലാക്കി. അവിടെ ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞാണ് ഭൂമി തട്ടിലയടുത്തത്. എന്നാൽ, വി ഡി സതീശനോട് ഫ്ലാറ്റ് നിർമിച്ചുനൽകണമെന്ന് നിരവധിതവണ ഇവർ അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. കോൺഗ്രസിന്റെ സജീവ പ്രവർത്തകയായിരുന്നിട്ടും ബേബിയെയടക്കം ആട്ടിയോടിച്ചു. ഈ ഭൂമിയിൽ ഷെഡുകെട്ടി ജീവിക്കാൻ ഇവർ ഒരുങ്ങിയപ്പോൾ അതും പൊളിച്ചുമാറ്റിയെന്നും ഇവർ പറയുന്നു.
‘പുനർജനിയോടുള്ള വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടു. ഈ ഭൂമി അടിയന്തരമായി ഞങ്ങളുടെ പേരിലേക്ക് രജിസ്‌റ്റർ ചെയ്‌ത് നൽകണം. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ വീട് അപേക്ഷ നൽകാനും മുഖ്യമന്ത്രിയെ നേരിൽകണ്ട് കാര്യങ്ങൾ പറയാനും ഒരുങ്ങിയിരിക്കുകയാണ് ഞങ്ങൾ’ –ബേബി പറഞ്ഞു.
0 comments