02 August Monday

ഐക്യം പുറംപൂച്ച്‌മാത്രം, കോൺഗ്രസിൽ ഭിന്നത രൂക്ഷം ; കിട്ടുന്ന അവസരത്തിൽ തിരിച്ചടിക്കാൻ 
ഉമ്മൻചാണ്ടി വിശ്വസ്‌തർ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


തിരുവനന്തപുരം
കെ സുധാകരന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പ്രകടമായ  ‘കോൺഗ്രസ്‌ ഐക്യം’ പുറംതോടിൽ മാത്രമെന്ന്‌ വ്യക്തമാക്കി രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും.  കിട്ടുന്ന അവസരത്തിൽ തിരിച്ചടിക്കാൻ ഉമ്മൻചാണ്ടി വിശ്വസ്‌തരും ധാരണയിലെത്തി. വഞ്ചനയുടെയും ചതിയുടെയും അണിയറക്കഥകളാണ്‌ എ, ഐ നേതാക്കൾ നിരത്തുന്നത്‌.

പ്രതിപക്ഷനേതാവ്‌ സ്ഥാനം തെറിപ്പിക്കാൻ ഗ്രൂപ്പിലെ അഞ്ച്‌ എംഎൽഎമാർ ചതിച്ചെന്ന്‌ രമേശ്‌ ചെന്നിത്തല തുറന്നടിച്ചു. തലേന്ന്‌ രാത്രിവരെ തന്നോടൊപ്പമാണെന്ന്‌ പറഞ്ഞ അൻവർ സാദത്ത്‌, എൽദോസ്‌ കുന്നപ്പിള്ളി, സി ആർ മഹേഷ്‌, ടി ജെ വിനോദ്‌, ഐ സി ബാലകൃഷ്‌ണൻ  എന്നിവരാണ്‌ ‘കോഴി മൂന്ന്‌ വട്ടം കൂകുംമുമ്പ്‌’ തള്ളിപ്പറഞ്ഞത്‌. താൻ കൈപിടിച്ചുവളർത്തിയവരും കണ്ണടച്ച്‌ വിശ്വസിച്ചവരുമായ ഈ വഞ്ചകരോട്‌ വിട്ടുവീഴ്‌ചയില്ലെന്ന നിലപാടിലാണ്‌ അദ്ദേഹം. അഞ്ച്‌ എംഎൽഎമാർകൂടി കൈവിട്ടതോടെ ഐ ഗ്രൂപ്പ്‌ ശിഥിലമായി. കെ മുരളീധരനും ഐ ഗ്രൂപ്പിനൊപ്പമല്ല.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മൂന്ന്‌ വർക്കിങ്‌ പ്രസിഡന്റുമാരും ഒരു ഗ്രൂപ്പിന്റെയും പിന്തുണയില്ലാത്തവരാണെന്നത്‌ കോൺഗ്രസിലെ ഭിന്നത കൂടുതൽ മൂർച്ഛിക്കുമെന്നതിന്‌ തെളിവാണ്‌. കെ സുധാകരനും വി ഡി സതീശനും ഐ ഗ്രൂപ്പുകാരായിരുന്നെങ്കിലും ഇപ്പോൾ പുറത്താണ്‌.  വർക്കിങ്‌ പ്രസിഡന്റുമാരായ പി ടി തോമസ്‌, കൊടിക്കുന്നിൽ സുരേഷ്‌, ടി സിദ്ദിഖ്‌ എന്നിവരെ വിശ്വസിക്കരുതെന്ന്‌ ഉമ്മൻചാണ്ടിയും എ ഗ്രൂപ്പിൽ തുറന്നുപറഞ്ഞു. പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തേക്ക്‌ പിന്തുണയ്‌ക്കാത്തതിന്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണനും ‘എ’ ഗ്രൂപ്പിനോട്‌ അകന്നു. ഇതൊന്നും വകവയ്‌ക്കാതെ മുന്നോട്ടുപോകാനാണ്‌ എ ഗ്രൂപ്പ്‌ തീരുമാനം. കെ സുധാകരൻ, വി ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ്‌ അനൗപചാരികമായി രൂപം കൊണ്ടിട്ടുണ്ട്‌. ഈ ഗ്രൂപ്പില്ലാ ഗ്രൂപ്പും എ ഗ്രൂപ്പും തമ്മിലാകും ഇനി പോര്‌. ഇതിലൊന്നിലുംപെടാത്തവരും പുനഃസംഘടനയ്‌ക്കുശേഷം പുതിയ ചേരിയായി രംഗത്തെത്തും.

‘ഐ’ ‘എ’ 
മൂലക്കിരുത്തിയെന്ന് മുല്ലപ്പള്ളി
എ, ഐ ഗ്രൂപ്പുകൾ കൈകോർത്ത്‌ തന്നെ മൂലയ്‌ക്കിരുത്തിയെന്ന വികാരമാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌. ഗ്രൂപ്പുകൾ ഒത്തുചേർന്ന്‌ തനിക്കെതിരെ കളിച്ചെന്ന്‌ മുല്ലപ്പള്ളിയും പരസ്യമായി പറഞ്ഞു.  ഹൈക്കമാൻഡിന്റെ ആളായി പ്രസിഡന്റ്‌ സ്ഥാനത്തെത്തിയപ്പോൾ പ്രതീക്ഷിച്ചതൊന്നും തിരിച്ചുകിട്ടിയില്ലെന്ന മുല്ലപ്പള്ളിയുടെ തുറന്നുപറച്ചിൽ എ, ഐ ഗ്രൂപ്പുകളെ ഉന്നംവച്ചാണ്‌.

ചെന്നിത്തല–- രാഹുൽ 
കൂടിക്കാഴ്‌ച ഇന്ന്‌
ഹൈക്കമാൻഡ്‌ അവഗണിച്ചെന്നും അപമാനിച്ചെന്നുമുള്ള പരാതി നിലനിൽക്കെ രമേശ്‌ചെന്നിത്തല വെള്ളിയാഴ്‌ച രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. ചെന്നിത്തലയ്‌ക്ക്‌ ദേശീയ പദവിനൽകി ഒതുക്കാനാണ്‌ ഹൈക്കമാൻഡ്‌ നീക്കം. കെപിസിസി രാഷ്‌ട്രീയകാര്യസമിതി അംഗത്വം മാത്രമുള്ള ചെന്നിത്തല ഇത്‌ ഒഴിയാനും എംഎൽഎ സ്ഥാനം രാജിവയ്‌ക്കാനും മടിക്കില്ലെന്ന്‌ എഐസിസി ജനറൽ സെക്രട്ടറിയോട്‌ പറഞ്ഞിട്ടുണ്ട്‌.

സ്ഥാനാരോഹണത്തിൽ വീഴ്‌ചപറ്റി: 
പ്രതിപക്ഷ നേതാവ്‌
വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധിഘട്ടത്തിലും ഉണ്ടാവണമെന്നില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌  വി ഡി സതീശൻ. കൂടുതൽ കാര്യങ്ങൾ രമേശ്‌ ചെന്നിത്തലയോടുതന്നെ ചോദിക്കണം. പ്രതികരണം സാധാരണകാര്യമെന്നും സതീശൻ വാർത്താലേഖകരോട്‌ പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ സ്ഥാനമേൽക്കൽ ചടങ്ങിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചു. കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. ആളുകളെ നിയന്ത്രിക്കാൻ  ശ്രമിച്ചു.  കേസെടുത്തതിനെതിരല്ല. പക്ഷേ, ഏകപക്ഷീയമാവരുതെന്നും സതീശൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top