02 March Tuesday

ദേശാടനത്തിലെ പാച്ചുവിന്റെ മുത്തച്‌ഛൻ; തെക്കേടത്ത് ‌രാമൻകുട്ടിയുടെ മുതുകിലേറിയുള്ള ആ മാസ്‌ എൻട്രി എങ്ങനെ മറക്കും...

പി പി സതീഷ്‌ കുമാർUpdated: Wednesday Jan 20, 2021

ഫോട്ടോ: ജഗത്‌ ലാൽ

വിക്രമാദിത്യനും വേതാളവുമെന്ന പോലെ കല്യാണപ്പന്തലിലേക്ക് ‌തെക്കേടത്ത് ‌രാമൻകുട്ടിയുടെ മുതുകിലേറിയുള്ള ആ മാസ്‌ എൻട്രി എങ്ങനെ മറക്കും.  ‘കല്യാണരാമനി’ൽ എൺപതുകാരൻ മുത്തച്ഛന്റെ ശൃംഗാര ചേഷ്ടകൾക്കൊപ്പം അന്ന് കുടുംബസദസ്സുകൾ ചിരിച്ചുമറിയുകയായിരുന്നു.  ദേശാടനമെന്ന ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ വയസ്സ്‌ 76. ദേശാടനത്തിന്‌ തൊട്ടുപിന്നാലെ ‌ കല്യാണരാമൻ. അതോടെ ആ മുത്തച്ഛൻ മലയാള സിനിമയുടെ നടുമുറ്റത്ത് കസേര വലിച്ചിട്ട് ഇരിക്കാൻ തുടങ്ങി.  ജീവിതസായന്തനത്തിലും സിനിമാസ്വാദകരുടെ സ്‌നേഹഹഭാജനം.  സിനിമയുടെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് 2020 ഒക്ടോബർ 25നാണ്‌ തൊണ്ണൂറ്റിയേഴാം പിറന്നാൾ ആഘോഷിച്ചത്‌.

ഒരിക്കൽ പയ്യന്നൂർ കോറോത്തെ പുല്ലേരി വാധ്യാരില്ലത്ത് എത്തിയ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു:  ‘92ാം വയസ്സിൽ ശൃംഗാരം അഭിനയിക്കാൻ നമുക്കൊരു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മാത്രമാണുള്ളത്.’തൊണ്ണൂറ്‌ പിന്നിട്ടൊരാൾ മുതുമുത്തച്ഛനായോ തറവാട്ടു കാരണവരായോ അഭിനയിച്ചേക്കാം. ഈ പ്രായത്തിൽഅശ്ലീലമാവാതെ ശൃംഗാരം ഉൾപ്പെടെ അഭിനയിക്കണമെങ്കിൽലക്ഷണമൊത്തൊരു പ്രതിഭാശാലിയാകണം.

ദേശാടനം മുതൽ മലയാളത്തിലും തമിഴിലുമായി ഇരുപതിലധികം സിനിമകൾ. തമിഴിൽ കമൽഹാസന്റെ പമ്മൽ കെ സംബന്ധവും മമ്മൂട്ടിക്കും അജിത്തിനുമൊപ്പം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനും പോലുള്ള മികച്ച സിനിമകൾ.

യാദൃച്‌ഛികമായിരുന്നു ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയുടെ സിനിമാപ്രവേശം. മകൾ ദേവകിയുടെ ഭർത്താവും‌ ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ  കോഴിക്കോട്‌ തിരുവണ്ണൂരിലെ വീടിന്റെ ഗൃഹപ്രവേശത്തിന്‌ മാടമ്പ്‌ കുഞ്ഞിക്കുട്ടനൊപ്പം എത്തിയതായിരുന്നു ജയരാജ്‌.  ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയെ  ജയരാജ്‌ ദേശാടനത്തിലേക്ക്‌ ക്ഷണിക്കുന്നത്‌ ‌ അവിടെവച്ച്‌‌.  കാരണവരാകാൻ പുതുമുഖത്തെ തേടുകയായിരുന്നു ജയരാജ്‌. ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയെ കണ്ടതോടെ അന്വേഷണം നിർത്തി.  കൈതപ്രവും മകളും ‌ അച്‌ഛനോട്‌ സംസാരിച്ചു. ടിവിയിൽ വരുന്ന പൊട്ടസിനിമകൾ കാണാറുണ്ടെന്നതല്ലാതെ എനിക്കിതൊന്നും പറ്റില്ലെന്നും‌ പറഞ്ഞൊഴിഞ്ഞു. നിരന്തരമായ നിർബന്ധത്തിന്‌ വഴങ്ങി രണ്ടാഴ്‌ച കഴിഞ്ഞ്‌‌ യെസ്‌ പറഞ്ഞു.

