19 September Saturday

ഉത്ര കൊലക്കേസ്‌ പൊലീസിന്‌ ഇനി അക്കാദമിക്‌ ഫയൽ; പാമ്പിനെ ഉപയോഗിച്ച്‌ കൊല ഇന്ത്യയിൽ തന്നെ ആദ്യ സംഭവം

സ്വന്തം ലേഖകന്‍Updated: Friday Aug 14, 2020

കൊല്ലം > അഞ്ചൽ സ്റ്റേഷനിലെ ക്രൈം നമ്പർ 1540/2020 പൊലീസിന്‌ ഇനി അക്കാദമിക്‌ ഫയൽ. അഞ്ചൽ ഏറം വിഷുവിൽ (വെള്ളാശ്ശേരി) ഉത്രയെ (25) പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചു‌ കൊലപ്പെടുത്തിയ കേസ്‌ സംസ്ഥാനത്ത്‌ കുറ്റാന്വേഷണ ചരിത്രത്തിൽ നാഴികക്കല്ലാണ്‌. പാമ്പിനെ ഉപയോഗിച്ച്‌ ഒരാളെ കൊലപ്പെടുത്തിയ സംഭവം ഒരുപക്ഷേ, ഇന്ത്യയിൽ ആദ്യമാണ്‌. ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പാമ്പിനെ പുറത്തെടുത്ത്‌ പോസ്റ്റ്‌മോർട്ടം നടത്തിയതും കേട്ടുകേൾവി ഇല്ലാത്തത്‌. പാമ്പിന്റെ ശൽക്കങ്ങൾ ഡിഎൻഎ പരിശോധന നടത്തുന്നതും അപൂർവം. കേസ്‌ അഞ്ചൽ ലോക്കൽ പൊലീസ്‌ കാര്യഗൗരവത്തോടെ എടുക്കാതിരിക്കുകയും പിന്നീട്‌ റൂറൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്ത്‌ ദിവസങ്ങൾക്കുള്ളിൽ പ്രതികളെ അറസ്റ്റുചെയ്‌ത്‌ ചരിത്രം തീർത്തു.

മെയ്‌ ഏഴിനാണ്‌ ഉത്രയെ  മരിച്ച നിലയിൽ കണ്ടത്‌. മുറിയിൽനിന്ന്‌ പാമ്പിനെയും കണ്ടെത്തി. ഉത്രയെ കൊലപ്പെടുത്താൻ പ്രതി വലിയ പഠനംതന്നെ നടത്തിയിരുന്നു. പാമ്പുകടിച്ചാൽ വേദനയുണ്ടാകുമെന്ന് ബോധ്യപ്പെട്ട് ഉത്ര വേദന അറിയാതിരിക്കാനുള്ള മുൻകരുതലുമെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ചൈനയിൽ ഗവേഷണം നടത്തുന്ന വിദഗ്ധന്റെയും ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ശര്‍മയുടെയും ഹൈദരാബാദ് അടക്കം രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ അന്വേഷകസംഘം തേടിയിരുന്നു. പാമ്പിൻ വിഷത്തെപ്പറ്റിയും പാമ്പുകളെപ്പറ്റിയും വിശദമായ പഠന റിപ്പോർട്ടും കുറ്റപത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്.

പാമ്പിനെക്കൊണ്ട്‌ ബലമായി ഉത്രയെ കടിപ്പിച്ചത്‌ എങ്ങനെയെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവം പുനരാവിഷ്‌കരിക്കാൻ ഡമ്മി പരീക്ഷണവും നടത്തി. വ്യത്യസ്തതയുള്ള കൊലപാതകത്തിന് വ്യത്യസ്തതയുള്ള അന്വേഷണ രീതി നടപ്പാക്കിയാണ് പ്രതിയെ പിടികൂടിയതും കുറ്റം തെളിയിച്ചതെന്നും റൂറൽ പൊലീസ്‌ മേധാവി എസ്‌ ഹരിശങ്കർ പറഞ്ഞു. മെയ്‌ 20നാണ്‌ റൂറൽ പൊലീസ്‌ മേധാവിയുടെ  ഡാൻസാഫ്‌ ടീം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ അശോകന്റെ നേത‌ൃത്വത്തിൽ അന്വേഷണം ഏറ്റെടുത്തത്‌. തുടർന്ന്‌ 24ന്‌ ടീം വിപുലീകരിച്ചു. ഡാൻസാഫ്‌ ടീം അംഗങ്ങളായ ശിവശങ്കരപ്പിള്ള, അഷിർ കോഹൂർ, സജിജോൺ, അജയകുമാർ, രാധാകൃഷ്‌ണപിള്ള, മഹേഷ്‌മോഹൻ, അഡീഷണൽ എസ്‌പി മധുസൂദനൻ, സിഐ അനൂപ്‌കൃഷ്‌ണൻ, എസ്‌ഐമാരായ അനിൽകുമാർ, രമേശ്‌കുമാർ, മുരുകൻ, മിർസ, എഎസ്‌ഐ മനോജ്‌കുമാർ എന്നിവരാണ്‌ അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്‌‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top