Deshabhimani

പുനഃസംഘടനാ ചർച്ച ; സതീശന്‌ തിരിച്ചടി , സുധാകരനെ നീക്കാൻ 
എ വിഭാഗവും

വെബ് ഡെസ്ക്

Published on Dec 12, 2024, 12:09 AM | 0 min read


തിരുവനന്തപുരം
പുനഃസംഘടനയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റാനുള്ള വി ഡി സതീശന്റെ അജണ്ടയ്ക്ക്‌ തുടക്കത്തിലേ തിരിച്ചടി. തന്നെ മാറ്റുന്നെങ്കിൽ പ്രതിപക്ഷ നേതാവും മാറണമെന്ന പാക്കേജ്‌ സുധാകരൻ ഹൈക്കമാൻഡ്‌ നേതാക്കളെ അറിയിച്ചെന്നാണ്‌ വിവരം. ഇതോടെ ചർച്ച ഇപ്പോൾ വേണ്ടെന്ന നിർദേശം ഹൈക്കമാൻഡിൽ നിന്ന്‌ വന്നു. എന്നാൽ, ഇരുചേരികളും തമ്മിലുള്ള രൂക്ഷമായ സൈബർ യുദ്ധം അവസാനിച്ചിട്ടില്ല. സുധാകരനെ മാറ്റേണ്ടത്‌ അത്യാവശ്യമാണ്‌ എന്നവിധത്തിൽ ചർച്ച ഒരുവശത്ത്‌ കൊഴുക്കുന്നുണ്ട്‌. ചില പകരക്കാരുടെ പേരും ഇവർ പ്രചരിപ്പിക്കുന്നു. കത്തോലിക്കാസഭയെ വരെ അനാവശ്യമായി ഇതിലേക്ക്‌ വലിച്ചിഴച്ചു. സണ്ണിജോസഫ്‌, റോജി എം ജോൺ, ബെന്നി ബെഹ്‌നാൻ തുടങ്ങിയ പല പേരും സുധാകരവിരുദ്ധ ക്യാമ്പ്‌ പുറത്തുവിട്ടു. ചില കേന്ദ്രങ്ങളിൽ കൂടിയാലോചിച്ചാണ്‌ വാർത്ത പ്രചരിപ്പിച്ചത്‌. ചെന്നിത്തലയെ പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തുനിന്ന്‌ തെറിപ്പിച്ചതുപോലെ, ഒന്നും അറിയാത്തതുപോലെ പ്രതികരിക്കുകയും അകത്ത്‌ നീക്കങ്ങൾ നടത്തുകയും ചെയ്യുകയാണ്‌ സതീശനെന്ന്‌ ആക്ഷേപമുണ്ട്‌.

സുധാകരനെ നീക്കാൻ 
എ വിഭാഗവും
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന്‌ കെ സുധാകരനെ നീക്കാൻ വി ഡി സതീശനൊപ്പം  എ ഗ്രൂപ്പിലെ പ്രമുഖരും കൈകോർക്കുന്നു. കെ സി വേണുഗോപാലാണ്‌ സുധാകരനെ സംരക്ഷിക്കുന്നതെന്നാണ്‌ ഇവരുടെ പരാതി. എന്നാൽ, വിഷയത്തിൽ പരസ്യപ്രതികരണം വേണ്ട എന്ന ഹൈക്കമാൻഡ്‌ നിർദേശം കെ സുധാകരന്‌ നേട്ടമായത്‌. പുനസംഘടനാ ചർച്ചയുടെ വാർത്ത സതീശൻ ക്യാമ്പിൽ നിന്നാണ്‌ പുറത്തുവന്നത്‌. രോഗിയാണെന്നും ഓടി നടന്ന്‌ പ്രവർത്തിക്കാൻ കഴിയില്ലെന്നും മറ്റുമുള്ള പ്രചാരണത്തിന്‌ പുറമെ, ഉപതെരഞ്ഞെടുപ്പുകളിലുള്ള സുധാകരന്റെ സംഭാവന എന്താണെന്ന ചോദ്യവുമാണ്‌ ഇവർ ഉയർത്തുന്നത്‌. കെപിസിസി നിർജീവമാണ്‌, ഭാരവാഹികളിൽ നല്ലൊരുശതമാനം പ്രവർത്തിക്കുന്നില്ലെന്നും ഇവർ പ്രചരിപ്പിക്കുന്നു.

 



deshabhimani section

Related News

0 comments
Sort by

Home