പാച്ചുവിന്റെ മുത്തച്‌ഛനായി ദേശാടനത്തിൽ ജീവിക്കുകയായിരുന്നു ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരി. സ്വന്തം സ്വഭാവസവിശേഷതകളോട്‌ ചേർന്ന്‌ നിൽക്കുന്ന കഥാപാത്രത്തെ അസാമാന്യമായ മെയ്‌വഴക്കത്തോടെ പകർത്തി.  എടപ്പാൾ നാറാത്ത് മനയിലായിരുന്നു ഷൂട്ടിങ്. മൂന്നുദിവസം നിശ്‌ചയിച്ച ഷൂട്ട്‌ 28 ദിവസം നീണ്ടു. ഓരോ ഷോട്ടു പിന്നിടുമ്പോഴും ജയരാജും സഹപ്രവർത്തകരും സന്തോഷത്തിലായിരുന്നു. കൈതപ്രവും ദേവകിയും കൂടെയുള്ളതിനാൽ പ്രയാസമുണ്ടായില്ല.

അവസാനഭാഗത്തിന്റെ ചിത്രീകരണം തൃശൂർ ബ്രഹ്മസ്വം മഠത്തിൽ. സ്വാമിയാരുടെ അടുത്തെത്തി ആചാര്യനെ കാണുന്ന സന്ദർഭം. ചിത്രത്തിലെ പ്രധാന ഷോട്ടുകളിലൊന്ന്. പാച്ചുവിനെ സന്ന്യാസത്തിന് വിടണമെന്ന് കൽപ്പിക്കുന്ന ഭാഗം. വൈകാരികതയുടെ വേലിയേറ്റം. അനായാസം അഭിനയിച്ചു. ഷോട്ട് പൂർത്തിയായപ്പോൾ കൈയുയർത്തി ജയരാജ് ആഹ്ലാദം പ്രകടമാക്കി. മഠത്തിൽനിന്ന് വീട്ടിലേക്കുവന്ന പാച്ചുവിനെ അച്ഛനും അമ്മയും തിരസ്‌കരിച്ചു. "മുത്തശ്ശനും എന്നെ വേണ്ടേ' എന്നു പാച്ചു ചോദിക്കുമ്പോൾ ഞെട്ടിവിറച്ച്, കണ്ണുനിറഞ്ഞ്, തളർന്നു താഴെവീഴുന്ന രംഗം.

"ദേശാടനം' കണ്ടവർ "പഥേർ പാഞ്ചാലി'യിൽ ദുർഗയുടെ മുത്തശ്ശിയെ അവതരിപ്പിച്ച ചുനി ബാലദേവിയുടെ അഭിനയമികവിനോളമെന്ന് വാഴ്‌ത്തി. ബംഗാളിലെ അറിയപ്പെടുന്ന നാടകനടിയായിരുന്നു ചുനിബാലദേവിയെങ്കിൽ ഒരിക്കലും അഭിനയിക്കാത്ത നടനായിരുന്നു  ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരി.

പുല്ലേരി വാധ്യാരില്ലത്തെ നാരായണ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി 1923ലാണ് ജനനം. ചെറുപ്പത്തിൽ ബോഡി ബിൽഡിങ്ങിലും വോളിബോളിലുമായിരുന്നു കമ്പം.  ഹിന്ദി പാട്ടുകളോട് വല്ലാത്ത പ്രിയം.  സ്‌കൂളിൽ ഉഴപ്പനായതിനാൽ പല ക്ലാസിലും ഒന്നിലധികം വർഷങ്ങൾ. തറവാട്ടുവക ക്ഷേത്രത്തിലെ ശാന്തിയും കൃഷിയുമായി ഉപജീവനം.

സിനിമയും സാമൂഹ്യജീവിതവും മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ കമൽഹാസൻ വരെയുള്ള വിപുലമായ സൗഹൃദനിരയെ  നൽകിയിട്ടുണ്ട്‌.  സിനിമ നൽകിയ പ്രശസ്‌തിയേക്കാൾ വിലമതിക്കുന്നതും ആ സൗഹൃദത്തെ തന്നെ. കൊച്ചുമകൾ ആതിരയുടെ മകളായ നിഹാരയ്‌ക്കൊപ്പമാണ്‌ 97ാം പിറന്നാൾ ആഘോഷിച്ചത്‌. നിഹാരയുടെയുടെ രണ്ടാം പിറന്നാളും മുതുമുത്തച്‌ഛന്റെ പിറന്നാളും തുലാമാസത്തിലെ തിരുവോണനാളിൽ‌. ഭാര്യ  ലീലാ അന്തർജനം പത്തുവർഷം മുമ്പ്‌‌ മരിച്ചു. കൈതപ്രത്തിന്റെ ഭാര്യ ദേവകി, കൊല്ലം കെഎംഎംഎൽ മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ പുരുഷോത്തമന്റെ ഭാര്യ യമുന, കർണാടക ബാങ്ക്‌ ചീഫ്‌ മാനേജരായി വിരമിച്ച ഭവദാസൻ, ഹൈക്കോടതി ജഡ്‌ജ്‌ കുഞ്ഞികൃഷ്‌ണൻ നമ്പൂതിരി എന്നിവരാണ്‌ മക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top